സീറോ മലബാര്‍ സഭയുടെ ആസ്ഥാനം എറണാകുളം അങ്കമാലിയില്‍ നിന്നും മധ്യ തിരുവിതാംകൂറിലേക്ക് മാറ്റണം 

ഫാ. തോമസ്‌ ചതിക്കുഴിയില്‍
Wednesday, March 7, 2018

കോട്ടയം: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാനം എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്നും  കോട്ടയത്തോ, പാലായിലോ , ചങ്ങനാശ്ശേരിയിലോ കുറഞ്ഞപക്ഷം  തൃശ്ശൂരിലേക്കോ , മലബാറിലേക്കോ മാറ്റണം.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രിയങ്കരനായ  സഭയുടെ തലവനായ  ശ്രേഷ്ഠ  മെത്രാപ്പോലിത്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിയമത്തിന് മുമ്പില്‍ കീഴടങ്ങണമെന്നും ശിക്ഷ  ഏറ്റു വാങ്ങണമെന്നും , സീറോമലബാര്‍ സഭയുടെ  തന്നെ (  ദുരിത രൂപതയായി മാറിയിരിക്കുന്ന ) എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വിശ്വാസികളും അതിലേറെ ഗുണ്ടകളായ  വൈദികരും ആവശ്യപ്പെടുമ്പോള്‍ പ്രിയപ്പെട്ട ശ്രേഷ്ഠ മെത്രാപ്പോലീത്ത താങ്കള്‍ക്ക് ഇനിയവിടെ രക്ഷയില്ല.ഒരു   സാധാരണ ഇടവക  വികാരിയെപ്പോലെയാണ്   നിങ്ങളെ  അവര്‍  കാണുന്നത് . താങ്കള്‍  സഭയുടെ  മൊത്തം  തലവനാണന്ന് അവര്‍  അറിഞ്ഞിട്ടില്ല .

എറണാകുളത്തെ  കോടിക്കണക്കിനു വിശ്വാസികളുടെ ( സഭയുടെ  മൊത്തം  അംഗങ്ങള്‍ 50  ലക്ഷത്തില്‍ താഴെ മാത്രം )  അപ്രീതിയ്ക്ക് പ്രാപ്തമായന്ന്  വൈദിക  സമിതി  അവകാശപ്പെടുന്ന   ,  മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്‍റെ ആസ്ഥാനം  അവിടെ നിന്നും   സഭയോട് കൂറുള്ള മറ്റേതെങ്കിലും സ്ഥലത്തേക്ക്  മാറ്റിസ്ഥാപിക്കുന്നതാകും  സഭയുടെ മൊത്തം ആരോഗ്യത്തിന് നല്ലത്. മറ്റേത് രൂപതയിലാണെങ്കിലും അദ്ദേഹത്തെ ഈ വിധം അപമാനിക്കുകയില്ല .

ചാനലുകളില്‍ വന്നു വായില്‍ തോന്നിയത് പറയുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ സത്യസന്ധരായ വൈദിക പ്രമാണിമാരെ, നിങ്ങളുടെ സത്യസന്ധത കാലം തെളിയിക്കട്ടെ. കല്യാണക്കുറിക്കോ മറ്റ്‌ ആവശ്യങ്ങള്‍ക്കോ പള്ളിയിലെത്തുന്ന സാധാരണക്കാരായ വിശ്വാസികളോട് നിങ്ങളുടെ സ്നേഹമസൃണമായ പെരുമാറ്റം ഒന്നുമതി നിങ്ങളെ എന്നും ബഹുമാനിക്കാന്‍ , ഓര്‍മ്മിക്കാന്‍ .

തെരഞ്ഞുപിടിച്ച്  വെട്ടി നിരത്തുകയും , നിങ്ങള്‍ക്കിഷ്ടമുള്ളവരെ  തിരുകികയറ്റി  കമ്മറ്റികള്‍  ഉണ്ടാക്കുന്ന നിങ്ങളുടെ  ജനാധിപത്യത്തോടുള്ള  കൂറ്  വിശ്വാസികള്‍ക്ക് അറിയത്തതല്ലല്ലോ .കോടതിയില്‍ നിന്നും വിവാഹ മോചനവുമായി   വരുന്നവരെ  കാനോന്‍  നിയമം  പറഞ്ഞു  തെക്കുവടക്ക്  നടത്തുന്ന  നിങ്ങള്‍ , ഇപ്പോള്‍  കോടതിയോട്  കാട്ടുന്ന  ആദരവ്  അനുകരണീയം  തന്നെ .

