Advertisment

14 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട പഴ്‌സ് ഉടമയ്ക്ക് തിരിച്ചുകിട്ടി; പഴ്‌സിലുണ്ടായിരുന്നതില്‍ അസാധു നോട്ടും !

New Update

publive-image

Advertisment

മുംബൈ: 2006ല്‍ ട്രെയിനില്‍ വച്ച് നഷ്ടപ്പെട്ട പഴ്‌സ് ഉടമയ്ക്ക് തിരിച്ചുകിട്ടി. പന്‍വേല്‍ സ്വദേശിയായ ഹേമന്ദ് പദാല്‍ക്കര്‍ക്കാണ് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്-പന്‍വേല്‍ ലോക്കല്‍ ട്രെയിനില്‍ വച്ച് 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട പഴ്‌സ് തിരിച്ചുകിട്ടിയത്.

പഴ്‌സ് നഷ്ടപ്പെട്ടപ്പോള്‍ അതില്‍ 900 രൂപയുണ്ടായിരുന്നെങ്കിലും തിരിച്ചുകിട്ടിയപ്പോള്‍ 300 രൂപ മാത്രമാണ് ഹേമന്ദിന് ലഭിച്ചത്. 2006ല്‍ പഴ്‌സ് നഷ്ടപ്പെട്ടപ്പോള്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് അതിനെക്കുറിച്ച് കാര്യമായ വിവരമൊന്നും ഇല്ലായിരുന്നു.

പഴ്‌സ് തിരിച്ചുകിട്ടില്ലെന്ന് കരുതി ഹേമന്ദ് അക്കാര്യം മറക്കുകയും ചെയ്തു. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഏപ്രിലില്‍ പൊലീസില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ഹേമന്ദിന് വന്നു. ഒരു പോക്കറ്റടിക്കാരനില്‍ നിന്ന് ഹേമന്ദിന്റെ പഴ്‌സ് ലഭിച്ചതായി പൊലീസ് അറിയിച്ചു.

എന്നാല്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ഹേമന്ദിന് സ്‌റ്റേഷനില്‍ ചെല്ലാനായില്ല. പിന്നീട് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഹേമന്ദ് സ്‌റ്റേഷനിലെത്തി പഴ്‌സ് കൈപ്പറ്റി.

പഴ്‌സിലുണ്ടായിരുന്ന തുകയില്‍ 500 രൂപ 2016ല്‍ അസാധുവാക്കപ്പെട്ട നോട്ടായിരുന്നു. ബാക്കിയുള്ള 400 രൂപയില്‍ 100 രൂപ പഴ്‌സ് തിരിച്ചു കിട്ടുന്നതുമായി ബന്ധപ്പെട്ട് സ്റ്റാംപ് പേപ്പര്‍ വാങ്ങിയ ഇനത്തില്‍ പൊലീസ് കുറച്ചു. ചുരുക്കത്തില്‍ 300 രൂപ മാത്രമാണ് ഹേമന്ദിന് ലഭിച്ചത്. എങ്കിലും നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഇദ്ദേഹം.

Advertisment