ബി.ജെ.പിയെ വെല്ലുവിളിച്ച് വീണ്ടും മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍ ? തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് മുകുന്ദന്‍റെ ഭീക്ഷണി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, February 9, 2019

തിരുവനന്തപുരം : ബി.ജെ.പി നേതൃത്വവുമായി വീണ്ടും ഇടഞ്ഞ് വിമത ഭീഷണിയുമായി മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍ രംഗത്ത്. താന്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് മുകുന്ദന്‍റെ ഭീക്ഷണി. നിരവധി ബിജെപി പ്രവര്‍ത്തകരും ശിവസേന അടക്കമുള്ളവരും തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകുന്ദന്‍ വ്യക്തമാക്കി.

ദീര്‍ഘകാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പി.പി മുകുന്ദന് തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യക്തിപരമായ സ്വാധീനമുള്ള നേതാവാണ്‌ . ബിജെപിയെ സംബന്ധിച്ച് സാധ്യതയുള്ള മണ്ഡലം കൂടിയാണിത് . ഈ സാഹചര്യത്തില്‍ മുകുന്ദനെപ്പോലെ ശക്തനായ ഒരു നേതാവ് വിമതനായി വന്നാല്‍ അത് ബിജെപിക്ക് ഇവിടെ ശക്തമായ തിരിച്ചടിയാകും.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെയും മുകുന്ദന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ശബരിമല പ്രശ്‌നം മുതലാക്കുന്നതില്‍ ശ്രീധരന്‍പിള്ള അമ്പേ പരാജയപ്പെട്ടു. ശ്രീധരന്‍പിള്ളയുടെ അടിക്കടിയുള്ള നിലപാട് മാറ്റം അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും മുകുന്ദന്‍ പറഞ്ഞു.

ദീര്‍ഘകാലം പാര്‍ട്ടിയുമായി അകന്ന് നിന്നശേഷം ബി.ജെ.പിയിലേക്ക് തിരിച്ചുവരാന്‍ പി.പി മുകുന്ദന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ചില ഗ്രൂപ്പുകള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് നീക്കം വിജയിച്ചില്ല. ശ്രീധരന്‍പിള്ള പാര്‍ട്ടി പ്രസിഡന്റ് ആയതിന് ശേഷവും മുകുന്ദന് പാര്‍ട്ടിയില്‍ പരിഗണന ലഭിച്ചില്ല.

×