പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന് കായംകുളം എം എൽ എ യു പ്രതിഭ ! ഉന്നമിട്ടത് മന്ത്രി ജലീലിനെയോ ജി സുധാകരനെയോ എന്ന് ചർച്ചയുമായി സോഷ്യൽ മീഡിയ. ആലപ്പുഴയിലെ വിഭാഗീയതയ്ക്ക് കൂടുതൽ ചൂടേകി കായംകുളം എം എൽ എ പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൊട്ടു പിന്നാലെ പോസ്റ്റ് മുക്കി എംഎൽഎ; അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് വിശദീകരണം

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Tuesday, April 20, 2021

ആലപ്പുഴ: കായംകുളം എം എൽ എ യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ‘പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വന്നതിനു പിന്നാലെ മന്ത്രി കെ ടി ജലീലിനെയാണോ മന്ത്രി ജി.സുധാകരനെയാണോ എം.എൽ.എ ഉദ്ദ്യേശിച്ചതെന്നായി കമന്‍റ് ബോക്സിൽ ചർച്ച.

സിപിഎം പ്രവർത്തകർ ഉൾപ്പെടെ ചോദ്യവുമായി രംഗത്തെത്തിയതോടെ എം എൽ എ പോസ്റ്റ് പിൻവലിച്ച് തടിയൂരി. ഇടത് എംഎൽഎ ദൈവത്തെ കൂട്ടുപിടിച്ചതിനെയും ചില പ്രവർത്തകർ വിമർശിക്കുന്നുണ്ട്. ബന്ധു നിയമന വിവാദത്തിൽ കെ.ടി ജലീലിന് തിരിച്ചടി നേരിട്ടത് ഇന്നായിരുന്നു.

അതിനിടെ മന്ത്രി ജി സുധാകരനെതിരെ യുവതി പോലിസിൽ പരാതി നൽകിയ സംഭവത്തിൻ്റെ അടിസ്ഥാനത്തിലാണോ എം എൽ എയുടെ പോസ്റ്റേന്നും സംശയമുയർന്നു. ചിലർ പ്രതിഭയോട് പാർട്ടിയെ ദ്രോഹിക്കരുതെന്നു വരെ പറഞ്ഞിരുന്നു.

അതേസമയം, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വിശദീകരണവുമായി പ്രതിഭ രംഗത്തെത്തി. പോസ്റ്റ് താനിട്ടതല്ലെന്നും, അതൊണ്ട് മറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.

×