കവിത “കര്‍മ്മനിരതം” മഞ്ജുള ശിവദാസ്‌

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Saturday, July 21, 2018

പരനിലെപ്പതിരുകൾ തിരയാതെ തൻ-
ചുറ്റും സുഗന്ധം പരത്തിനിൽക്കും,
മുറ്റത്തെ മുല്ലച്ചെടിക്കു തെല്ലും-
നീരസമില്ല പരാതിയില്ല ….

വേണ്ടത്ര പരിചരിച്ചില്ലെന്നതോന്നലാൽ-
വേണ്ടാത്തതൊന്നും പുലമ്പിയില്ല.
പരിഗണിക്കാത്തതിൽ കലഹിച്ചില്ല,
ഒരുനാളും പൂക്കാതിരുന്നുമില്ലാ.

പരിഭവഭാണ്ഡത്തിൻ നാറുന്ന കെട്ടഴി-
ച്ചെവിടെയും വാരിപ്പരത്തിയില്ലാ..
പരിമളമേകുന്ന കുഞ്ഞു പുഷ്പങ്ങൾക്കു-
പകയൂട്ടിപ്പരിഭവം തീർത്തുമില്ലാ..

ജന്മപുണ്ണ്യത്തിന്‍റെ പങ്കുദാനംചെയ്തു-
കർമ്മകാണ്ഡം തീർത്തിറങ്ങിടുമ്പോൾ-
തെറ്റേൽക്കുവാൻ മറ്റു ചുമലു തേടുന്നവർ-
ക്കെന്തൊക്കെയോ ബാക്കിവച്ചിടുന്നു..

×