Advertisment

ഹൈദരാബാദിലെ ക്രൂരത ഡൽഹിയിലുണ്ടായ നിർഭയ സംഭവത്തെയാണ് ഓർമിപ്പിക്കുന്നത് ;  ഏഴു വർഷത്തിനു ശേഷവും സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ നിലവിലുള്ള ഭീതിജനകമായ അന്തരീക്ഷത്തിന് ഒരു കുറവും വന്നിട്ടില്ല , സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ പ്രദേശമാണ് ഇന്ത്യ ; പ്രകാശ് കാരാട്ട്‌

New Update

ഡല്‍ഹി : യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവത്തില്‍ വിശകലനവുമായി പ്രകാശ് കാരാട്ട്.

Advertisment

publive-image

റിപ്പോര്‍ട്ട് ഇങ്ങനെ

ഹൈദരാബാദിൽ ഇരുപത്തേഴുകാരിയായ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട സംഭവം നിത്യജീവിതത്തിൽ സ്‌ത്രീകൾ അഭിമുഖീകരിക്കുന്ന അതിക്രമത്തിന്റെ ആഴം വ്യക്തമാക്കുന്നു. ക്രൂരമായ ഈ സംഭവം രാജ്യത്തെമ്പാടും വൻ പ്രതിഷേധമാണ് ഉയർത്തിയത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.

സമാനരീതിയിലുള്ള ക്രൂരതകൾ ഹൈദരാബാദ് സംഭവത്തിന് മുമ്പും പിമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റാഞ്ചിയിൽ സുഹൃത്തുമൊന്നിച്ച് ഇരിക്കുകയായിരുന്ന ഒരു കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ടോങ്കിൽ സ്‌കൂളിൽനിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച്‌ യൂണിഫോം ബെൽറ്റ്‌ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തി.

തൊട്ടടുത്ത ദിവസമാണ് കോയമ്പത്തൂരിൽ 11–-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള ഇത്തരം അതിക്രമങ്ങൾ രാജ്യമെമ്പാടും പതിന്മടങ്ങ് വർധിക്കുകയാണ്.

ഹൈദരാബാദിലെ ക്രൂരത 2012 ഡിസംബറിൽ ഡൽഹിയിലുണ്ടായ നിർഭയ സംഭവത്തെയാണ് ഓർമിപ്പിക്കുന്നത്. ഏഴു വർഷത്തിനു ശേഷവും സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ നിലവിലുള്ള ഭീതിജനകമായ അന്തരീക്ഷത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് വ്യക്തം. സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ പ്രദേശമാണ് ഇന്ത്യയെന്ന ഓക്‌സ്‌ഫോർഡ് പഠനം സ്ഥിരീകരിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

ഹൈദരാബാദ് സംഭവം ഉയർത്തിയ ക്രോധത്തിന്റെയും ധാർമിക രോഷത്തിന്റെയും അടിസ്ഥാനത്തിൽ പാർലമെന്റിനകത്തും പുറത്തും ഉയർന്നുവന്ന പ്രധാന ആവശ്യം ബലാത്സംഗക്കുറ്റം ചെയ്യുന്നവരെ തൂക്കിക്കൊല്ലണമെന്നും വന്ധ്യംകരിക്കണമെന്നുമായിരുന്നു. ജനകീയ രോഷവും വെറുപ്പും സ്വാഭാവികമാണ്. നീതീകരിക്കപ്പെടുന്നതുമാണ്. എന്നാൽ, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്ത്രീകൾക്കെതിരെയുള്ള ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനും ഫലപ്രദമായ എന്തുനടപടികളാണ് ആവശ്യമായിട്ടുള്ളത് എന്നതുകൂടി പരിശോധിക്കപ്പെടണം.

ലോക്‌സഭയിൽ പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്ങിലൂടെയും രാജ്യസഭയിൽ ചെയർമാനിലൂടെയും കേന്ദ്ര സർക്കാർ നൽകിയ സന്ദേശം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കർക്കശമാക്കാനുള്ള എല്ലാ നിർദേശങ്ങളും പരിഗണിക്കുമെന്നായിരുന്നു. നമ്മുടെ സമൂഹം നേരിടുന്ന ഗുരുതരമായ ഈ പ്രശ്നത്തിന് പ്രതിവിധി ഇതു മാത്രമാണോ? നിർഭയ സംഭവത്തിനുശേഷമാണ് ബലാത്സംഗം ചെയ്‌ത്‌ കൊല നടത്തുന്നവർക്ക് വധശിക്ഷ നൽകണമെന്ന് നിർദേശിക്കപ്പെട്ടത്.