തന്നെയുമല്ല ഞായറാഴ്ച ദിവസത്തെ കുര്‍ബ്ബാന പ്രസംഗങ്ങളില്‍ അഭിഷിക്തനായ വൈദികനെതിരെ ശ്ബ്ദിക്കുന്നവന്‍ നശിച്ചുപോകും എന്ന് , നീങ്ങള്‍ ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നു ,ആ നിങ്ങള്‍  നിങ്ങളുടെ ആത്മീയ തലവനെതിരെ പുരപ്പുറത്തു കയറിനിന്ന്  ഘോഷിക്കുമ്പോള്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം തമ്പുരാന്‍ തരട്ടെ എന്നാശംസിക്കുന്നു. നിങ്ങളുടെ ആത്മീയ ആചാര്യന്‍മാരെ അനുസരിക്കാത്ത നിങ്ങള്‍ക്ക് എങ്ങനെ ഞങ്ങളോട് നിങ്ങളെ അനുസരിക്കുവാന്‍ ആവശ്യപ്പെടാന്‍ സാധിക്കും .

ചാനലുകളായ ചാനലുകളില്‍ ഒക്കെ ഏറണാകുളത്തെ മുന്‍ ജനപ്രതിനിധിയും ഇടതുപക്ഷ എഴുത്തുകാരനുമായ  വ്യക്തി  അനീതിക്കെതിരെ ,പിതാവിന് നേരെ ആക്രോശിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ നീതി ബോധത്തെ  അഭിനന്ദിക്കാതെ വയ്യ.

കണ്ണൂരില്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ കൊന്നപ്പോഴും ടി. പി. യെ പട്ടിയെപ്പോലെ വെട്ടി നുറുക്കിയപ്പോഴും യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടി നുറുക്കിയപ്പോഴും ശാന്തനും മിതവാദിയും മാളത്തിലൊളിച്ചതുമായ ഈ  എഴുത്തുകാരന്‍  ഇന്നിതാ അട്ടഹസിക്കുന്നു. വിപ്ലവ പാര്‍ട്ടിക്കെതിരെ വരുന്ന ഒരു ചര്‍ച്ചയിലും തപ്പിതടയാതെതെ ഒരു വാചകം മുഴുമിപ്പിക്കുവാന്‍ ഇദ്ദേഹത്തിനാകുകയില്ലെന്നോര്‍ക്കണം.

സഭയുടെ പൌരാണികമായ സ്വത്ത് ( ഒരു ദിനപ്പത്രം) കരക്കാര്‍ക്ക് തീറെഴുതിയ മെത്രാന് മാപ്പ് കൊടുത്ത വിശ്വാസികള്‍, അന്ന് കൂലിയെഴുത്ത് എഴുതി , പുതുപ്പണക്കാരനെയും രാഷ്ട്രീയ നേതാവിനെയും സേവിച്ച ഫാ. റോബി നും മാപ്പ് നല്‍കിയിരിന്നു. അവര്‍ക്ക് അതിലും  നല്ല  സ്ഥാനങ്ങള്‍  നല്‍കി ആദരിച്ചു .  എന്നാല്‍  ആലഞ്ചേരിയെന്ന സന്ന്യാസിയോടു  പൊറുക്കുവാന്‍  ഇവര്‍ക്കാകില്ല . ഏറണാകുളത്തെ വിശ്വാസ പുംഗവന്മാര്‍ക്ക്  ഇന്ന്   മാര്‍ ആലഞ്ചേരി രാജി വയ്ക്കണം

നട്ടാല്‍ കിളുക്കാത്ത നുണകളും ആവശ്യത്തിനും അനാവശ്യത്തിനും ഭക്തിയും കൂട്ടിക്കലര്‍ത്തി അഭിനവ വിശുദ്ധ നാകാന്‍ ശ്രമിക്കുന്ന കേരളത്തിന്‍റെ നവീന ആത്മീയ പിതാവ് ഫാ. പോള്‍ തേലക്കാട്ടിനും,വട്ടോളി , മുണ്ടാടന്‍  സഖ്യത്തിനുമൊക്കെ  ആലഞ്ചേരിയുടെ രാജി വേണം. നിങ്ങള്‍ ഒന്നോര്‍ക്കുക, നാളെ നിങ്ങളെ ചോദ്യം ചെയ്ത് നിങ്ങളുടെ കണക്കുകളുടെ സ്വീകാര്യത ചോദ്യം ചെയ്ത് മറ്റൊരാള്‍ കോടതിയെ സമീപിച്ചാല്‍ തീരാവുന്നതേയുള്ളൂ നിങ്ങളുടെ സത്യസന്ധത.

