Advertisment

ആചാരാനുഷ്‌ഠാനങ്ങള്‍ മനുഷ്യനുവേണ്ടിയോ, അതോ മനുഷ്യന്‍ ആചാരാനുഷ്‌ഠാനങ്ങള്‍ക്കുവേണ്ടിയോ ? - കേരള റൈറ്റേഴ്‌സ്‌ ഫോറത്തില്‍ സംവാദം

author-image
പി പി ചെറിയാന്‍
Updated On
New Update

ഹ്യൂസ്റ്റന്‍:  ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ഡിസംബര്‍ മാസയോഗത്തില്‍ മുഖ്യവിഷയം 'ആചാരാനുഷ്‌ഠാനങ്ങള്‍ മനുഷ്യനു വേണ്ടിയോ, അതോ മനുഷ്യന്‍ ആചാരാനുഷ്‌ഠാനങ്ങള്‍ക്കുവേണ്ടിയോ' എന്നുള്ള ഒരു സംവാദമായിരുന്നു. ഡിസംബര്‍ 16-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരള കിച്ചന്‍ റസ്റ്റോറന്റ്‌ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു സംവാദം.

Advertisment

publive-image

റ്റി.എന്‍. സാമുവല്‍ മേഡറേറ്റ്‌ ചെയ്‌ത യോഗത്തില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട്‌ എ.സി. ജോര്‍ജ്ജ്‌ സംവാദത്തിന്‌ തുടക്കം കുറിച്ചു. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മനുഷ്യനുവേണ്ടി, മനുഷ്യരുടെ മൊത്തമായ ഗുണത്തിനും മേന്മയ്‌ക്കും ഉന്നമനത്തിനും വേണ്ടി മാത്രമായിരിക്കണം. അല്ലാതെ മനുഷ്യകുലം ആചാരാനുഷ്‌ഠാ നങ്ങള്‍ക്കോ, ദൈവങ്ങള്‍ക്കോ, ആള്‍ദൈവങ്ങള്‍ക്കോ വേണ്ടിയാകരുത്‌.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും പരസ്‌പര പൂരകങ്ങളാണ്‌. ആചാരങ്ങളിലും അനാചാരങ്ങളിലും പാരമ്പര്യങ്ങളിലും അന്ധവിശ്വാസങ്ങളിലും ഇന്ന്‌ പലയിടത്തും മനുഷ്യനെ തളച്ചിടുന്നു. ഓരോ ജാതിക്കും വര്‍ഗ്ഗത്തിനും മതത്തിനും പ്രത്യേകം പ്രത്യേകം ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമാണ്‌.

ഒരു പക്ഷേ ആചാരം മാത്രമല്ല ദുരാചാരമായാല്‍പ്പോലും അതിനെ തൊട്ടുകളിച്ചാല്‍ വെട്ടായി, കുത്തിക്കൊലയായി, വിപ്ലവമായി, രക്തച്ചൊരിച്ചിലായി. എല്ലാ ആചാരങ്ങളിലും എത്ര തെറ്റായാലും ശരിയായാലും മൗലികവാദികളുണ്ട്‌. മതവും, മതപുരോഹിതരുമാണ്‌ അധിക പക്ഷവും ദുരാചാരങ്ങളുടേയും അനാചാരങ്ങളുടേയും സദ്‌ഗുണ ആചാരങ്ങളുടേയും മൗലിക വക്താക്കള്‍. അവരുടെ ജീവിതമാര്‍ഗ്ഗവും ഉദരപൂരണവും മതമൗലീക ആചാരകര്‍മ്മങ്ങള്‍, അനുഷ്‌ഠാനങ്ങള്‍ തന്നെയാണ്‌.

പുരാതനകാലം മുതല്‍ ഇന്നും മിക്ക ആചാരങ്ങളും പ്രത്യേകമായി സ്‌ത്രീവിരുദ്ധമാണ്‌. സതി എന്ന ദുരാചാരം നിര്‍ത്തലാക്കിയപ്പോഴും തിരുവിതാംകൂറില്‍ സ്‌ത്രീകള്‍ക്ക്‌ മാറ്‌ മറച്ചുകൊണ്ട്‌ ബ്രാഹ്മണരായ പൂജാരികളുടെ മുമ്പിലോ അമ്പലത്തിലോ പോകാമെന്ന വ്യവസ്ഥ നിയമത്തിലാക്കിയപ്പോഴും കുറേപ്പേര്‍, സ്‌ത്രീകളടക്കം അതിനെതിരെ ശബ്‌ദിച്ചു. എതിരെ ശബ്‌ദിച്ചവര്‍ക്ക്‌ ആ സ്‌ത്രീവിരുദ്ധ ദുരാചാരം തുടരണമായിരുന്നു.

ഈ ദുരാചാരങ്ങള്‍ക്ക്‌ ഇരകളായിരുന്ന അന്നത്തെ സ്‌ത്രീകളില്‍ കുറെപ്പേരെയെങ്കിലും ആ പുതിയ നീതിയുക്തമായ പൊതുജനോപകാരപ്രദമായ നിയമത്തിനെതിരെ ഇളക്കിവിട്ട ചരിത്രമുണ്ട്‌. കേരളത്തില്‍ ഇന്നും അതു തന്നെയല്ലെ നടക്കുന്നത്‌. പ്രായഭേദമെന്യേ സ്‌ത്രീകള്‍ക്കുകൂടി ശബരിമലയില്‍ പോകാം എന്ന ഒരു വിധി സുപ്രീംകോടതി പ്രഖ്യാപിച്ചു. അതു ന്യായമല്ലേ. ന്യായവിധിയല്ലേ.

താല്‌പര്യമില്ലാത്ത ആരേയും പിടിച്ചുകെട്ടി ശബരിമലയില്‍ കൊണ്ടുപോകുന്നില്ല. താല്‌പര്യമുള്ള സ്‌ത്രീജനങ്ങളും ശബരിമലയില്‍ പോകട്ടെ. ആ ന്യായവിധി ഉടന്‍ തന്നെയോ തമസിച്ചോ നടപ്പാക്കേണ്ടതും പാലിക്കപ്പെടേണ്ടതുമല്ലേ? അവിടെ പോകാന്‍ ശ്രമിക്കുന്ന സ്‌ത്രീകളെ തടയുന്നതും ആ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തിനെതിരെ ആചാരം ആചാരം എന്ന്‌ ഗോഗ്വാ വിളിച്ച്‌ സമരം നടത്തുന്നത്‌ ജനവിരുദ്ധവും സുപ്രീം കോടതിയോടും ഇന്ത്യന്‍ ഭരണഘടനയോടുമുള്ള വെല്ലു വിളിയുമല്ലേ?

ന്യായവിധിക്കെതിരെ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി, രാഷ്‌ട്രീയ ഭിക്ഷാംദേഹികള്‍ മുതലെടുക്കുന്നതും, സ്വയം പ്രകോപനം ഉണ്ടാക്കി ഹര്‍ത്താല്‍ നടത്തി പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നതും മനുഷ്യാവകാശലംഘനം തന്നെയാണ്‌. എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുക എന്നതും പല രാഷ്‌ട്രീയക്കാരുടേയും പ്രസ്ഥാനങ്ങളുടേയും ഒരു ആചാരമായി മാറിക്കഴിഞ്ഞു.

ഹര്‍ത്താല്‍ ആചാരവും മനുഷ്യനുവേണ്ടിയാണോ, ദൈവത്തിനുവേണ്ടിയാണോ - അല്ല. ഈ ശബരിമല വിഷയം പോലെ തന്നെ ക്രൈസ്‌തവ മതത്തിലും മുസ്‌ലീം മതത്തിലും മറ്റു പല മതങ്ങളിലും ആചാരങ്ങളും ദുരാചാരങ്ങളും നിലനില്‍ക്കുന്നു. അതിനെതിരെ ശബ്‌ദിച്ചാല്‍ ആ മതങ്ങളില്‍ നിന്നെല്ലാം ആചാര മൗലീകവാദികളും സദാചാര ