Advertisment

ആ വിമാനം പറന്നത് പിള്ളയ്ക്ക് മാത്രമായി; ജര്‍മ്മനിയില്‍ മൂന്ന് മാസത്തെ ഏകാന്ത വാസത്തിനു ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും സിംഗപ്പൂരേക്ക് പറന്ന വിമാനത്തില്‍ തനിച്ച് യാത്ര ചെയ്ത് ആലപ്പുഴക്കാരന്‍; മണ്ണഞ്ചേരിക്കാരന്റെ ലോക്ഡൗണ്‍ ജീവിതം ഇങ്ങനെ...

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ : സ്വപ്ന സമാനമായ അനുഭവം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശിയായ പ്രതാപ് പിള്ള. കോവിഡ് കാലത്ത് തിരിച്ചുവരാനാകാതെ ഹാംബർഗിൽ കുടുങ്ങിപ്പോയതോടെയാണ് പ്രവാസിയായ പ്രതാപ് പിള്ളക്ക് ഒറ്റക്ക് യാത്ര ചെയ്യേണ്ട സാഹചര്യം വന്നത്. കോവിഡ് ഭീതിയിലാണെങ്കിലും ഒറ്റയ്ക്കുള്ള യാത്ര പ്രതാപ് പിള്ള ആസ്വദിച്ചു. ജോലി സ്ഥലത്തേക്ക് എത്തിയെങ്കിലും നാട്ടിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ഈ മണ്ണഞ്ചേരിക്കാരൻ.

Advertisment

publive-image

ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിലെ 250 മുറിയുള്ള ഹോട്ടലിൽ 3 മാസത്തിലേറെയുള്ള ഏകാന്ത വാസത്തിന് ശേഷമാണ് പ്രതാപ് പിള്ള സിംഗപ്പൂരിലേക്ക് മടങ്ങിയത്. ജൂൺ 14 നായിരുന്നു പ്രതാപ് പിള്ളയുടെ ആ യാത്ര. ഫ്രാങ്ക്ഫർട്ടിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തിലാണ് ഒറ്റക്ക് യാത്ര ചെയ്യാനുള്ള അവസരം പ്രതാപ് പിള്ളക്ക് ലഭിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വേറെ 17 പേർ കൂടിയാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്നു. എന്നാൽ കോവിഡ് മൂലം മറ്റ് യാത്രക്കാരെല്ലാം ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. എയർപോർട്ടിലെത്തിയപ്പോൾ മാത്രമാണ് വിമാനത്തിൽ മറ്റ് യാത്രക്കാരില്ലെന്ന് മനസ്സിലായതെന്ന് പ്രതാപ് പിള്ള പറഞ്ഞു.

ആദ്യം ഒരങ്കലാപ്പൊക്കെ തോന്നി. പക്ഷേ വിമാനത്തിൽ കയറിയപ്പോൾ അതൊക്കെ മാറി. ഇത്തരമൊരു പ്രതിസന്ധികാലത്ത് യാത്ര നടത്തുക എന്നതുതന്നെ പേടിക്കേണ്ട കാര്യമാണ്. എന്നാൽ മറ്റൊരു തരത്തിൽ നോക്കിയാൽ എനിക്ക് ഒന്നും പേടിക്കേണ്ടി വന്നില്ല. സോഷ്യൽ ഡിസ്റ്റൻസിങ്ങിനെക്കുറിച്ചോ കൂടെ യാത്ര ചെയ്യുന്നവരെക്കുറിച്ചോ ഒന്നും ആശങ്കപ്പെടാതെ എനിക്ക് യാത്ര ചെയ്യാനായി.

ഞാനും 10 ക്രൂ മെമ്പേഴ്സും മാത്രമേ ആ വിമാനത്തിൽ ഉണ്ടായിരുന്നുള്ളു. ഒറ്റയ്ക്ക് ഒരു വിമാനത്തിൽ യാത്ര ചെയ്യുക എന്നത് വളരെ അപൂർവമായ കാര്യം തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ തനിക്ക് മികച്ചൊരു അനുഭവം തന്നെയാണ് ആ യാത്ര സമ്മാനിച്ചതെന്ന് പ്രതാപ് പറയുന്നു.

നോർവീജിയൻ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതാപ് കമ്പനി ആവശ്യത്തിനാണ് ഫ്രാങ്ക്ഫുർട്ടിൽ എത്തിയത്. എന്നാൽ കോവിഡ് വ്യാപനത്തെതുടർന്ന് ഹാംബർഗിലെ 250 മുറിയുള്ള ഹോട്ടലിൽ ഒറ്റയ്ക്ക് 3 മാസത്തിലേറെ അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു. ഇത് ജർമനിയിൽ വലിയ വാർത്തയായിരുന്നു. വിദേശി ഒറ്റപ്പെട്ടെന്ന വാർത്ത വന്നാൽ മടക്കയാത്രയ്ക്കു വേഗം വഴിയൊരുങ്ങുമെന്ന് കരുതിയെങ്കിലും ഉടൻ ഫലമുണ്ടായില്ല. 3 മാസം കാത്തിരിക്കേണ്ടിവന്നു.

സിംഗപ്പൂരിൽ തിരിച്ചെത്താനുള്ള കമ്പനിയുടെ നിർദേശ പ്രകാരമാണ് ജൂൺ 14ലെ വിമാനത്തിൽ ടിക്കറ്റ് കിട്ടി. ആകെ 17 പേർ ടിക്കറ്റ് എടുത്തിരുന്നെങ്കിലും മറ്റാരും എത്തിയില്ല.  മറ്റുള്ളവർ ജർമനിയിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം യാത്ര റദ്ദാക്കിയിരുന്നു. ജോലിയുടെ ഭാഗമായി നിരന്തരം രാജ്യാന്തര യാത്രകൾ നടത്തുന്നയാളാണ് ആലപ്പുഴ തിരുമല ഹരിതം വീട്ടിൽ പ്രതാപ് പിള്ള. രണ്ടുമൂന്നു മാസം കൂടുമ്പോൾ കുടുംബത്തെ കാണാൻ നാട്ടിലുമെത്തും.

latest news covid 19 lock down all news prathap pillai
Advertisment