Advertisment

അമ്മയെകിട്ടിയപ്പോൾ അവന് സഹോദരിമാരും ജന്മനാടും നഷ്ടമായി !

New Update

publive-image

Advertisment

ആറു വയസ്സുകാരൻ ഹർഷയുടെ വാവിട്ട നിലവിളി ആർക്കും അടക്കാനായില്ല . അവനെ മാറോടണച്ച് എല്ലാവരും പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ അമ്മ നോർമ ശ്രമിച്ചതും വിഫലമായി. ഹർഷയുടെ വാക്കുകളാൽ പുറത്തുവരാത്ത വിലാപം അവിടെ സന്നിഹിതനായ പോലീസ് സൂപ്രണ്ടിനേയും കരയിച്ചുകളഞ്ഞു.

ഇക്കഴിഞ്ഞ നവംബർ 13 ന് ഗുജറാത്തിലെ കച്ചിലുള്ള അനാഥകുട്ടികളുടെ സംരക്ഷണകേന്ദ്രമായ 'മഹിളാ കല്യാൺ കേന്ദ്ര' ത്തിലെ മൂകനും ബധിരനുമായ 6 വയസ്സുകാരൻ ഹർഷയെ സ്‌പെയിനിലെ നോർമ മാർട്ടിൻസ് (Norma Martinis) ദത്തെടുത്ത ചടങ്ങിലാണ് ഹൃദയമലിയുന്ന ഈ രംഗം അരങ്ങേറിയത്.

publive-image

ഹർഷ ജനിച്ചുവീണു രണ്ടാം ദിവസം കുട്ടിയെ ആരോ കച്ചിലെ ആളൊഴിഞ്ഞ സ്ഥലത്തുപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. പിന്നീട് കുഞ്ഞിനെ പൊലീസാണ് മഹിളാ കല്യാൺ കേന്ദ്രത്തിൽ എത്തിച്ചത്.

നാലുമാസം കഴിഞ്ഞപ്പോൾത്തന്നെ അവൻ ബധിരനും മൂകനുമാണെന്ന് ബോധ്യമായി. അനാഥാലയത്തിലെ നടത്തിപ്പുകാരായ വനിതകൾക്ക് അവൻ സ്വന്തം സഹോദരനെപ്പോലെയായി.

മറ്റാരുമില്ലാത്ത ഹർഷയ്ക്കും അവരായിരുന്നു എല്ലാം. കുട്ടിക്ക് ഹർഷ എന്ന പേരിട്ടതും അവരായിരുന്നു. അവിടുത്തെ മറ്റുള്ള കുട്ടികൾ ക്കൊപ്പം അവൻ വളർന്നു. Kokel therapy ചികിത്സയും പരിശീലനവുംകൊണ്ട് മെഷീന്റെ സഹായത്താൽ അവനിപ്പോൾ കേൾക്കാനും അൽപ്പാൽപ്പം സംസാരിക്കാനും കഴിയുന്നുണ്ട്.

publive-image

സ്‌പെയിനിലെ ധനാഢ്യയും അവിവാഹിതയുമായ നോർമ മാർട്ടിൻസ് എന്ന വനിതയാണ് ഹർഷയെ ദത്തെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. വിവാഹം വേണ്ടെന്നു തീരുമാനിച്ചതിനാലാണ് കുട്ടിയെ ദത്തെടുക്കാൻ അവർ മുതിർന്നത്.

ഹർഷയെ കൊണ്ടുപോകാൻ കഴിഞ്ഞ 6 മാസമായി നോർമ മാർട്ടിൻസ് ഇന്ത്യക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. കോവിഡ് കാലമാണ് ഇതുവരെ തടസ്സമായത്.

ഒടുവിൽ നോർമാ മാർട്ടിൻസ് കച്ചിലെത്തി ഹർഷയുമായി അല്പദിവസം ഇടപഴകിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 13 അവൻ തൻ്റെ പുതിയ അമ്മയ്‌ക്കൊപ്പം യാത്രയാകുംമുമ്പ് നടന്ന ചടങ്ങിലാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്.

അനാഥാലയത്തിലെ കൂട്ടുകാരും അതിൻ്റെ നടത്തിപ്പുകാരായ സ്ത്രീകളും എല്ലാം കൂട്ടക്കരച്ചിലായി. വിങ്ങിപ്പൊട്ടിക്കരഞ്ഞ ഹർഷയെ ആശ്വസിപ്പിക്കാൻ നോർമ മാർട്ടിൻസ് ഏറെ പാടുപെട്ടു.

ഈ ദൃശ്യങ്ങൾക്ക് സാക്ഷിയായ ചടങ്ങിലെ അതിഥി കച്ച് ജില്ലാ പോലീസ് സൂപ്രണ്ട് സൗരഭ് സിംഗിന്റെ കണ്ഠമിടറി. അദ്ദേഹത്തിന് സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല.. " എൻ്റെ ജീവിതത്തിൽ ഇതുപോലൊരു രംഗം ഞാൻ കണ്ടിട്ടില്ല" വളരെ പണിപ്പെട്ടാണ് അദ്ദേഹം ഈ വാക്കുകൾ പറഞ്ഞത്.

publive-image

ഹർഷയുടെ കണ്ണുനീർ വാർന്നൊലിക്കുന്ന കവിളിണകൾ ഒപ്പിയെടുത്ത് അവനെ മാറോടുചേർത്ത് കാറിൽക്കയറും മുൻപ് നോർമ മാർട്ടിൻസ് ഭാരതത്തിനു നന്ദി പറഞ്ഞു 'Thank you India, for giving me the motherhood of this child' ഇതായിരുന്നു അവരുടെ വാക്കുകൾ.

ജനിച്ചുവീണ മണ്ണിൽനിന്നും നിറകണ്ണുകളിലെ ദൈന്യതയോടെ ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന എല്ലാവരെയും വിട്ട്, കുഞ്ഞുഹർഷ അവൻ്റെ പുതിയ അമ്മയ്‌ക്കൊപ്പം പിറ്റേദിവസം ( നവംബർ 14) അഹമ്മദാബാദിൽ നിന്നും സ്പെയിനിലേക്ക് യാത്രതിരിച്ചു.

നോർമ ഉറപ്പു നല്കിയതുപോലെ മികച്ചൊരു ജീവിതവും നല്ല വിദ്യാഭ്യാസവും ഉന്നതമായ ഭാവിയും ഹർഷയ്ക്കായി സ്‌പെയിനിലെ മണ്ണിൽ ഒരുക്കപ്പെട്ടിരിക്കുന്നു എന്ന് നമുക്കും പ്രതീക്ഷിക്കാം.

 

voices
Advertisment