കവിത സലീന സമദ് “പുഴയൊരു സംഗീതമായ്”

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Friday, December 28, 2018

എനിക്കൊരു പുഴയായ് മാറണം
നീയെന്ന ഊഴിയിലൊഴുകുവാൻ
നിന്റെ സിരകളിൽ നുരയുന്ന ജീവനായ്
നിലക്കാത്ത സൗരഭ്യത്തിനുടമയാകണം..

എനിക്കും നിനക്കുമിടയിൽ പെയ്യുന്ന മഴയുടെ
സംഗീതത്തിൽ പ്രണയകാവ്യമൊരുക്കണം
നിന്നുയിരിൽ ഒഴുകും നീർതുള്ളികളാൽ
ആമ്പൽ പൂക്കളിൽ ചിത്രം വരയ്ക്കണം..

പ്രണയനിലാവുദിക്കും യാമങ്ങളിൽ
ഉയർന്നു പൊങ്ങീടും സ്നേഹത്തിരപോലെ
തഴുകി തലോടി കരയെ പുല്കി
വെൺനുരയായി തീരത്തടിയണം..

കൊഞ്ചുന്ന കാറ്റിന്റെ കുളിരുന്ന പാട്ടിൽ
ആടിയുലഞ്ഞകലേക്കൊഴുകുമ്പോൾ
ഹൃദയംനുറുങ്ങും വേദനയായി നീ
സ്നേഹചുംബനങ്ങളാൽ മൂടുകില്ലേ??

നിന്റെ നിഴലിലലിയാൻ മോഹിച്ചെന്നുടൽ
വറ്റി വരണ്ടിന്നു മെലിഞ്ഞു പോയി!!!
നിറയുന്ന സ്വരങ്ങളിൽ സ്വപ്‌നങ്ങൾ തീർത്ത്,
ഇനിയുള്ള ജന്മങ്ങളിൽ നമ്മുക്കൊന്നായ് തീരണം.

×