പിന്നെ വൈദിക സമിതി ,  കള്ളുഷാപ്പുകാരുടെ ബിനാമി വൈദികന്‍ നയിക്കുന്ന ഈ സമിതി ഒന്ന് വിശദമാക്കണം. നിങ്ങളുടെ ജനങ്ങളോടുള്ള പ്രതിബദ്ധത.നീങ്ങളുടെ   കോര്‍പ്പറേറ്റ് മാനേജ്മെന്റ് അദ്ധ്യാപക നിയമനത്തിനായി  വാങ്ങുന്ന ആ കോഴപ്പണം  ഒന്നുപോരെ  , രൂപതയിലെ   അംഗങ്ങളോടുള്ള  വാല്സല്യത്തിനും , അഴിമതിയോടുള്ള എതിര്‍പ്പിനും  തെളിവായി .ചങ്ങനാശ്ശേരിയടക്കമുള്ള  രൂപതകളില്‍  ഈ അദ്ധ്യാപക  നിയമനം രൂപതാംഗങ്ങള്‍ക്ക്   സൗജന്യമാണന്നുകൂടി അറിയുക , സമയം  കിട്ടുമ്പോള്‍  സ്വന്തം  അണികള്‍ക്കെതിരായുള്ള ഈ പകല്‍കൊള്ളക്കെതിരെ ഒരു ലേഖനവും ,പ്രസ്താവനയും  കുറഞ്ഞപക്ഷം രൂപതയുടെ  മുഖപത്രത്തിലെങ്കിലും തട്ടി വിടുക .

 

നിങ്ങള്‍ നിങ്ങളുടെ ആചാര്യനെതിരെ  നിയമ യുദ്ധം ചെയ്യുമ്പോള്‍ കുപ്പായം ഊരിവച്ചിട്ട് ഞങ്ങളുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥയിലെക്കിറങ്ങി വരിക. എന്നിട്ട്  നിയമ  യുദ്ധം  ചെയ്യുക . മേലധികാരിക്ക് വിധേയമായി ജീവിച്ചുകൊള്ളാം എന്ന് വാഗ്ദാനം ചെയ്യുകയും വിശ്വസ്തത പാലിക്കാം എന്നുറപ്പ് നല്‍കുകയും ചെയ്ത് പട്ടമേറ്റ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന ഈ  സന്ദേശം രാഷ്ട്രിയ  പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക പോലയെ സാധാരണ വിശ്വാസിക്ക് തോന്നുകയുള്ളൂ.

തൊടുപുഴയിലെ പ്രൊഫ. ജോസഫിന്‍റെ കൈ വെട്ടിയപ്പോള്‍ എവിടെയായിരുന്നു ഈ സത്യം ഘോഷിക്കുന്ന വൈദികര്‍ ? അദ്ദേഹത്തെ ഒന്നുകൂടി പീഡിപ്പിച്ച്  അദ്ദേഹത്തിന്‍റെ ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച നിങ്ങള്‍ ആരോടാണ് ഇപ്പോള്‍ സത്യം ഘോഷിക്കുന്നത്.  കോടതി കുറ്റമില്ലെന്നു പറഞ്ഞ ജോസഫിനെ തിരിച്ചെടുക്കാന്‍ കൂട്ടാക്കാത്ത നിങ്ങളുടെ ആ മാനവിക സ്നേഹം മറക്കാതെ വയ്യ.പക്ഷെ  അതെ കോടതിയുടെ  പരാമര്‍ശത്തിന്‍റെ  പേരില്‍ പോലും   നിങ്ങള്‍  പിതാവിന്‍റെ രാജിക്കായി  മുറവിളി  കൂട്ടുന്നു .

സഭയുടെ പണി റിയല്‍ എസ്റ്റെറ്റാണോ എന്ന് തോന്നിപ്പോകും. ഇപ്പോഴത്തെ ചര്‍ച്ചകള്‍ കാണുമ്പോള്‍ ഒന്നോര്‍ത്തോളൂ, ഇതിനേക്കാള്‍ സൌമ്യനായി ഇനിയൊരു സഭാ തലവനെ നിങ്ങള്‍ക്ക് ലഭിക്കില്ല.പന്നിക്കൂട്ടത്തിന്  മുന്‍പില്‍  മുത്തുവിതറരുതെന്ന് ബൈബിള്‍  പറയുന്നു .

