Advertisment

സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം - ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ

New Update

ഡാലസ്:  ശക്തരെന്നോ, അശക്തരെന്നോ വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളില്‍ കോവിഡ് 19 എന്ന മഹാമാരി നിര്‍ദാക്ഷിണ്യം പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുന്നത് കണ്ട് ലോകജനത പകച്ചുനില്‍ക്കുമ്പോള്‍ എന്തുകൊണ്ട് ഈ മഹാമാരി ? എന്ത് കൊണ്ട് ഈ ഭയാനകാവസ്ഥ ? എന്ന് ചിന്തിച്ചു സമയം വൃഥാവാക്കാതെ നമ്മുടെ മുമ്പില്‍ തുറന്നു കിടക്കുന്ന സഹനത്തിന്റെ പാതയിലൂടെ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി പ്രാപിക്കേണ്ടതു അനിവാര്യമാണെന്നും ലോക് ഡൗണ്‍ കാലങ്ങളില്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഒന്നിച്ചു കഴിയുമ്പോള്‍ തിരുവചന ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും കൂടുതല്‍ സമയം ചിലവഴിക്കണമെന്നും നോര്‍ത്ത് അമേരിക്ക– യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ ഉദ്‌ബോധിപ്പിച്ചു.

Advertisment

publive-image

മെയ് 12 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈന്‍ ആറാം വാര്‍ഷിക സമ്മേളനത്തില്‍ വചനശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു തിരുമേനി.

ദൈവത്തിന്റെ ഉത്തമസാക്ഷിയായി ജീവിക്കുകയും ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്ത പൗലോസ് അപ്പോസ്‌തോലന്റെ സന്തത സഹചാരികളായിരുന്ന കഷ്ടത, രോഗം, തടവ്, പീഡനം എന്നിവയുടെ തീവ്രതയിലും നിര്‍വ്യാജ സുവിശേഷം കാത്തുസൂക്ഷിക്കുന്നതിനും ജ്വലിച്ചു പ്രകാശിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് നമ്മുടെ ജീവിതത്തിലും മാതൃകയാക്കണമെന്നും തിരുമേനി പറഞ്ഞു.

ഐപിഎല്ലിന്റെ കോര്‍ഡിനേറ്ററായ സി. വി. ശാമുവേല്‍ തിരുമേനിയെ സ്വാഗതം ചെയ്തു. 2014 മെയ് 1ന് 5 പേര്‍ പ്രാര്‍ത്ഥിച്ചു ആരംഭിച്ച കൂട്ടായ്മ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന തലത്തിലേക്ക് ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.

റവ. അജു അബ്രഹാമിന്റെ (അറ്റ്‌ലാന്റാ) പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഷാജി രാമപുരം (ഡാലസ്) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഐപിഎല്ലിന്റെ സംഘാടകന്‍ ടി. എ. മാത്യു (ഹൂസ്റ്റണ്‍) നന്ദി രേഖപ്പെടുത്തി.

ജോസഫ് മാത്യു മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. നിരവധി പട്ടക്കാര്‍ ഉള്‍പ്പെടെ ധാരാളം പേര്‍ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തു.

Advertisment