മുഖകാന്തിക്കും മുടിയഴകിനും ഔഷധഗുണമുള്ള മാതള നാരങ്ങ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, October 26, 2018

ഔഷധസമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളനാരങ്ങ അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. ഏറെ പോഷക ഗുണങ്ങളുള്ള ഫലവര്‍ഗമായ മാതളനാരങ്ങ ചര്‍മ്മാരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയഴകിനും ഏറെ സഹായകരമാണ്. മാതളനാരങ്ങ മാത്രമല്ല മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്.

മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയും ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക.

തൊലി ഉണക്കി പൊടിച്ച്‌ തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം 2 ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടിയാല്‍ കറുത്തപ്പാടുകള്‍ മാറി കിട്ടും.

മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാനും സഹായിക്കുന്നു.

മാതളനാരങ്ങയുടെ ജ്യൂസ്

മാതളനാരങ്ങയുടെ ജ്യൂസ് കുടിക്കാൻ ഇനി മടിക്കേണ്ട. ഇത് ശരീരത്തിൻ്റെ ആകെയുള്ള ആരോഗ്യത്തിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഹൃദയത്തിൻ്റെ മസിലുകളിൽ വന്നെത്തുന്ന കൊഴുപ്പിനെ അകറ്റാൻ മാതളനാരങ്ങ സഹായിക്കും.ഹൃദയത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിക്കുമ്പോൾ കുറയും. ഇത് ധാരാളം ഹൃദയപ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

മാതളനാരങ്ങ ജ്യൂസിൽ പഞ്ചസാരയുടെ ആവശ്യമില്ല എന്നുള്ളതുകൊണ്ട് തന്നെ പ്രമേഹം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ മാതളനാരങ്ങ കൊണ്ടുള്ള ജ്യൂസ് മാത്രം മതി. മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.

×