ഇനി സിനഡിന് പറ്റിയ തെറ്റ് , ഏതൊരു നിയമത്തിലും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്ത് കൊണ്ടു പരസ്യമായി അധ്യക്ഷനെതിരെ പ്രതികരിച്ച എറണാകുളം അങ്കമാലിയിലെ സംപൂജ്യ മെത്രാന്മാര്‍ക്കെതിരെയും വൈദികര്‍ക്കെതിരെയും നടപടി എടുത്തില്ല. അന്ന് നിങ്ങള്‍ നടപടിയെടുത്തിരുന്നെങ്കില്‍ ഇന്നൊരാളും ശബ്ദിക്കില്ലായിരുന്നു. തെറ്റിന് നിങ്ങള്‍ അംഗീകാരം നല്‍കി. അത് നിങ്ങളുടെ കുഴപ്പം. ഇനിയും  വൈകിയിട്ടില്ല  വടക്കേ ഇന്ത്യയില്‍  ഇനിയും  മെത്രാന്മാരെ  ആവശ്യമുണ്ട് .

ഏതൊരു സംവിധാനത്തിലും മേധാവിക്കെതിരെ യുദ്ധത്തിനിറങ്ങുമ്പോള്‍ സ്ഥാനമാനങ്ങള്‍ രാജിവച്ച് വേണം യുദ്ധം ചെയ്യാന്‍. മുഖ്യമന്ത്രിക്കെതിരെ നിയമ യുദ്ധത്തിന്  ഒരു മന്ത്രി പോകുമ്പോള്‍ മന്ത്രിസ്ഥാനം രാജിവച്ച് വേണം പോകുവാന്‍ , ഇതാണ്  നാട്ടുനടപ്പ് . എന്നാല്‍ ഇവിടെ ചില വെള്ളയടിച്ച കുഴിമാടങ്ങളായി മാറിയ  ചിലര്‍  കുപ്പായം ഊരാതെ തങ്ങളുടെ വ്രതവാഗ്ദാനം ലംഘിച്ച് ചാനലുകള്‍ കേറിയിറങ്ങി രാഷ്ട്രീയക്കാരെ പോലും നാണിപ്പിക്കുന്നു.

സ്വന്തം സഭയെന്താണെന്നറിയാത്തവരായ വിശ്വാസികളും യാക്കോബായ സഭയുടെ തെരുവ് യുദ്ധത്തിനെതിരേ ഘോരഘോരം പ്രസംഗിച്ച വൈദികരും,  പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത്  മറ്റൊന്ന്  എന്ന് വിശ്വസിക്കുന്ന മെത്രാന്മാരുമാണ് സീറോമലബാര്‍ സഭയുടെ ശാപം നിങ്ങളെ രക്ഷിക്കാന്‍ കര്‍ത്താവിനാകുകയില്ല. സമ്മതിക്കണം നിങ്ങളുടെ തൊലിക്കട്ടി, നിയമാവബോധം, സത്യസന്ധത. മാനവസ്നേഹം .

ഇനിയും  വൈകിയിട്ടില്ല ,   സഭയുടെ  ആസ്ഥാനം   സഭയെ  സ്നേഹിക്കുന്ന , വിശ്വാസികളും  , വൈദികരുമുള്ള  മറ്റേതെങ്കിലും   സ്ഥലത്തേക്ക്  ഉടനടി  മാറ്റി   സ്ഥാപിക്കാന്‍  നടപടിയെടുക്കണമെന്നും  , കലഹപ്രിയരായ  എടയന്ത്രത്ത് , പുത്തന്‍വീട്ടില്‍  ,  ഭരണിക്കുളങ്ങര ,  മാരാപറമ്പില്‍ ,  തേലക്കാട് , മുണ്ടാടന്‍ , വട്ടോളി  സഖ്യത്തിന്   തക്കതായ   ശിക്ഷ  ഉടനടി  നല്‍കണമെന്നും  ഭൂരിപക്ഷം  വരുന്ന  ഈ  സഭയിലെ  വൈദികരും  , വിശ്വാസികളും   ആവശ്യപ്പെടുമ്പോള്‍ , കാഴ്ചക്കാരായി  കൈകെട്ടി  നില്‍ക്കാതെ    തക്കതായ   നടപടിയുമായി  സിനഡ്  ഉണര്‍ന്നു  പ്രവര്‍ത്തിക്കണം .

 

 

 

×