Advertisment

പൂഞ്ഞാറിലെ രാഷ്ട്രീയ പരീക്ഷണം വിജയിക്കുമോയെന്ന് ഉറ്റുനോക്കി പിസി ജോര്‍ജ് ! മുന്നണികളില്ലാതെ മത്സരിക്കുന്ന ജോര്‍ജ് ഇക്കുറി ജില്ലാ പഞ്ചായത്തിലേക്ക് കളത്തിലിറക്കിയത് സ്വന്തം മകനെ തന്നെ. ഷോണ്‍ ജോര്‍ജ് വിജയിച്ചാല്‍ ജോര്‍ജിന്റെ വിലപേശല്‍ ശക്തി ഉയരും ! മറിച്ചായാല്‍ ക്ഷീണം പിസിക്ക് തന്നെ. ജോര്‍ജിന്റെ വിജയതന്ത്രത്തിന് തടയിടാന്‍  മാണി വിഭാഗത്തിന് വളക്കൂറുള്ള മണ്ണില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജു ഇളംത്തുരുത്തിയില്‍. സൗമ്യ മുഖവുമായി പൂഞ്ഞാറില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി ജോസ് വലിയവീട്ടില്‍

New Update

publive-image

Advertisment

കോട്ടയം: ഇക്കുറി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടങ്ങളിലൊന്ന് അരങ്ങേറുന്നത് കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷനിലാണ്. ശക്തമായ ത്രികോണ മത്സരമാണ് പൂഞ്ഞാറില്‍ നടക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായി ഇക്കുറിയും മുന്നണി രാഷ്ട്രീയത്തിനപ്പുറം പുതിയ ബലപരീക്ഷണത്തിന് പിസി ജോര്‍ജ് എംഎല്‍എ തയ്യാറെടുത്തതാണ് പൂഞ്ഞാറിലെ പോരാട്ടത്തിന് കൂടുതല്‍ ചൂട് പകര്‍ന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വലതു ബിജെപി മുന്നണികളെ പരാജയപ്പെടുത്തി പിസി ജോര്‍ജ് മികച്ച വിജയം നേടിയിരുന്നു. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെുപ്പില്‍  യുഡിഎഫിനോട് സഹകരിക്കാന്‍ പിസി ജോര്‍ജ് പല ശ്രമങ്ങളും നടത്തിയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പു വ്യത്യാസമില്ലാതെ ഇതു എതിര്‍ത്തതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ ജോര്‍ജ് തീരുമാനിച്ചത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ ഇറക്കിയാണ് ജോര്‍ജിന്റെ പോരാട്ടം.

ഷോണ്‍ ജോര്‍ജ് വിജയിക്കുകയോ, രണ്ടാം സ്ഥാനത്തു എത്തുകയോ ചെയ്താന്‍ അതുവഴി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി പ്രവേശനവും പിസി ജോര്‍ജ് പ്രതീക്ഷിക്കുന്നു. അത് ഇടത്തോട്ടായാലും വലത്തേയ്ക്ക് ആയാലും ജോര്‍ജിനു കുഴപ്പമില്ല.

കോട്ടയം ജില്ലയില്‍ ഇക്കുറി ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ആളാണ് ഷോണ്‍ ജോര്‍ജ്. തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കിലും എല്ലാവര്‍ക്കും സുപരിചിതനാണ് ഷോണ്‍. ജനപക്ഷത്തിന് മോശമല്ലാത്ത വേരൊട്ടമുള്ള സ്ഥലമാണ് പൂഞ്ഞാര്‍.

ഇതിനു പുറമെ പിസി ജോര്‍ജിനുള്ള ബന്ധങ്ങളും ഷോണ്‍ ജോര്‍ജിന് വോട്ടാകുമെന്നു ഇവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ പിസി ജോര്‍ജിന് പണ്ടുണ്ടായിരുന്ന ഇമേജ് ഇപ്പോഴില്ല എന്നാണ് നാട്ടിലെ പൊതുവര്‍ത്തമാനം. ഒരു നയവും അന്തസുമില്ലാതെ മുന്നണികള്‍ മാറി മാറി പരീക്ഷിക്കുന്നതും ജോര്‍ജിന്റെ തെറിവിളി രാഷ്ട്രീയം ദഹിക്കാത്ത വോട്ടര്‍മാരും മണ്ഡലത്തിലുണ്ടെന്നാണ് യാഥാര്‍ത്ഥ്യം.

