Advertisment

'നീതി നേടുംവരെ സമരമാവുക'എവിടെ?നമ്മുടെ നിതാന്ത ജാഗ്രത

author-image
സത്യം ഡെസ്ക്
Updated On
New Update

ഏറെ കോളിളക്കം സൃഷ്ട്ടിച്ച പാലക്കാട് ജില്ലയിലെ രണ്ട് സംഭവങ്ങളാണ് അട്ടപ്പാടി മധുവിൻ്റെ കൊലപാതകവും(ഫെബ്രു: 22 - 2019), വാളയാറിലെ ക്രൂര പീഡനങ്ങൾക്ക് വിധേയരായ രണ്ട് കുഞ്ഞു സഹോദരികളുടെ ദാരുണാന്ത്യവും ( 2017 ജനു: 13, മാർച്ച് 4 ). ഇരു കേസുകളിലെയും പ്രതികൾ ജാമ്യത്തിലാണ്. മധു കൊലപാതക കേസിൽ കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ട പ്രതികളുടെ വിസ്താരവും ശിക്ഷാവിധിയും മുറപ്രകാരം നടക്കട്ടെ. വാളയാർ കേസിലെ പുനരന്വേഷണം നടക്കാനുള്ള സാധ്യതയും ഹൈക്കോടതി മുഖേന തെളിഞ്ഞ് വരുന്നുണ്ട്. അതും അതിൻ്റെ വഴിയിൽ നിൽക്കട്ടെ.

Advertisment

കുറ്റപത്രത്തിൽ പരാമർശിക്കാത്ത ചിലരുണ്ട്. ദൗർഭാഗ്യവശാൽ കുറ്റപത്രം തയ്യാറാക്കുന്നവരിൽ പലരും തന്നെയാണവർ !. മധു കൊലപാതക കേസ് പരിശോധിക്കാം. ആൾകൂട്ടം ചോദ്യം ചെയ്യുന്ന സമയത്താണ് പോലീസ് മധുവിനെ കൊണ്ട് പോകുന്നത്. പോലീസ് ആൾകൂട്ടത്തിനിടയിൽ നിന്നും മധുവിനെ രക്ഷിച്ചു കൊണ്ടു പോവുകയായിരുന്നില്ല. പകരം, അറസ്റ്റ് ചെയ്ത് കൊണ്ടു പോവുകയായിരുന്നു.

അതും നിലവിലെ പ്രതിപട്ടികയിൽ ഉൾപ്പെട്ട ചിലരുടെ പരാതിയുടെ അടിസ്ഥാനത്തിലും കൂടിയാണ് പോലീസ് മുക്കാലിയിൽ എത്തിയിരുന്നത്. മാനസിക രോഗിയായ മധുവിനെ വളഞ്ഞിട്ട് ആക്രമിച്ച ആൾക്കൂട്ടത്തിൻ്റെ അതേ മാനസികനില തന്നെയായിരുന്നു പോലീസിനും എന്ന് സാരം!.

മധുവിൻ്റെ മരണം സംഭവിക്കുന്നതിന് കാരണമായത് ശരീരത്തിൻ്റെ വിവിധയിടങ്ങളിലെ ഒന്നുമുതൽ പതിനഞ്ച് വരെയുള്ള മുറിവുകളാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മർദ്ദനമേറ്റ ക്ഷതങ്ങൾ, തലക്കടിയേറ്റതിനെ തുടർന്നുണ്ടായ ആന്തരീകരക്തസ്രാവം, ചവിട്ടേറ്റ് തകർന്ന വാരിയെല്ല് ഇവയൊക്കെയാണ് പ്രധാനമായും മരണം സംഭവിക്കാനുണ്ടായ കാരണം.

ആൾകൂട്ടത്തിൻ്റെ മർദ്ദനത്തിന് ശേഷം പ്രത്യക്ഷത്തിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും പ്രകടമാകാതെയാണ് മധുവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നത്. പോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് മധു കൊല്ലപ്പെടുന്നത്. ആൾകൂട്ടത്തിൻ്റെ അക്രമത്തിന് തെളിവുകളുണ്ട്, കേസുണ്ട്, പ്രതികളുണ്ട്. പോലീസിനെതിരെ കേസുമില്ല, കുറ്റപത്രവുമില്ല!.

മധുവിൻ്റെ കൊലപാതകത്തിൽ പോലീസിൻ്റെ പങ്ക് അന്വേഷിക്കണം എന്ന് ആദ്യമായി ആവിശ്യപ്പെട്ടത് എസ് ഡി പി ഐയ്യാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവിശ്യം ഉന്നയിച്ചിട്ടുണ്ട്. മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ മണ്ണാർക്കാട് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയതായി എ കെ ബാലൻ പറഞ്ഞിരുന്നു.

ഇതിനു പുറമെ ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്ന് സബ് ഡിവിഷൻ മജിസ്ട്രേറ്റ് കൂടിയായ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജിൻ്റെ (അഗളി അഡീഷണൽ എസ് ഐ യുടെയും, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെതടക്കമുള്ള മൊഴികൾ ഉൾക്കൊള്ളുന്ന ) അന്വേഷണ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷനു സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ അഗളി ഡി വൈ എസ് പി സമർപ്പിച്ച കുറ്റപത്രത്തെ തുടർന്നുള്ള വിചാരണ പോലും തുടങ്ങിയിട്ടില്ല എന്നതാണ് സാഹചര്യം. കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ വെക്കുമെന്ന മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനവും വന്നിരുന്നു. എന്നാൽ ആ തീരുമാനം പിന്നീട് റദ്ദാക്കുകയും ചെയ്തു. ചുരുക്കത്തിൽ കേസിൻ്റെ വിചാരണക്കൊടുയിൽ ഡി വൈ എസ് പിയുടെ കുറ്റപത്രത്തിൽ പറയുന്ന പ്രതികൾ ശിക്ഷിക്കപ്പെട്ടന്ന് വരാം.

