സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രണവ് – കല്യാണി ചിത്രം

ഫിലിം ഡസ്ക്
Thursday, January 10, 2019

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍;അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാരാധാകര്‍. ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങിയെന്നും ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ടെന്നും നേരത്തെ പുറത്തു വന്ന വാര്‍ത്തയാണ്. ഇപ്പോഴിതാ ഈ കളിക്കൂട്ടുകാര്‍ ഒന്നിച്ചെത്തിയ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മരയ്ക്കാറിന്റെ ഷൂട്ടിംഗിനിടയില്‍ പുറത്തു വന്നിരിക്കുന്ന ചിത്രത്തെ ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ചടുലനൃത്തച്ചുവടുകള്‍ വെച്ചു കൊണ്ടാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമായാണ് പ്രണവ് അഭിനയിക്കുന്നതെന്നും മഞ്ജു വാര്യരുടെ .കുട്ടിക്കാലമായാണ് കല്യാണി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്.

സംവിധായകന്‍ ഫാസില്‍ ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നുവെന്ന പ്രത്യേകതയും മരയ്ക്കാറിനുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

×