എംഎല്‍എ ആണുപോലും .. എംഎല്‍എ .. !

ഒരു വിവാഹത്തിന് പോലും എം എല്‍ എയെ ക്ഷണിക്കാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യം മേഖലയില്‍ ഉണ്ട് . കാരണം ചടങ്ങിന് എം എല്‍ എ വരുമ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത ആരെയെങ്കിലും അവിടെ കണ്ടാല്‍ പരസ്യമായി അവരെ ആക്ഷേപിച്ചു സംസാരിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ട്.

അത് എംഎല്‍എയെപ്പോലെ അവരെയും ക്ഷണിച്ചു വരുത്തിയവര്‍ക്കു മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ എം എല്‍ എ പങ്കെടുത്ത പല പൊതു പരിപാടികളിലും ചടങ്ങില്‍ സംബന്ധിച്ച വിശിഷ്ടാധിഥികളെ അദ്ദേഹം ആക്ഷേപിക്കുകയും അതിനെതിരെ സംഘാടകര്‍ പ്രതികരിക്കുകയും ഒടുവില്‍ സ്റ്റേജില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. വന്‍ ഭൂരിപക്ഷത്തില്‍ ജനം തെരെഞ്ഞെടുത്ത എംഎല്‍എയുടെ ഭാഗത്തുനിന്നുമാണ് ഇത്തരം അനുഭവങ്ങള്‍ എന്നതാണ് അതിശയകരം.

അനുഭവ സമ്പത്തുമായി വിജെ ജോസ് വലിയവീട്ടില്‍

കാലങ്ങള്‍ക്ക് ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പൂഞ്ഞാര്‍ ഡിവിഷനില്‍ മത്സരിക്കുന്നതെന്ന പ്രത്യേകത ഇക്കുറിയുണ്ട്. നാലു പതിറ്റാണ്ടിലധികമായി രാഷ്ട്രീയ രംഗത്ത് സജീവമായ അഡ്വ. വിജെ ജോസ് വലിയവീട്ടിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് കോട്ടയായിരുന്ന പൂഞ്ഞാര്‍ തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രചാരണം.

മാണിസാറിന്‍റെ തട്ടകത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് അഡ്വ. ബിജു ജോസഫ്

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് പൂഞ്ഞാര്‍ എന്നത് പൂഞ്ഞാറിന്റെ ചരിത്രത്തില്‍ നിന്നു വ്യക്തം. 2015ലേറ്റ അപ്രതീക്ഷിത തോല്‍വി ഒഴിവാക്കിയാല്‍ എല്ലാക്കാലത്തും കേരള കോണ്‍ഗ്രസ് മാണിയുടെ ശക്തികേന്ദ്രമാണ് പൂഞ്ഞാര്‍.

മുന്നണി മാറിയാലും ജോസ് കെ മാണി നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് ഇവിടെ വിജയിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍.

പഴയ സെക്യുലര്‍ വിഭാഗക്കാരനാണ് ബിജു എന്നതു ജോര്‍ജിന്റെ കോട്ടയെ ഇളക്കാന്‍ സഹായിക്കുമെന്നും ഇടതുമുന്നണി കണക്കുക്കൂട്ടുന്നുണ്ട്. എന്നാല്‍ പിസി ജോര്‍ജിന്റെ ഗ്രൂപ്പുകാരനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ജോസ് വിഭാഗത്തിലെ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. ഇതു തിരിച്ചടിയാകുമോയെന്ന ആശങ്കയ്ക്കും കുറവില്ല.

പാലാ, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഏഴു പഞ്ചായത്തുകളാണ് പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലുള്ളത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡിവിഷനായ ഇവിടെ 80,000 അടുത്ത് വോട്ടര്‍മാരുണ്ട്. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിലെ നിര്‍മല ജിമ്മിയെ 600വോട്ടിനാണ് ജനപക്ഷം സ്ഥാനാര്‍ഥി ലിസി സെബാസ്റ്റ്യന്‍ പരാജയപ്പെടുത്തിയത്.

poonjar news
Advertisment