Advertisment

കർക്കിടകത്തെ കറുപ്പിച്ചു പെയ്യുമീ- കവിത "ദുരിതമാരി" മഞ്ജുള ശിവദാസ്‌.

author-image
admin
New Update

publive-image

Advertisment

കണ്ണുനീരുപ്പും കലർത്തിയീ മഴ-

പെയ്തു പെയ്തു നിറയുന്നു.

കർക്കിടകത്തെ കറുപ്പിച്ചു പെയ്യുമീ-

മാരിയിൽ കെടുതി പൂക്കുന്നു..

സകലതും തട്ടിപ്പറിച്ചുകൊണ്ടൊഴുകുന്ന-

കാഴ്ചയിൽ മരവിച്ചുനിൽക്കും മനുഷ്യർ.

സ്വരുക്കൂട്ടിവച്ച സ്വപ്നങ്ങളല്ലേ-

മഴയത്തൊലിച്ചുപോകുന്നൂ...

ഒന്നു തലചായ്ക്കാനിടത്തിനായി-

ട്ടൊന്നുതൊട്ടിനിയും തുടങ്ങിടേണം,

തൽക്ഷണം സ്വയമൊന്നു ചാരമായെങ്കി-

ലെന്നാശിച്ചിടുന്ന നിമിഷങ്ങൾ...

ഉദരത്തിലുണ്ണിയെപ്പേറുന്ന കുടിലിലേ -

മാതൃത്വമിന്നു മഴയെ ശപിക്കുന്നു.

വ്യാധികൾ മുളപൊട്ടിടുന്ന മാലിന്യത്തിൽ-

ശൈശവം നിലവിളിക്കുന്നു..

ഭാസുരതയൊരു കനവിനകലത്തുപോലു -

മില്ലാശങ്കയാൽ വെന്തിരിക്കുന്നു ചിന്തകൾ.

നഷ്ടങ്ങൾ തൻ ചുമടുതാങ്ങികൾക്കെന്നുമീ-

മഴയോർമ്മകൾ കൈപ്പുതന്നെ...

കനവിലും നിനവിലും കനൽകോരി-

യിട്ടൊരീ പേമാരി പെയ്തു തോരുന്നൂ,

തോരാത്ത ദുരിതമഴ ബാക്കിയാക്കിക്കൊണ്ടു-

കാർമേഘക്കലി പെയ്തൊഴിഞ്ഞൂ....

Advertisment