Advertisment

ഹൂസ്റ്റൺ റാന്നി അസോസിയേഷൻ വാർഷിക കുടുംബസംഗമം വർണാഭമായി

New Update

ഹൂസ്റ്റൺ:  ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ഈ വർഷത്തെ കുടുംബസംഗമവും വാർഷിക പൊതുയോഗവും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട്ശ്രദ്ധേയമായി.

Advertisment

publive-image

ഏപ്രിൽ 27നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലുള്ള ദേശി ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ട സംഗമത്തിൽ പ്രസിഡണ്ട് ജീമോൻ റാന്നി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം റാന്നിയിൽ നടത്തിയ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞ് സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

തുടർന്ന് സംഗമത്തിൽ മുഖ്യാതിഥിയായി എത്തിയ ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് 3 ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെട്ട് ഉജ്ജ്വല വിജയം കൈവരിച്ച ജഡ്ജ് ജൂലി മാത്യുവിനെആദരിച്ചു. വനിതാ പ്രതിനിധികളായ ആഷാ റോയിയും ഷീജ ജോസും ചേർന്ന് ജൂലിയെ പൊന്നാട നൽകി ആദരിച്ചു.

ഹൂസ്റ്റണിലെ മലയാളീ പ്രവാസി സമൂഹത്തിന്റെ സ്നേഹവുംആദരവുമൊക്കെ ലഭിക്കുമ്പോൾ താൻ കൂടുതൽ വിനയാന്വിതായി മാറുകയാണെന്ന് ജൂലി പറഞ്ഞു. ഹൂസ്റ്റണിലെ ഏറ്റവും പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ എച്ച്ആർഎയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേർന്നുകൊണ്ട് ജഡ്ജ് ജൂലി കുടുംബസംഗമം ഉത്ഘാടനം ചെയ്തു.

publive-image

സംഗമത്തോടനുബന്ധിച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ 2018-19 ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ റോയ് തീയാടിക്കൽവാർഷിക കണക്കും അവതരിപ്പിച്ചു.

റവ. ഏബ്രഹാം സഖറിയ (ജെക്കു അച്ചൻ), ജോയ് മണ്ണിൽ (ഉപരക്ഷാധികാരി), ബാബു കൂടത്തിനാലിൽ (ഉപരക്ഷാധികാരി), ഈശോ ജേക്കബ്, സി.ജി. ദാനിയേൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കഴിഞ്ഞ വർഷം ഹൈടവർ ഹൈസ്കൂളിൽ നിന്നും വാലിഡക്ടോറിയൻ പദവി കരസ്ഥമാക്കിയ അസ്സോസിയേഷൻ അംഗം ഷാരോൺ സഖറിയയെ യോഗത്തിൽ അനുമോദിച്ചു. ഷാരോൺ സഖറിയയ്ക്കുള്ള മെമെന്റോ ജെക്കു അച്ചനിൽ നിന്ന് ഷാരോണിന്റെ സഹോദരി ഐറിൻ സഖറിയ ഏറ്റുവാങ്ങി.

publive-image

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർ അംഗങ്ങളായുള്ള റാന്നി മുക്കുഴി മാർത്തോമാ ഇടവകയിലെ ജനങ്ങളുടെയും, ആ ഗ്രാമത്തിലെ ജനങ്ങളുടെയുംചിരകാലാഭിലാഷമായിരുന്ന ദേവാലയത്തിലേക്കുള്ള സഞ്ചാരയോഗ്യമായ ഒരു റോഡ് യാഥാർഥ്യമാക്കിയ ഉപരക്ഷാധികാരി ബാബു കൂടത്തിനാലിന്റെ ജീവകാരുണ്യപ്രവർത്തങ്ങളെ മുക്തകണ്ഠം പ്രശംസിച്ചതോടൊപ്പം അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവർത്തനത്തിന് സംഘടനയുടെ പൊന്നാട പ്രസിഡണ്ട് ജീമോൻ റാന്നി അണിയിച്ചു. റോഡിനാവശ്യമായ വലിയ വില കൊടുത്ത് സ്ഥലം വാങ്ങി നൽകിയതു കൂടാതെ അത് പണിതു നൽകിയതും ബാബുവാണ്.

ജനുവരിയിൽ റാന്നിയിൽ വച്ച് നടന്ന പ്രത്യേക ചടങ്ങിൽ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു രാജു എബ്രഹാം എംഎൽഎയിൽ നിന്ന് സ്വീകരിച്ച ഗുഡ് സമരിറ്റൻഅവാർഡ് ജീമോൻ റാന്നി സെക്രട്ടറി ജിൻസ് മാത്യുവിനെ ഏല്പിച്ചു. 10,000 ഡോളറിൽ അധികം സമാഹരിച്ച അസ്സോസിയേഷൻ റാന്നി ഗുഡ് സമരിറ്റൻ ട്രസ്റ്റിനോട് ചേർന്ന്‌ ഏഴുലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് റാന്നിയിൽ നടത്തിയത്.

അസ്സോസിയേഷൻ അംഗങ്ങളും ഹൂസ്റ്റണിലെ പ്രശസ്ത ഗായകരുമായ ജോസ് മാത്യു, മീര സഖറിയ എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും റോയ് തീയാടിക്കലിന്റെ കവിതയുംസംഗമത്തിന് മാറ്റ് കൂട്ടി. ജോ.സെക്രട്ടറി ബിനു സഖറിയ നന്ദി പറഞ്ഞു. ജെക്കു അച്ചന്റെ പ്രാർത്ഥനയ്ക്കും വിഭവസമൃദ്ധമായ ഡിന്നറിനും ശേഷം കുടുംബസംഗമം സമാപിച്ചു.

Advertisment