Advertisment

രാഷ്ട്രീയ നീതിക്ക് വേണ്ടി സ്ത്രീകൾ 'വിമെൻ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്' രൂപീകരണ സമ്മേളനം നവംബര്‍ രണ്ടിന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

എറണാകുളം: ഭരണഘടന വഴി ജനങ്ങൾക്ക് ലഭ്യമായിരിക്കുന്ന 'രാഷ്ട്രീയ നീതി' രാഷ്ട്രീയ പ്രക്രിയയിൽ പങ്കെടുക്കുന്നതിന് എല്ലാ ജനങ്ങൾക്കും തുല്യവും സ്വതന്ത്രവും ന്യായവുമായ അവസരങ്ങൾ ഉറപ്പു നൽകുന്നു. എന്നാല്‍ സ്ത്രീകൾക്കിപ്പോഴും രാഷ്ട്രീയ നീതി അന്യമാണെന്ന് മാത്രമല്ല, ആ വിഷയത്തില്‍ ഗൌരവമായ ചർച്ചകള്‍ പോലും നടക്കുന്നില്ല.

Advertisment

രാഷ്ട്രത്തിന്റെ ഭരണത്തില്‍ തുല്യമായ പങ്കാളിത്തം നിഷേധിക്കപ്പെടുന്നു എന്നത് മാത്രമല്ല, രാഷ്ട്രനിർമ്മാണ പ്രക്രിയകളില്‍ പങ്കെടുക്കാനുള്ള അവകാശവും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുകയാണ്. ഭാഗ്യം കൊണ്ടോ, അബദ്ധത്തിലോ ചിലർക്ക് വല്ലപ്പോഴും വീണു കിട്ടുന്ന അവസരങ്ങളായി മാത്രം അവരുടെ സാന്നിധ്യം ഒതുക്കുന്നതില്‍, രാഷ്ട്രീയ നേതൃത്വങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടാണ്.

കേരളത്തിലെ ജനസംഖ്യയില്‍ 52% വരുന്ന സ്ത്രീകൾക്ക് കേരള നിയമസഭയില്‍ 5.7% ഉം (140 ല്‍ 8 ലോക്സഭയില്‍ 5% ഉം (20 ല്‍ 1) മാത്രമാണ് പ്രാതിനിധ്യം. എന്നാല്‍ 48% മാത്രമുള്ള പുരുഷന്മാർക്കു നിയമസഭയില്‍ 94.3% ഉം ലോക്സഭയില്‍ 95% ഉം പ്രാതിനിധ്യമുണ്ട്. ഈ അനീതിക്ക് കാരണങ്ങള്‍ നിരവധിയാണ്.

ഇന്ത്യയില്‍ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും, സാംസ്കാരിക, സാമൂഹ്യ കലാ, കായിക വ്യാപാര മേഖലകളിലും സ്ത്രീകളുടെ മതിയായ സാന്നിധ്യം ഇല്ലാത്തതിനാല്‍, ഒരിടത്തും സ്ത്രീകളുടെ കാര്യം പോലും പരിഗണനയില്‍ വരുന്നില്ല. സുരക്ഷിതമായി യാത്ര ചെയ്യാനോ, സൌഹൃദങ്ങള്‍ ഉണ്ടാക്കാനോ, സ്വതന്ത്രമായി ജീവിക്കാനോ, എന്തിനു മൌലീകമായി ചിന്തിക്കാനോ പോലും അവകാശമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴും സ്ത്രീകൾക്കുള്ളത്. സമൂഹത്തിന്റെ സദാചാര വിലക്കുകളും സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നു.

സ്ത്രീകളുടെ രാഷ്ട്രീയ നീതിക്കുവേണ്ടി നിലകൊള്ളാനും ശബ്ദിക്കാനും പ്രവർത്തിക്കാനും വേണ്ടി ഒരു പൊതുവേദി രൂപപ്പെടുത്തുകയാണ്. നവംബർ 2 ന് ശനിയാഴ്ച രാവിലെ 10 ന് എറണാകുളത്ത് തേവരയിലുള്ള എസ്.എച്ച് കോളേജിൽ പൊതുവേദിയുടെ രൂപീകരണസമ്മേളനം ചേരുന്നതായി സംഘാടകർ അറിയിച്ചു

Advertisment