Advertisment

പ്രവചനാതീതം പൂഞ്ഞാറിൻ്റെ മനസ് ! സംഘടനാ ദൗർബല്യം കല്ലാനിക്ക് വിനയായി. തുടക്കം മോശമായെങ്കിലും പാരയാകാനിടയുണ്ടായിരുന്ന നേതാവിന് കോവിഡ് ബാധിച്ചത് കല്ലാനിക്ക് തുണയായി. കാശുണ്ടായിട്ടും സിപിഎമ്മും സിപിഐയും വേണ്ട വിധത്തിൽ പ്രവർത്തിച്ചോയെന്ന സംശയത്തിൽ കുളത്തുങ്കൽ ! പോസ്റ്ററിലെ തിളക്കം താഴെത്തട്ടിൽ ഉണ്ടായില്ലെന്നും വിലയിരുത്തൽ. പഴയ പ്രതാപം നഷ്ടപ്പെട്ട് പിസി ജോർജ് ! ക്രൈസ്തവ വോട്ടുകൾ മുഴുവൻ പെട്ടിയിൽ വീഴുമെന്ന പ്രതീക്ഷ പാളി ജോർജ്. പൂഞ്ഞാർ ഇക്കുറി ചിന്തിക്കുന്നത് എന്ത് ?

New Update

publive-image

Advertisment

കോട്ടയം: വോട്ടു പെട്ടിയിലായിരിക്കെ കൂട്ടലും കഴിക്കലും സജീവമാക്കിയിരിക്കുകയാണ് പൂഞ്ഞാറിലെ മുന്നണി നേതൃത്വങ്ങൾ. ഇടതു-വലതു മുന്നണികൾക്ക് പുറമെ വിജയ സാധ്യത ഏറെ കൽപ്പിക്കുന്ന പിസി ജോർജും വലിയ പ്രതീക്ഷയിലാണ്. ഇത്തവണ തോറ്റാൽ രാഷ്ട്രിയ അസ്തമനമെന്ന് ഉറപ്പായ ജോർജ് തൻ്റെ ആവനാഴിയിലെ എല്ലാ അസ്ത്രവും ഇക്കുറി പ്രയോഗിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ട മുനിസിപാലിറ്റി, പൂഞ്ഞാർ, പൂഞ്ഞാർ-തെക്കേക്കര, തീക്കോയി, തിടനാട്, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, കോരുത്തോട്, പാറത്തോട് പഞ്ചായത്തുകൾ ചേരുന്നതാണ് പൂഞ്ഞാർ. കഴിഞ്ഞ തവണ ഇവിടെങ്ങളിലെല്ലാം പിസി ജോർജ് ലീഡ് ചെയ്തിരുന്നു. എന്നാൽ ഇക്കുറി സ്ഥിതി വ്യത്യസ്ഥമാണ്.

ജോർജിന് കനത്ത വെല്ലുവിളിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയും എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലും ഉയർത്തിയത്. മികച്ച മത്സരം കാഴ്ചവയ്ക്കാൻ ഇരുവർക്കുമായി. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് പുഞ്ഞാർ സാക്ഷ്യം വഹിച്ചത്.

പൂഞ്ഞാറിലെ മത്സരത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയത് കോൺഗ്രസിൻ്റെ ടോമി കല്ലാനിയായിരുന്നു. പാർട്ടിയുടെ സംഘടനാ ദൗർബല്യമാണ് ഇവിടെ സ്ഥാനാർത്ഥിയെ നേരിട്ടത്. നേതാക്കളുടെ അമിതമായ ഗ്രൂപ്പുപോരും ഐക്യമില്ലായ്മയും പാർട്ടിയെ ബാധിച്ചു.

എങ്കിലും ഭാഗ്യം കല്ലാനിക്ക് ഒപ്പമെന്ന സൂചനയാണ് ആദ്യം കിട്ടിയത്. പൂഞ്ഞാറിൽ പ്രധാന ഗ്രൂപ്പു കളിക്കാരനായ നേതാവിനടക്കം കോവിഡ് ബാധിച്ചു. ഇതോടെ നേതാവിന് പുറത്തിറങ്ങാനാവാത്തത് കല്ലാനിക്ക് ഗുണമായി.

ഇദ്ദേഹമടക്കമുള്ളവർ പുറത്തിറങ്ങാതായതോടെ മറുവിഭാഗം പ്രചാരണം ശക്തമാക്കി. ഇതു സംഘടനാ സംവിധാനം ചലിപ്പിക്കാൻ ഇടയാക്കി. ഇതിനു പുറമെ രാഹുൽഗാന്ധിയും ഉമ്മൻചാണ്ടിയുമൊക്കെ വന്നത് പാർട്ടിയെ ആവേശത്തിലാക്കി. ഏതെങ്കിലും തരത്തിൽ യുഡിഎഫിന് തിരിച്ചടി കിട്ടിയാൽ അത് സ്ഥാനാർത്ഥിയുടെ അല്ല മറിച്ച് പാർട്ടി സംവിധാനത്തിൻ്റെ പിടിപ്പുകേട് എന്ന് നിസംശയം പറയാം.

എൽഡിഎഫിനാകട്ടെ സംഘടന സംവിധാനമൊക്കെ ഉണ്ടായിട്ടും കാര്യമായ മേൽക്കോയ്മ നേടാനായില്ല എന്നതു യാഥാർത്ഥ്യമാണ്. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വേണ്ട രീതിയിൽ അംഗീകരിക്കാൻ സിപിഎമ്മും സിപിഐയും തയ്യാറായില്ല. സിപിഐ ആകട്ടെ ആദ്യം മുതൽ കുളത്തുങ്കലിന് എതിരായിരുന്നു.

പിസി ജോർജും സമാനതകളില്ലാത്ത വെല്ലുവിളിയാണ് ഇക്കുറി നേരിട്ടത്. ഈരാറ്റുപേട്ടയിലെ ന്യൂനപക്ഷ വോട്ടു പോയെങ്കിലും ക്രൈസ്തവ വോട്ടുകളുടെ ഏകികരണം ജോർജ് പ്രതീക്ഷിച്ചു. പക്ഷേ ആ ഏകീകരണം ഉണ്ടായില്ല എന്നു തന്നെയാണ് സൂചന. അതുകൊണ്ടു തന്നെ മുൻ കാലങ്ങളെപ്പോലെ പ്രവചനത്തിന് ജോർജു പോലും തയ്യാറല്ല. ഇതോടെ മെയ് രണ്ടിന് ഫലം വരുന്നതുവരെ ഒന്നും പ്രവചിക്കാനാവില്ല എന്നതു യാഥാർത്ഥ്യം.

erattupetta news
Advertisment