അമേരിക്കയില്‍ ഒരു ബാനറും സംഘടനയും അടയാളങ്ങളുമില്ലാതെ 7 യുഎസ് മലയാളി ചുണക്കുട്ടികളുടെ ആഹ്വാനം ആവേശമായി ! കേരളത്തിനുള്ള ദുരിതാശ്വാസ ഫണ്ട് ശേഖരണം 10 കോടി കവിഞ്ഞു. കേരളത്തെ സഹായിക്കാനെത്തിയവര്‍ യുഎസ് പൗരന്മാരും വിദേശികളും വരെ ! ലൈക്കടിച്ച് സൈബര്‍ ലോകം 

ന്യൂസ് ബ്യൂറോ, യു എസ്
Friday, August 24, 2018

ചിക്കാഗോ:  പ്രളയം ദുരന്തം വിതച്ച കേരളത്തെ സഹായിക്കാന്‍ ഒരു പറ്റം ചെറുപ്പക്കാര്‍ ഒരു ബാനറും ഉയര്‍ത്താതെ രംഗത്തിറങ്ങിയപ്പോള്‍ കൈ അയച്ച് സഹായിച്ച് അമേരിക്കന്‍ ലോകവും. ഒരു സംഘടനയുടെയും അസോസിയേഷന്റെയും ബാനറുകളും അടയാളങ്ങളുമില്ലാതെ യു എസിലെ 7 ചെറുപ്പക്കാര്‍ നടത്തിയ ആഹ്വാനം വഴി കേരളത്തിനായി ഇതുവരെ പിരിഞ്ഞുകിട്ടിയത് 10 കോടിയിലേറെ രൂപ.

1 കോടി പിരിച്ചെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ലക്‌ഷ്യം വച്ച് തുടങ്ങിയ ഫണ്ട് പിരിവ് ഒരാഴ്ച പൂര്‍ത്തിയാകും മുമ്പാണ് 1.5 മില്യന്‍ ഡോളര്‍ (ഏകദേശം 10 കോടി) കവിഞ്ഞത്.

ഫെയ്സ്ബുക്കിലെ ഫണ്ട് റെയ്സര്‍ പ്രോഗ്രാം വഴിയാണ് ഫണ്ട് പിരിവ്. അതിനാല്‍ തന്നെ പിരിക്കുന്ന പണത്തിന് മുഴുവന്‍ കണക്കുണ്ട്. ഫണ്ട് പിരിവ് എല്ലാ പ്രതീക്ഷകളും തെറ്റിച്ച് മുന്നേറിയപ്പോള്‍ ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയും ഇവരുടെ പരിശ്രമങ്ങള്‍ക്കുണ്ട്.

അരുണ്‍ നെല്ലാമറ്റം, എബിന്‍ കുളത്തിക്കരോട്ട്, അജോ പൂതിറ എന്നിവരുടെ നേതൃത്വത്തിലാണ് ഏഴംഗ ചെറുപ്പക്കാരുടെ സംഘം ദുരിതാശ്വാസ ഫണ്ട് പിരിവിന് ആഹ്വാനം ചെയ്തത്. മലയാളികളും വിദേശികളും ഉള്‍പ്പടെ 25000 ത്തിലധികം ആളുകളാണ് ഈ ചെറുപ്പക്കാരുടെ ദൌത്യത്തില്‍ പങ്കുചേര്‍ന്നത്.

നിലവില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ വലിയൊരു സംഖ്യ തന്നെ കേരളത്തിന്റെ പുനസൃഷ്ടിക്കായ് ഇവരുടെ കൂട്ടായ്മ വഴി കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കാരല്ലാത്തവര്‍ വരെ കൈകോര്‍ത്തുവെന്നതാണ് ഈ ദൌത്യത്തിന്റെ പ്രത്യേകത. നിലവില്‍ സാമൂഹ്യ – സാംസ്കാരിക സംഘടനകള്‍ നടന്ന ദുരിതാശ്വാസ ഫണ്ട് ശേഖകരണങ്ങളില്‍ ഏറ്റവും കൂടിയ തുക കളക്റ്റ് ചെയ്തത് യു എസിലെ എഫ് ബി ഫണ്ട് റേസര്‍ വഴിയുള്ള ഈ ഫണ്ട് ശേഖരണമാണ്.

×