അപ്പോഴും മജിസ്റ്റീരിയൽ അന്വേഷണവും മജിസ്ട്രേറ്റ് അന്വേഷണവും ഫയലിൽ തന്നെയുണ്ടാകും!. എന്നാൽ ഇനി അഡീഷണൽ എസ് ഐ ക്ക് പ്രൊമോഷൻ കിട്ടാൻ സാധ്യതയുണ്ട്. ഡി വൈ എസ് പി എസ് പി റാങ്കിലേക്ക് ഉയരാം. വെറുതെ പറയുന്നതല്ല !. ഇതാണല്ലോ വാളയാർ കേസിലും സംഭവിച്ചത്.

വാളയാർ കുഞ്ഞുങ്ങളുടെ കേസിൻ്റെ കുറ്റപത്രത്തിൽ പറഞ്ഞ പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടപ്പോഴാണ് ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ: എൻ രാജേഷാണ് നരാധമന്മാരായ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്. വേലി തന്നെ വിള തിന്നുന്ന അനുഭവം !. വാളയാർ കുഞ്ഞുങ്ങൾക്ക് നീതി ലഭ്യമാക്കേണ്ട, ജില്ലയിലെ ശിശുക്ഷേമം ഉറപ്പ് വരുത്തേണ്ട വ്യക്തിയാണ് ഏറ്റവും വലിയ അപരാധത്തിനും അനീതിക്കും കൂട്ടുനിന്നത്. പബ്ലിക്ക് പ്രൊസിക്യൂട്ടറുടെ തികഞ്ഞ ലാഘവത്വം കേസ് പരാജയപ്പെടുന്നതിന് കാരണമായി.

തെളിവുകൾ നശിപ്പിച്ചതിൽ മുഖ്യപങ്ക് വഹിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്ഐ ചാക്കോ ഇന്ന് തൂശൂർ ജില്ലാ പോലീസ് മേധാവിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ ടീമിലാണന്നാണ് അറിയുന്നത്. പ്രകൃതി വിരുദ്ധ പീഢനം നടന്നുവെന്നും, കൊലപാതകമാകാനേ സാധ്യതയുള്ളൂവെന്നും മെഡിക്കൽ സർജൻ്റെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടും മെഡിക്കൽ റിപ്പോർട്ട് നമ്പർ മാറ്റി നൽകി പോലീസ് കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ കടുത്ത അനാസ്ഥ കാണിച്ച ഡി വൈ എസ് പി സോജൻ ഇന്ന് ക്രൈ ബ്രാഞ്ച് എസ് പിയാണ്. എസ് പിയാക്കിയതിൽ പരാതിയുമായി കുഞ്ഞുങ്ങളുടെ അമ്മ കഴിഞ്ഞ ആഴ്ച്ച ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

മധു കേസിലെന്ന പോലെ ഒരു ജുഡീഷ്യൽ അന്വേഷണം വാളയാർ കേസിലും നടന്നിട്ടുണ്ട് കെട്ടോ!. മുൻ ജില്ലാ ജഡ്ജി പി കെ ഹനീഫ അദ്ധ്യക്ഷനായ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ട് മൂന്നു മാസമായി. ഒരു തുടർ നടപടിയും കാണുന്നില്ല. കാണുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. മജിസ്റ്റീരിയൽ അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും എല്ലാം ജനരോഷം തണുപ്പിക്കാനുള്ള താൽകാലിക അന്വേഷണ പ്രഹസനം മാത്രമാണ് എന്ന് ബോധ്യപ്പെടുകയാണ്. പാലത്തായി പീഢനക്കേസിലും ഇനി സംഭവിക്കാൻ പോകുന്നത് ഇതൊക്കെ തന്നെയായിരിക്കും.

മധു കൊലപാതക കേസിലെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടും, വാളയാർ കേസിലെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടും പുറത്തുവരണം. വാളയാർ കേസിൽ 'നീതി നേടുംവരെ സമരമാവുക' എന്ന തലക്കെട്ടിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി തുടങ്ങിയ സമരം ശക്തമായി തന്നെ തുടരാൻ തന്നെയാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഇരകൾ ആദിവാസിയായാൽ, ദലിതനായാൽ, മുസ്ലിമായാൽ പിന്നെ സംഭവിക്കുന്നത് നീതി നിഷേധമാണ്. കുറ്റവാളികളുടെ അതേ മനോഭാവം വെച്ച് പുലർത്തുന്ന ബ്യുറോക്രാറ്റുകളാണ് നാടുഭരിക്കുന്നത്. ജനങ്ങളുടെ നിതാന്ത ജാഗ്രതയാണ് ഇവിടെ തെളിഞ്ഞു കാണേണ്ടത്.

publive-image

എസ്.പി.അമീർ അലി

Advertisment