Advertisment

ഇത്തവണയും പിസി ജോര്‍ജ് കേന്ദ്ര കഥാപാത്രമായി പൂഞ്ഞാറില്‍ മത്സരചിത്രം തെളിയുന്നു. ജോര്‍ജിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബിജെപിയില്‍ കടുത്ത ഭിന്നത. യുഡിഎഫില്‍ ടോമി കല്ലാനിക്ക് സാധ്യത. ജോസഫിനാണ് സീറ്റെങ്കില്‍ മഞ്ഞക്കടമ്പന് നറുക്ക് വീഴും. എല്‍ഡിഎഫില്‍ എംകെ തോമസുകുട്ടിയും സെബാസ്റ്റ്യന്‍ കുളത്തുങ്കലും പരിഗണനയില്‍ !

New Update

publive-image

Advertisment

കോട്ടയം: പിസി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശന സാധ്യതകൂടി മങ്ങിയതോടെ പൂഞ്ഞാറിലെ മത്സരചിത്രം വ്യക്തമാകുകയാണ്. ജോര്‍ജ് എന്‍ഡിഎയുടെ ഭാഗമായില്ലെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അതേ സാഹചര്യം തന്നെയാകും ഇത്തവണയും പൂഞ്ഞാറില്‍. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളും എസ്‌ഡിപിഐ പിന്തുണയോടെ സ്വതന്ത്രനായി പിസി ജോര്‍ജും എന്നതായിരുന്നു അന്നത്തെ മത്സരം. അന്ന് ഇരുപത്തിയേഴായിരത്തിലധികം ഭൂരിപക്ഷത്തോടെ സ്വതന്ത്രനായ പിസി ജോര്‍ജ് അനായാസ വിജയം നേടി.

ഇത്തവണയും പിസി ജോര്‍ജ് മത്സരിക്കാനുണ്ടെന്ന് ഉറപ്പായി. അത് സ്വതന്ത്രനായാണോ, അതോ എന്‍ഡിഎ പിന്തുണയോടുകൂടിയാണോ എന്നു മാത്രമേ അറിയേണ്ടതുള്ളു.

ജോര്‍ജിനെ പിന്തുണയ്ക്കുന്നതിലും മുന്നണിയിലെടുക്കുന്നതിലും ബിജെപിയില്‍ ശക്തമായ ഭിന്നാഭിപ്രായങ്ങളുണ്ട്. ഒരിക്കല്‍ മുന്നണിയുടെ ഭാഗമായ ശേഷം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് ജോര്‍ജ് മുന്നണിയെ കുറ്റം പറഞ്ഞ് പുറത്തുപോയത്. ഇനിയും അതുണ്ടാകില്ലെന്ന് ബിജെപിക്ക് ഉറപ്പില്ല. ഒരിക്കല്‍ പുറത്തുപോയി ഒടുവില്‍ ആര്‍ക്കും വേണ്ടാതായപ്പോള്‍ മടങ്ങിവരുന്ന ധൂര്‍ത്ത പുത്രനായിപോലും ജോര്‍ജിനെ കാണാന്‍ നേതാക്കള്‍ ഒരുക്കമല്ല.

എന്നു കരുതി ആര്‍ക്കും വേണ്ടി കാത്തിരിക്കാന്‍ ജോര്‍ജ് ഒരുക്കമല്ല. ജോര്‍ജിന്‍റെ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. ചുവരെഴുത്തുകള്‍ തകൃതി. ജനപക്ഷം പാര്‍ട്ടി തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

യുഡിഎഫില്‍ പൂഞ്ഞാര്‍ സീറ്റിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം  തുടരുകയാണ്. പൂഞ്ഞാര്‍ തങ്ങള്‍ക്കുവേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ജോസഫ് വിഭാഗമാണ് പൂഞ്ഞാറിനായി കരുക്കള്‍ നീക്കുന്നത്. അതംഗീകരിക്കുമോ എന്ന് ഇന്നറിയാം. കോണ്‍ഗ്രസിനാണ് സീറ്റെങ്കില്‍ മുന്‍ ഡിസിസി പ്രസിഡന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ടോമി കല്ലാനിയായിരിക്കും സ്ഥാനാര്‍ഥിയെന്ന് ഉറപ്പാണ്. ജോസഫ് വിഭാഗത്തിന് പൂഞ്ഞാര്‍ ലഭിക്കുകയാണെങ്കില്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍ സ്ഥാനാര്‍ഥിയാകും. പക്ഷേ കോണ്‍ഗ്രസിനാണ് സീറ്റെന്നത് ഏതാണ്ടുറപ്പാണ്.

ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് - എമ്മിന് പൂഞ്ഞാര്‍ ഉറപ്പായിട്ടുണ്ട്. സിപിഎം ഈ സീറ്റ് ഏറ്റെടുത്തേക്കുമെന്ന തരത്തിലുണ്ടായ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേരള കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാവ് എംകെ തോമസുകുട്ടി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന.

ഇതില്‍ പിസി ജോര്‍ജിന്‍റെ തട്ടകമായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍, തീക്കോയി മേഘലകളില്‍നിന്ന് വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന് കരുതുന്ന ഈരാറ്റുപേട്ടക്കാരനായ എംകെ തോമസുകുട്ടിക്കാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. പിസി ജോര്‍ജും തോമസുകുട്ടിയും അരുവിത്തുറ പള്ളി ഇടവകക്കാരാണ്. നാട്ടുകാരനെന്ന നിലയിലും വ്യാപാരി എന്ന നിലയിലും ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിനിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതും തോമസുകുട്ടിക്കനുകൂലമാണ്. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്‍റുകൂടിയായ തോമസുകുട്ടിക്ക് രാഷ്ട്രീയത്തിനതീതമായി വ്യാപാരി സമൂഹത്തിന്‍റെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റായ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും പൂഞ്ഞാറിലേയ്ക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. മണ്ഡലത്തിനു പുറത്തുനിന്നുള്ളയാളെന്നതാണ് സെബാസ്റ്റ്യന്‍റെ പ്രതികൂല ഘടകം. ഈരാറ്റുപേട്ട ഭാഗത്തിന്‍റെ പ്രത്യേകത നാട്ടുകാരനല്ലാത്തയാളെ പിന്തുണക്കില്ലെന്നതാണ്. മുന്‍പ് ഏറെ അനുകൂല ഘടകങ്ങളുണ്ടായിരുന്നിട്ടും പാലായില്‍ നിന്നെത്തിയ ടിവി എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവിടെ പരാജയം ഏല്‍ക്കേണ്ടിവന്നതിന്‍റെ കാരണം ഇതായിരുന്നു.

എങ്കിലും കാഞ്ഞിരപ്പള്ളിയില്‍ മൂന്നു തവണ ജില്ലാ പഞ്ചായത്തംഗവും ഒരു വര്‍ഷം പ്രസിഡന്‍റുമായിരുന്ന സെബാസ്റ്റ്യന് മണ്ഡലത്തിന്‍റെ പാറത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം ഭാഗങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയും. എന്തായാലും ഇടതു മുന്നണിയിലെ സീറ്റു വിഭജനം പൂര്‍ത്തിയാക്കിയ ശേഷമേ പൂഞ്ഞാറിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാകൂ.

 

pc george kottayam news
Advertisment