Advertisment

"ഊതെടാ... വണ്ടിയിൽ കേറടാ ....." പോലീസേ ഇനിവേണ്ട ഈ അപമാനിക്കൽ ! മദ്യപാനികളെ ഊതിച്ചു കേസെടുക്കാനാകില്ലെന്ന് വീണ്ടും ഹൈക്കോടതി ഉത്തരവ്. കോടതി ഇടപെടല്‍ മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം : വഴിപോക്കരെയും ,യാത്രക്കാരെയും തടഞ്ഞുനിർത്തി ഊതിച്ചശേഷം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പെറ്റിക്കേസ് ചുമത്തുന്ന പോലീസിന്റെ സ്ഥിരം കലാപരിപാടി നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വീണ്ടും വിധിച്ചു.

മദ്യപരെ അറസ്റ്റു ചെയ്യുമ്പോൾ അവരെ ആശുപത്രിയിൽ ഹാജരാക്കി ശാസ്ത്രീയമായ രക്തപരിശോധന നടത്തി രക്തത്തിലെ ആൽക്കഹോളിന്റെ അളവ് ബോദ്ധ്യമായശേഷമേ FIR രെജിസ്റ്റർ ചെയ്യാൻ പാടുള്ളു എന്ന് വൈക്കം സ്വദേശി വി.മുകേഷ് സമർപ്പിച്ച പരാതിയിൽ ഹൈക്കോടതി (2018-3 -KLT 386) ജസ്റ്റിസ് പി.ഉബൈദ് 2018 ൽ ഉത്തരവിട്ടിട്ടുള്ളതാണ്.

ഇപ്പോൾ സത്യം ഓൺലൈൻ അസി. എഡിറ്ററും എഴുത്തുകാരനുമായ  പ്രകാശ് നായർ മേലില യെയും മറ്റു രണ്ടു സുഹൃത്തുക്കളെയും പൊതുസ്ഥലത്തു മദ്യപിച്ചു എന്നപേരിൽ ഫെബ്രുവരി 24 ന് കൊല്ലം ജില്ലയിലെ കുന്നിക്കോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ടി ജി ഗോപകുമാർ എടുത്ത എഫ് ഐ ആര്‍ റദ്ദുചെയ്തുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ് ഇക്കഴിഞ്ഞ 12നു  പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പോലീസിന്റെ നിയമവിരുദ്ധ നടപടികളെ വീണ്ടും ശക്തമായി വിമർശിച്ചിരിക്കുന്നത്.

publive-image

ഇൻസ്പെക്ടർ ടി ജി ഗോപകുമാർ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാജമായി ചമച്ചതായിരുന്നു ആ കേസ്. അന്ന് ഇതേപ്പറ്റി സത്യം ഓൺലൈൻ വിശദമായ വാർത്ത നൽകിയിരുന്നതാണ്.

2018 ൽ വി. മുകേഷ് സമർപ്പിച്ച കേസിലെ ജസ്റ്റിസ് ഉബൈദിന്റെ വിധിന്യായം ഉദ്ധരിച്ച ജസ്റ്റിസ്  മേരി ജോസഫ് പോലീസ് നടത്തുന്ന ഊതൽ പരിപാടിയെ വിധിന്യായത്തിൽ നിശിതമായി വിമർശിച്ചിട്ടുണ്ട്.

ചില മരുന്നുകൾക്കും മദ്യത്തിന്റെ ഗന്ധമുണ്ടെന്നും ഊതിയാൽ അതെങ്ങനെ തെളിയുമെന്നുമാണ് കോടതി ചോദിച്ചിരിക്കുന്നത്. മണം പിടിച്ചല്ല രക്തത്തിലെ ആൽക്കഹോളിന്റെ അളവു കണക്കാക്കിയാണ് കേസെടുക്കേണ്ടതെന്നും അതിനു ശാസ്ത്രീയപരിശോധന ആവശ്യമാണെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

ആൽക്കോമീറ്ററുകളിലെ റീഡിംഗുകൾ പലപ്പോഴും തെറ്റായി വരുന്നതും കോടതി ചൂണ്ടിക്കാട്ടി. രക്തം , മൂത്രം എന്നിവയുടെ പരിശോധനയിലൂടെയാണ് ഒരു മദ്യപാനിയുടെ ശരീരത്തിലെ ആൽക്കഹോളിന്റെ അളവ് കണ്ടെത്തേണ്ടതെന്നും കോടതി വിധിന്യായത്തിൽ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിരിക്കുന്നു.

ഈ വിധിയുടെ പശ്ചാത്തലത്തിൽ വ്യാജക്കേസ് കെട്ടിച്ചമച്ച പ്രസ്തുത പോലീസ് ഇൻസ്പെകടർക്കെതിരെ വകുപ്പുതല നിയമനടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി, ഡിജിപി ഉൾപ്പെടെ പോലീസ് കംപ്ലയിന്റ് അതോറിറ്റിയേയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ് പ്രകാശ് നായർ മേലിലയും സുഹൃത്തുക്കളും.