12 വയസ്സിനു താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാൻ മോഡി സർക്കാരാണ് തീരുമാനിച്ചത്. പ്രശ്നം നിയമത്തിന്റെ കാർക്കശ്യം മാത്രമല്ല, നിയമ സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയെക്കൂടി ആശ്രയിച്ചിരിക്കുന്നു. കാര്യക്ഷമമായ അന്വേഷണവും വിചാരണയും നടത്തി വിധി തീർപ്പ് വേഗത്തിലാക്കുകയാണ് വേണ്ടത്. 2017ലെ നാഷണൽ ക്രൈംസ് റിസർച്ച് ബ്യൂറോ റിപ്പോർട്ടനുസരിച്ച് കുട്ടികൾ ഉൾപ്പെട്ട കേസുകളടക്കമുള്ള ബലാത്സംഗക്കേസുകൾ വൻതോതിൽ കെട്ടിക്കിടക്കുകയാണ്.

1.17 ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നുവെന്നാണ് കണക്ക്. 2017ൽ മാത്രം 28,750 കേസുകൂടി വിചാരണയ്‌ക്ക് വിടുകയുണ്ടായി. ബലാത്സംഗക്കേസുകളിൽ ശിക്ഷ വിധിച്ചിട്ടുള്ളത് 32 ശതമാനം കേസുകളിൽ മാത്രമാണ്. അതായത് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കിയാൽ മാത്രമേ കുറ്റകൃത്യം തടയാനാകൂ. നിയമം കൂടുതൽ കർക്കശമാക്കിയതുകൊണ്ടു മാത്രം കാര്യമില്ല.

ബലാത്സംഗക്കേസുകൾ പെരുകുന്നതിനും സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ശിക്ഷിക്കപ്പെടാതിരിക്കുന്നതിനും പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യ സാമൂഹ്യമൂല്യങ്ങൾ തന്നെയാണ്.

പുരുഷാധിപത്യസമൂഹത്തിൽ സ്ത്രീ പുരുഷന്‌ കീഴ്പ്പെട്ട് നിൽക്കണമെന്നതാണ് പൊതുബോധം. മാധ്യമ വിനോദ വ്യവസായങ്ങളും സ്ത്രീയെ ലൈംഗിക വസ്‌തുവായി മാത്രം കാണുന്ന കമ്പോള വാണിജ്യമൂല്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. സ്ത്രീകളെ തുല്യരായി കാണാൻ വിസമ്മതിക്കുന്ന, അവർക്ക് സ്വയംഭരണം അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. നമ്മുടെ സാമൂഹ്യ–-മത–-കുടുംബ മര്യാദകളിൽ രൂഢമൂലമായ ബോധമാണിത്.

ലോകമെമ്പാടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. പ്രത്യേകിച്ചും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും. ഇന്ത്യക്ക് സമാനമാണ് ഇവിടങ്ങളിലെ സ്ഥിതിയും. പുരുഷാധിപത്യം കൊടികുത്തി വാഴുന്ന വികസിത രാഷ്ട്രങ്ങളാണിവ. സാമ്പത്തികമായി ഏറ്റവും ഉയർന്ന അസമത്വം നടമാടുന്ന സമൂഹമാണിവ.

ദക്ഷിണാഫ്രിക്കയിൽ 2018ൽ മാത്രം 3000 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിനുമുമ്പ് ഇവരിൽ ഭൂരിപക്ഷവും ബലാത്സംഗത്തിനും ക്രൂരമായ ആക്രമണത്തിനും വിധേയരാകുന്നു. സെപ്തംബറിൽ കേപ്ടൗണിലെ ഒരു സർവകലാശാലാ വിദ്യാർഥിനി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടപ്പോൾ വൻ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നുവന്നത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഒരു ദേശീയ പ്രതിസന്ധി തന്നെയാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് രമഫോസ സമ്മതിക്കുകയും ചെയ്‌തു.

