Advertisment

മലപ്പുറത്തിന്റെ വികസനത്തിന് മാത്രം പാട്ടപ്പിരിവോ?": ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളെപ്പോലെ അർഹതപ്പെട്ട വികസന പദ്ധതികൾ അനുവദിക്കുന്നതിലും നടപ്പാക്കുന്നതിലും മലപ്പുറത്തിനോട് ഭരണകർത്താക്കൾ കാണിക്കുന്ന വിവേചനത്തിനെതിരെ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ മലപ്പുറം ജില്ലാ കോഓർഡിനേഷൻ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ആരോഗ്യമേഖലയിൽ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന മെഡിക്കൽ ഓക്സിജൻ നിർമ്മാണത്തിനായുള്ള "പ്രാണവായു"പദ്ധതിക്കായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും പിരിവെടുത്തും സംഭാവന സ്വീകരിച്ചും പണം സ്വരൂപിക്കുന്നത് രാജ്യത്ത് മറ്റെങ്ങും നടക്കാത്ത പരിപാടിയാണ്. സംസ്ഥാനത്തെ മറ്റു പതിമൂന്നു ജില്ലകളിളെയും സർവ്വതോൻമുഖമായ വികസനത്തിന് സർക്കാർ ബജറ്റിൽ നിന്നും തുക വകയിരുത്തുകയും ചിലവഴിക്കുകയും ചെയ്യുമ്പോൾ മലപ്പുറത്തെ ജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന നികുതിപ്പണം ജില്ലയുടെ വികസനത്തിന് ചെലവഴിക്കാതെ നാട്ടുകാരെ വീണ്ടും പിഴിയാനുള്ള കുതന്ത്രമാണ് സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പാട്ടപ്പിരിവെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.

മഞ്ചേരിയിലെ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് എന്ന പേരിലാക്കി അവിടേക്കുള്ള മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കാൻ ജില്ലയിലെ ജനങ്ങളിൽ നിന്നും 16 കോടിയോളം രൂപ പിരിച്ചെടുത്തതും മഞ്ചേരിയിൽ തന്നെയുള്ള സ്റ്റേഡിയം നിർമ്മാണത്തിന് വിദ്യാർത്ഥികളിൽ നിന്നടക്കം കോടികൾ പിരിച്ചതും കടുത്ത വിവേചനത്തിന്റെ ഉദാഹരണങ്ങളാണ്. സർക്കാരിന്റെ ഭവന പദ്ധതികൾ ജില്ലയിൽ വ്യവസ്ഥാപിതമായി നടക്കാതെ പോയതും ആവശ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും അനുവദിക്കാതിരിക്കുന്നതും ഭരണകർത്താക്കളുടെയും ജില്ലയുടെ കുത്തക അവകാശപ്പെടുന്ന പാർട്ടികളുടെയും കെടുകാര്യസ്ഥതയും വിവേചനവുമാണ്.

ജനസംഖ്യയിൽ സംസ്ഥാനത്ത് ഒന്നാമത് നിൽക്കുന്ന മലപ്പുറത്തിന്റെ സമഗ്രവികസനത്തിന് ജില്ല വിഭജിക്കണമെന്ന ആവശ്യമുയർന്നപ്പോൾ അതിനെ വർഗീയമായും വംശീയമായും ചിത്രീകരിച്ചു മുതലെടുപ്പ് നടത്താനും വോട്ടു ബാങ്ക് രാഷ്ട്രീയക്കാരും ഫാഷിസ്റ്റ് ശക്തികളും എന്നും ഒരുപടി മുമ്പിലാണ്.

സംസ്ഥാനത്തിന്റെ പൊതുമുതൽ ആനുപാതികമായി പ്രയോജനപ്പെടുത്തേണ്ട ജില്ലയിലെ വികസന പദ്ധതികൾക്ക് ജില്ലയിലെ ജനങ്ങളെ കറവപ്പശുവാക്കുന്ന പരിപാടി നിർത്തണമെന്നും കോഓർഡിനേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഷാഫി മലപ്പുറം, അഹമ്മദ് ആനക്കയം, റാഫി ചേളാരി, ജംഷി ചുങ്കത്തറ, ഹസ്സൻ മങ്കട, റഫീഖ് പഴമള്ളൂർ (ജിദ്ദ), കെ.പി. മുഹമ്മദ് (മദീന), ജാഫർ പെരിങ്ങാവ് (മക്ക), അഷ്‌റഫ് വല്ലാഞ്ചിറ (ദഹ്‌ബാൻ) എന്നിവർ സംബന്ധിച്ചു.

Advertisment