Advertisment

ത്രിപുരയും പിടിച്ചടക്കി, അമിത് ഷായുടെ അടുത്ത ലക്‌ഷ്യം കേരളം. കോണ്‍ഗ്രസ് - സിപിഎം - സിപിഐ കക്ഷികളിലെ അസംതൃപ്തരുടെ ലിസ്റ്റ് എടുക്കാന്‍ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തി. ഇതര പാര്‍ട്ടികളില്‍ നിന്നും കൂട്ടത്തോടെ കൂറുമാറ്റം ഉറപ്പ്. വരും നാളുകളില്‍ കേരള രാഷ്ട്രീയം കീഴ്മേല്‍ മറിയും

New Update

ഡല്‍ഹി:  വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉദ്ദിഷ്ഠ വിജയം നേടിയ ബി ജെ പിയുടെയും അമിത് ഷായുടെയും അടുത്ത ലക്‌ഷ്യം കേരളം. ത്രിപുരയിലും നാഗാലാന്റിലും കോണ്‍ഗ്രസിനെ അപ്പടി ബി ജെ പിയായി പരിവര്‍ത്തനം ചെയ്ത അതേ തന്ത്രമാണ് അമിത് ഷാ കേരളത്തിലും പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്.

Advertisment

പക്ഷെ, നിലവിലുള്ള സൂചന പ്രകാരം കേരളത്തിലെ മുഖ്യ പാര്‍ട്ടികളെയൊക്കെ ലക്‌ഷ്യം വച്ചാണ് അമിത് ഷായുടെ കേരള പായ്ക്കേജ് ഒരുങ്ങുന്നതെന്നാണ് സൂചന.

ത്രിപുരയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ സി പി എമ്മിനെ കെട്ടുകെട്ടിച്ച ബി ജെ പി വ്യക്തമായ പായ്ക്കേജുമായാണ് കേരളത്തിലെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ഇടത് പാര്‍ട്ടികളില്‍ നിന്നും ഉള്‍പ്പെടെ ചില ഘടകകക്ഷികളെ അപ്പടി വിഴുങ്ങിക്കൊണ്ടുള്ള കേരള പായ്ക്കേജിനാണ് അമിത് ഷാ രൂപം നല്‍കിയിരിക്കുന്നത്.

publive-image

അടുത്ത തവണ കേരളത്തില്‍ മുഖ്യ പ്രതിപക്ഷമാകുന്നത് ലക്‌ഷ്യം വച്ചാണ് ബി ജെ പി നീക്കം. ഇതിനായി കോണ്‍ഗ്രസില്‍ നിന്നും സി പി എമ്മില്‍ നിന്നും കൂട്ടത്തോടെ ചില അടിയൊഴുക്കുകള്‍ ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്. അതിനു മുന്നോടിയായി കേരളാ കോണ്‍ഗ്രസ് - മാണി ഗ്രൂപ്പിനെ ഒപ്പം കൂട്ടാന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാനാണ് അമിത് ഷായുടെ പദ്ധതി.

നിലവില്‍ ഇടത് മുന്നണിയുമായി ധാരണയില്‍ എത്തി എന്ന് കരുതുന്ന മാണി ഗ്രൂപ്പിനെ കൂടെക്കൂട്ടാന്‍ അവര്‍ക്കായ് ബ്രിഹത് പായ്ക്കേജുകളാണ് അമിത് ഷാ ഓഫര്‍ ചെയ്യുന്നത്.

കോണ്‍ഗ്രസില്‍ നിന്നും പ്രബല നേതാക്കളെയു൦ ചില പ്രബല വിഭാഗങ്ങളെയും അടര്‍ത്തിയെടുക്കാനാണ് നീക്കം. കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് കൂട്ടത്തോടെയുള്ള കാലുമാറ്റത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. അതിനു പിന്നാലെയാണ് ചില ഇടത് പാര്‍ട്ടികളെയും ബി ജെ പി ലക്‌ഷ്യം വയ്ക്കുന്നതായ സൂചനകള്‍ പുറത്തുവരുന്നത്.

കോണ്‍ഗ്രസിലെയും സി പി എമ്മിലെയും സി പി ഐയിലെയും അസംതൃപ്തരായ നേതാക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ സ്വകാര്യ ഏജന്‍സിയെ തന്നെ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. നേതാക്കളുമായുള്ള ആശയ വിനിമയവും പ്രാഥമിക ഘട്ട ചര്‍ച്ചകളും ഈ ഏജന്‍സി നേരിട്ട് നടത്തും. ബി ജെ പിയുടെ സംസ്ഥാന ഘടകങ്ങളെ മുഖവിലയ്ക്കെടുക്കാതെയാണ് നീക്കം.

കോണ്‍ഗ്രസിന്റെ നേര്‍പകുതി വിഭജിച്ചെടുക്കുകയാണ് അമിത് ഷായുടെ ടാര്‍ജറ്റ്. ഇതെത്ര കണ്ട് വിജയം വരിക്കും എന്നത് കേരളത്തിലെ സാഹചര്യത്തില്‍ സംശയകരമാണ്. പക്ഷെ ആ ലക്ഷ്യത്തിലൂടെയല്ലാതെ കേരളത്തില്‍ ബി ജെ പിയെ ശക്തിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം, എല്‍ ഡി എഫിലെയും യു ഡി എഫിലെയും ചില ഘടകകക്ഷികളെ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളും സജീവമാണ്. കേരളത്തില്‍ ഇരു മുന്നണികളുടെയും രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാതല്‍ ബി ജെ പി വിരുദ്ധതയാണ്. ഇത് പിഴുതെറിയുകയാണ് ബി ജെ പിയുടെ ആദ്യ ലക്‌ഷ്യം.

സംസ്ഥാനത്തെ ചില തലമുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനായാല്‍ അത്തരം പ്രചരണങ്ങളുടെ നിറം കെടുത്താം എന്നാണ് അവര്‍ കരുതുന്നത്. അതിനാല്‍ ആ നിലയ്ക്കുള്ള ചില അട്ടിമറി നീക്കങ്ങള്‍ക്കോ രാഷ്ട്രീയത്തില്‍ വരുന്ന നാളുകളില്‍ പ്രതീക്ഷിക്കാവുന്നതാണ്.

ശ്രദ്ധേയരായ ചില നേതാക്കളെ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളും നീക്കങ്ങളും സജീവമായി. ഇതോടെ കേരള രാഷ്ട്രീയത്തില്‍ വരുന്ന നാളുകളില്‍ എന്തും സംഭവിക്കാം.

tripura election
Advertisment