Advertisment

നിക്ഷേപകരെ ആശങ്കയിലാഴ്ത്തി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനം പൂട്ടി; ഉടമകള്‍ മുങ്ങി; നടത്തിയത് രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ്; ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; സ്ഥാപനത്തിനെതിരെ നൂറോളം പരാതികള്‍

New Update

publive-image

Advertisment

പത്തനംതിട്ട: നിക്ഷേപകരെ ആശങ്കയിലാഴ്ത്തി പോപ്പുലര്‍ ഓഫീസ് ആസ്ഥാനം പൂട്ടി. ഉടമയുടെ കുടുംബ വീടും പൂട്ടിയ നിലയിലാണ്. നിക്ഷേപകരുടെ പരാതിയില്‍ കോന്നി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. സ്ഥാപന ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പ്രതികള്‍ക്കെതിരെ തെളിവ് ലഭിച്ചെന്ന് പത്തനംതിട്ട എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. പണം നഷ്ടപെട്ട നിക്ഷേപകരുടെ പരാതിയിൽ നടത്തിപ്പുകാർക്കെതിരെ കോന്നി പൊലീസ് സാമ്പത്തിക വഞ്ചന കുറ്റത്തിന് കേസെടുത്തു. സ്ഥാപനം പൂട്ടിയതിന് പിന്നാലെ ഉടമ റോയി ഡാനിയൽ കോടതിൽ പാപ്പർ ഹർജി നൽകി.

കേരളത്തിലാകെ 274 ശാഖകളുമായി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സിനെതിരെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തിയത്. കോന്നി ആസ്ഥാനമായാണ് പോപ്പുലര്‍ ഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെയാണ് തങ്ങള്‍ പറ്റിക്കപ്പെട്ടതായി നിക്ഷേപിച്ചവര്‍ അറിഞ്ഞത്. ഇതോടെയാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയത്.

ഉടമകളായ ഇണ്ടിക്കാട്ടില്‍ റോയ് ഡാനിയേലും ഭാര്യ പ്രഭ ഡാനിയേലുമടങ്ങുന്ന കുടുംബം വകയാറില്‍ താമസിച്ചു വരികയായിരുന്നു. എന്നാല്‍, രണ്ടാഴ്ച മുമ്പ് വകയാറിലെ ആസ്ഥാനം അടച്ച് കുടുംബം സ്ഥലം വിട്ടു. കേരളത്തിന് പുറമെ വിദേശ മലയാളികളുടെ ഇടയിലുമായി ഏകദേശം 1500-ലേറെ നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്. ആസ്ഥാനം അടച്ചതോടെ മറ്റ് ശാഖകളും പൂട്ടിക്കൊണ്ടിരിക്കുകയാണ്.

പതിനായിരം രൂപ മുതല്‍ 80 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയവരുണ്ട്. നാല് വര്‍ഷമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. രാജ്യം വിട്ട് പോകാതിരിക്കാന്‍ വിമാനത്താവളത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. കോന്നി സി.ഐ പി.എസ് രാജേഷിനാണ് അന്വേഷണ ചുമതല.

Advertisment