Advertisment

പൂഞ്ഞാറില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് രണ്ട് അഭിപ്രായ സര്‍വേ ഫലങ്ങള്‍; രണ്ടു സര്‍വ്വേകളിലും യുഡിഎഫിന് മേല്‍ക്കൈ. ഒരു ശതമാനം വ്യത്യാസത്തില്‍ തൊട്ടുപിന്നില്‍ പിസി ജോര്‍ജ്. അഹമ്മദാബാദിലെ സിഎംആര്‍ റിസര്‍ച്ച് ഏജന്‍സിയുടെയും എഐസിസിയുടെയും സര്‍വേ വ്യക്തമാക്കുന്നത് പൂഞ്ഞാറിലെ പോരാട്ടച്ചൂട് തന്നെ !

New Update

publive-image

Advertisment

കോട്ടയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം കടുക്കുമെന്ന് അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിഎംആര്‍ റിസര്‍ച്ച് ഏജന്‍സിയും എ ഐ സി സിക്കുവേണ്ടി സ്വകാര്യ ഏജന്‍സിയും നടത്തിയ അഭിപ്രായ സര്‍വേകള്‍. മണ്ഡലത്തില്‍ യുഡിഎഫും പിസി ജോര്‍ജിന്റെ ജനപക്ഷവും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.

നിലവില്‍ യുഡിഎഫിന് 38 ശതമാനവും ജനപക്ഷത്തിന് 37 ശതമാനവും പിന്തുണയ്ക്കുന്നു. ഒരു ശതമാനത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു നേരിയ മേല്‍ക്കൈ ഉണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 18 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അഞ്ച് ശതമാനവുമാണ് പിന്തുണ. മറ്റുള്ളവര്‍ക്കെല്ലാവര്‍ക്കും കൂടി രണ്ട് ശതമാനം പിന്തുണയാണ് സര്‍വേ പറയുന്നത്.

വികസനവും വിവാദങ്ങളും മണ്ഡലത്തില്‍ സജീവമായി ചര്‍ച്ചയാകുന്നുണ്ടെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ ഒന്‍പതു പഞ്ചായത്തിലും ഒരു നഗരസഭയില്‍ നിന്നുമായി 700 സാമ്പിളുകളാണ് ഇവര്‍ ശേഖരിച്ചത്. മണ്ഡലത്തില്‍ അഡ്വ. ടോമി കല്ലാനിയും പിസി ജോര്‍ജും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെന്ന സൂചനകളാണ് സര്‍വേയില്‍ പ്രതിഫലിക്കുന്നത്.

പിസി ജോര്‍ജിന്റെ പ്രവര്‍ത്തനത്തില്‍ 62 ശതമാനത്തിലേറെ പേര്‍ സിഎംആര്‍ സര്‍വ്വേയില്‍ അസംതൃപ്തരാണ്. 30 ശതമാനം പേര്‍ അദ്ദേഹത്തെ അനുകൂലിക്കുന്നു. വികസന വിഷയത്തില്‍ എംഎല്‍എയുടെ പ്രകടനത്തെ 65 ശതമാനത്തിലേറെ പേര്‍ എതിര്‍ക്കുന്നുണ്ട്. എംഎല്‍എയുടെ പ്രവര്‍ത്തന ശൈലിയിലും വോട്ടര്‍മാര്‍ അതൃപ്തരാണ്.

ഒറ്റയാള്‍ പാര്‍ട്ടിയുടെ പ്രതിനിധി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുന്നത് ഗുണം ചെയ്യില്ലെന്ന് 55 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. നിലവിലെ എംഎല്‍എയുടെ ഭാഷാ ശൈലി മോശമാണെന്ന് പറയുന്നവര്‍ 52 ശതമാനമാണ്.

പിസി ജോര്‍ജിന് ബദല്‍ വേണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനത്തിനും അഭിപ്രായമുണ്ട്. ആ ബദലിന്റെ സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ യുഡിഎഫിനാണ്.

ആദ്യ ഘട്ടത്തില്‍ ഏറെ പിന്നിലായിരുന്ന ടോമി കല്ലാനിയുടെ ജനപ്രീതിയില്‍ വര്‍ധനവുണ്ടാകുന്നതായും അതേസമയം പിസി ജോര്‍ജിന്റെയും സെബാസ്റ്റിയന്‍ കുളത്തുങ്കലിന്റെയും പിന്തുണയില്‍ വലിയ ഇടിവുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്. മാര്‍ച്ച് 5 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്.

എ ഐ സി സിയുടെ സര്‍വ്വേയിലും കോട്ടയത്തെ മൂന്നാം സീറ്റായി കാണുന്നത് പൂഞ്ഞാറാണ്. പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങള്‍ കഴിഞ്ഞാല്‍ യു ഡി എഫ് ജില്ലയില്‍ പ്രതീക്ഷിക്കുന്നത് പൂഞ്ഞാറാണ്.

മനോരമ സര്‍വ്വേയില്‍ പൂഞ്ഞാറില്‍ യു ഡി എഫ് മൂന്നാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് പൂഞ്ഞാറിലെ സ്ഥിതി കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവിടെ ടോമി കല്ലാനി സ്ഥാനാര്‍ഥിയായി വരുന്നതിന് മുന്‍പുതന്നെ മനോരമ സര്‍വ്വെ മണ്ഡലത്തില്‍ പൂര്‍ത്തിയായിരുന്നതായി മനോരമ അധികൃതര്‍ വിശദീകരണം നല്കിയിരുന്നു.

kottayam news
Advertisment