നീ പറ, ബസിലെ സൗമ്യ ആരാ; വൈറലായി ബാഹുബലി ടിക്‌ടോക് വീഡിയോ; കലക്ടര്‍ ബ്രോ കൂടി ഏറ്റെടുത്തതോടെ സംഭവം പൊളിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 10, 2019

തിരുവനന്തപുരം: പതിവിനു വിപരീതമായാണ് ഈ വര്‍ഷം കേരളം ഹര്‍ത്താലിനോട് പെരുമാറുന്നത്. ഹര്‍ത്താലിനെതിരെയുള്ള പ്രതിഷേധം പൊതുജനത്തിനിടയില്‍ ശക്തമാണ്. വിവിധ സംഘടനകളും ഹര്‍ത്താലിനെതിരെ ശക്തമായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളില്‍ ഹര്‍ത്താല്‍ വിരുദ്ധത നിറഞ്ഞുകവിഞ്ഞു. എന്നാല്‍, കാര്യത്തോടടുക്കുമ്പോള്‍ ആര് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആണെങ്കിലും അത് നന്നായാല്‍ മതിയെന്ന ചിന്തയാണ് പലര്‍ക്കും. എതിര്‍പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ കടകള്‍ തുറപ്പിക്കാന്‍ കാണിക്കുന്ന ഉത്സാഹം സ്വന്തം പാര്‍ട്ടി പണിമുടക്ക്/ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ പലരും മറന്നു പോകുകയാണ്, അല്ലെങ്കില്‍ മറന്നെന്ന് നടിക്കുകയാണ്.

ഏതായാലും ഇത്തവണത്തെ പണിമുടക്ക് ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത് ഒരു ഗാനമാണ്. പാട്ട് ബാഹുബലിയിലേത് ആണെങ്കിലും ഇത്തവണ നമ്മളത് കേട്ടത് തനിമലയാളത്തിലാണ്. ‘അതു താനല്ലയോ ഇത്’ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു പാട്ട്. ബാഹുബലിയിലെ ‘ധീവര’ പാട്ടിലെ സംസ്‌കൃത വരികളുടെ ഭാഗമായിരുന്നു അത്. ‘ധീവര, പ്രസര ഷൗര്യ ധാര; ഉത്സര, സ്ഥിര ഗംഭീര’ എന്ന ഭാഗം പക്ഷേ, ഈ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കേട്ടത് മലയാളത്തിലാണ്. അത് ഇങ്ങനെ, ‘നീ പറ, ബസിലെ സൗമ്യ ആരാ; പുഷ്‌ക്കരാ, നീ ഗംഭീരാ; നീ പറ’.

#CallMalayalam എന്ന് ഹാഷ് ടാഗില്‍ ആല്‍വിന്‍ ഇമ്മട്ടി ടിക് ടോക്കിലിട്ട വീഡിയോയാണ് ഇപ്പോള്‍ ഇങ്ങനെ വൈറലായിരിക്കുന്നത്. ടിക് ടോകില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത് 65.2ഗ ലവ് റിയാക്ഷന്‍ ആണ്. 579 കമന്റുകളും 4.4K ഷെയറും ലഭിച്ചു. കഴിഞ്ഞദിവസം കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഈ വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ കൂടി പങ്കുവെച്ചതോടെ വീഡിയോ ഹിറ്റ് ആയി. ‘ആര് എന്ത് പറഞ്ഞാലും നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതേ ചിലര്‍ കേള്‍ക്കൂ. മനസ്സിലാക്കൂ.’ എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

കലക്ടര്‍ ബ്രോയുടെ കുറിപ്പ്:

വിളിച്ചതാരായാലും ഹര്‍ത്താല്‍ നന്നായാ മതി എന്ന ഉദാത്ത ചിന്തയാണ് പലര്‍ക്കും. ഏതാനും മാസങ്ങളായി കേരളം സഹിക്കാവുന്നതിനും അപ്പുറത്തെ കോപ്രായങ്ങള്‍ കാണുന്നു, സഹിക്കുന്നു. നിര്‍ബന്ധിതമായി കായികബലം ഉപയോഗിച്ച് അടിച്ചേല്‍പ്പിക്കുന്ന ബഹളങ്ങള്‍ക്കും സമരങ്ങള്‍ക്കുമിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നവന്‍ നമ്മുടെ കണ്ണില്‍ പെടാത്തത് കൊണ്ടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാവാത്തത്.

നിര്‍ബന്ധിത ഹര്‍ത്താലും ബന്ദും അന്നന്നത്തെ കഞ്ഞിക്ക് വകയുണ്ടാക്കുന്നവന്റെ, ദിവസക്കൂലിക്കാരന്റെ വയറ്റത്താണ് അടിക്കുന്നത്. അസംഘടിതനാണവന്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തൊഴിലാളികളും കച്ചവടക്കാരും സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അസംഘടിതരാണ്. അവര്‍ക്ക് ജീവന്‍ മരണ പ്രശ്‌നമാണ് തൊഴിലും അതില്ലാതാക്കുന്ന നിര്‍ബന്ധിത സമരങ്ങളും. സഹികെട്ട് അതൊന്ന് പറഞ്ഞ് പോയാലോ, ചിലരുടെ കര്‍ണ്ണപുടത്തില്‍ ശബ്ദതരംഗമായി അത് പതിയുന്നത് വേറെന്തോ ആയിട്ടാണ്. കമ്മിസംഘികോങ്ങിസുടാപ്പി മുദ്രകുത്തല്‍ യോജന തുടങ്ങുകയായി. ഈ പാവങ്ങള്‍ പറയുന്നത് ജീവിക്കാന്‍ അനുവദിക്കണം എന്നാണ്. വേറൊന്നുമല്ല.

ആര് എന്ത് പറഞ്ഞാലും നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതേ ചിലര്‍ കേള്‍ക്കൂ. മനസ്സിലാക്കൂ. അതുകൊണ്ടാണ് ഈയിടെയായി ഒന്നും പറയാത്തത്.

ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന Alvin Emmatty ക്ക് അഭിനന്ദനം.

 

 

×