ബ്രസീലിലാകട്ടെ ലൈംഗിക കുറ്റകൃത്യങ്ങൾ ക്രമാതീതമായി പെരുകുകയാണ്. ബ്രസീലിയൻ ഫോറം ഫോർ പബ്ലിക് സേഫ്റ്റി അടുത്തിടെ നടത്തിയ പഠനം പറയുന്നത് ഓരോ മണിക്കൂറിലും 13 വയസ്സിനു താഴെയുള്ള നാല് പെൺകുട്ടികൾ ബലാത്സംഗത്തിന് വിധേയമാകുന്നുവെന്നാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയുംപോലെ ബ്രസീലും അസമത്വമേറെയുള്ള സമൂഹമാണ്.

പുരുഷാധിപത്യവും ആൺകരുത്തും അതിന്റെ ഉച്ഛാവസ്ഥയിലുള്ള രാജ്യമാണത്. ബൊൾസനാരോയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ സ്ത്രീകളുടെ അവകാശങ്ങളോട് മുഖംതിരിഞ്ഞു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിപ്പിക്കുന്ന ഇത്തരം സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ കൂടി കണക്കിലെടുക്കണം.

സ്ത്രീകളെ തുല്യരായി കാണുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും അവരുടെ സ്വയംഭരണാധികാരം വിലമതിക്കുന്നതിനും സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും യുവാക്കളെയും ആൺകുട്ടികളെയും ഇക്കാര്യങ്ങൾ പഠിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തണം. അല്ലാത്തപക്ഷം സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിപ്പിക്കുന്ന പിന്തിരിപ്പൻ ചിന്താഗതിയിൽ മാറ്റമുണ്ടാക്കാൻ കഴിയില്ല.

നിർഭയ കേസിനുശേഷം നിയമിച്ച ജസ്റ്റിസ് വർമ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ കേന്ദ്രത്തിലെയും ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും സർക്കാരുകൾ പരാജയപ്പെട്ടതും പൊതു ഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷയില്ലായ്‌മയ്‌ക്ക് കാരണമായിട്ടുണ്ട്. പൊതുഗതാഗതം സുരക്ഷിതമാക്കുക, തെരുവുവിളക്കുകൾ ഉറപ്പാക്കുക, അരക്ഷിതമായ പ്രദേശങ്ങൾ കണ്ടെത്തി അവിടെ പൊലീസ് പട്രോളിങ് ശക്തമാക്കുക തുടങ്ങിയ നിർദേശങ്ങളും വർമ കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു.

വിവിധ ഗവൺമെന്റുകളിലുള്ള മന്ത്രിമാരും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സ്ത്രീകളെ തരംതാഴ്‌ത്തിക്കെട്ടുന്നതും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ നിസ്സാരവൽക്കരിക്കുന്നതുമായ പ്രസ്‌താവനകൾ നടത്തുന്നതും പതിവാണ്.

വിവിധ മേഖലകളിൽ സ്ത്രീകൾക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ നടക്കുമ്പോഴും പിന്തിരിപ്പൻ ശക്തികൾ ഇതവസരമാക്കി സ്ത്രീകളെ അവരുടെ വീടുകളിൽ ഒതുക്കിനിർത്താനും പൊതു ഇടങ്ങളിൽ അവരുടെ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണവും ജീവിതരീതിയുമാണ് ബലാത്സംഗത്തിനും മറ്റും പ്രേരണയാകുന്നതെന്ന വാദവും ഇത്തരം കോണുകളിൽനിന്നും ഉയരുന്നുണ്ട്.

അതുകൊണ്ടുതന്നെ സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പോരാട്ടം ബഹുമുഖ തലത്തിൽ വേണം നടത്താൻ. പുരുഷാധിപത്യത്തിനും സ്ത്രീകളുടെ ചരക്കുവൽക്കരണത്തിനും എതിരെയുള്ള സമരത്തോടൊപ്പം സ്ത്രീകളുടെ അവകാശങ്ങളും പൊതുഇടങ്ങളിൽ അവരുടെ പ്രവർത്തനം വിപുലമാക്കുന്നതിനുമുള്ള സമരം തുടരണം.

ആദ്യം വേണ്ടത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണക്കേസുകളിൽ എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി ശിക്ഷ ഉറപ്പാക്കലാണ്. അതോടൊപ്പം പൊതു ഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരുകളെ നിർബന്ധിക്കുകയും വേണം.

Advertisment