റൂറൽ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന സ്ഥിരം കലാപരിപാടിയാണ് വൈകിട്ട് നാല് മണിക്കുശേഷമുള്ള പോലീസ് പെട്രോളിംഗ്. പോലീസുകാർക്ക് ഇത് വലിയ ത്രില്ലാണ്‌. വഴിയാത്രക്കാരെയും ബസ് കയറാൻ നിൽക്കുന്നവരെയും പച്ചക്കറി വാങ്ങാൻ പോകുന്നവരെയുമൊക്കെ പിടിച്ചുനിർത്തി ഊതിച്ചു മണം പിടിച്ചു വണ്ടിയിൽക്കയറ്റി സ്റ്റേഷനിൽക്കൊണ്ടുപോയി പെറ്റിയടിക്കുക സ്ഥിരം പരിപാടിയാണ്.

publive-image

അധികം സംസാരിക്കുന്നവരെയും എതിർക്കുന്നവരെയും ഇവർ ആശുപത്രിയിൽക്കൊണ്ടുപോയി മെഡിക്കൽ പരിശോധന നടത്തും. ഇതൊരു സ്ഥിരംഏർപ്പാടായതിനാൽ ഡോക്ടർമാർ റെഡിമേഡ് റിപ്പോർട്ടും നൽകും.

മാനഭയവും, നാണക്കേടുമോർത്ത് പലരും കോടതിയെ സമീപിക്കാറില്ല. പെറ്റിത്തുകയായ 2000 രൂപയും 500 രൂപാ ഫീസും ഏതെങ്കിലും വക്കീലിനെ ഏൽപ്പിച്ചു തടിയൂരുകയാണ് ചെയ്യുന്നത്. കാരണം ഇതുമായി കോടതിയിൽപ്പോയാൽ , സമയനഷ്ടവും , കോടതിച്ചെലവും പ്രത്യേകിച്ച് ഹൈക്കോടതിവരെ പോകാനും കേസ് നടത്താനുമുള്ള ചെലവും ഒക്കെയാണ് തടസ്സമായി വരുന്നത്.

സാധാരണക്കാരുടെ ഈ നിവർത്തികേടാണ് പോലീസ് അതിസമർത്ഥമായി മുതലെടുക്കുന്നത്. ഖജനാവ് നിറയുന്നതിനാൽ ജനപ്രതിനിധികളും ഭരണവർഗ്ഗവും ഈ നിയമലംഘനത്തിനു കൂട്ടുനിൽക്കുകയാണ്.

ഏതുഭരണം വന്നാലും ഇത് മാറുന്നില്ല എന്നതാണ് അതീവ ഖേദകരം. പോലീസ് പിടിക്കുന്ന പെറ്റിക്കേസുകളിൽ 70% വും അനധികൃതമാണെന്ന് ഇന്റലിജൻസ് മേധാവി 2017 ഏപ്രിലിൽ ജില്ലാ പോലീസ് മേധാവികൾക്കയച്ച രഹസ്യ സർക്കുലറിൽ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്.

മദ്യപിച്ചവരെ പിടികൂടിയാൽ അവരോട് മാന്യമായി പെരുമാറണമെന്നും അവരെ സ്റേഷനിൽകൊണ്ടു പോകാതെ നേരെ ഹോസ്പ്പിറ്റലിൽ കൊണ്ടുപോയി രക്തപരിശോധനനടത്തി അളവിൽക്കൂടുതൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയാൽ മാത്രമേ സ്റേഷനിൽകൊണ്ടുപോയി കേസെടുക്കാൻ പാടുള്ളൂവെന്നും നിയമമുണ്ട്.

കേസെടുത്തശേഷം ഒരു മണിക്കൂറിനകം അവരെ ആൾജാമ്യത്തിൽ വിട്ടയക്കേണ്ടതുമാണ്. മാത്രവുമല്ല അറസ്റ്റ് ചെയ്തവരോട് മാന്യമായി മാത്രമേ പെരുമാറാൻ പാടുള്ളൂവെന്നും നിയമം അനുശാസിക്കുന്നു. ഇവിടെ നിയമം പാലിക്കേണ്ട പോലീസ് തന്നെ നിയമം ലംഘിക്കുകയാണ്.

ദൗർഭാഗ്യകരമെന്ന് പറയട്ടെ ; കോടതിവിധിയും നിയമവുമൊക്കെ കാറ്റിൽപ്പറത്തി പോലീസ് പെറ്റിക്കേസ് പിടിത്തം എന്ന ജനദ്രോഹ പരിപാടി ഇപ്പോഴും വ്യാപകമായി നടത്തുകയാണ്.

kerala police
Advertisment