Advertisment

ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബി കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞ് തള്ളുമെന്നും മുദ്രാവാക്യം മുഴക്കി ഡിവൈഎഫ്‌ഐ; കേസെടുത്ത് പൊലീസ്‌

New Update

publive-image

Advertisment

മലപ്പുറം: കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുസ്ലീം ലീഗിന്റെ പരാതിയിൽ എടക്കര പൊലീസാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. മലപ്പുറം മൂത്തേടത്താണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൊലവിളികളുമായി പ്രകടനം നടത്തിയത്.

കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കലഞ്ഞിട്ടില്ലെന്നും അരിഞ്ഞ്‌ തള്ളുമെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിളിച്ച് പറയുന്നുണ്ട്.

പ്രദേശത്ത് കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിൽ നേരത്തെ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്‍തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മൂത്തേടത്ത് വ്യാഴാഴ്ച്ച ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ ഭീഷണി മുദ്രാവാക്യം വിളിച്ചത്.

അതേ സമയം കൊലവിളി പ്രകടനത്തെ തള്ളി ജില്ലാനേതൃത്വം രംഗത്തെത്തി. മുദ്രാവാക്യം പാർട്ടിയുടെ പൊതുനിലപാടിന് യോജിച്ചതല്ല. പ്രകടനത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉണ്ടോയെന്ന് പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ജില്ലാനേതൃത്വം അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാസ്ക്ക് ധരിച്ച് വിളിച്ച മുദ്രാവാക്യം എഡിറ്റ് ചെയ്ത് തെറ്റായി കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് സിപിഎം മൂത്തേടം ലോക്കൽ സെക്രട്ടറി ഷാനവാസ് പറഞ്ഞു.

Advertisment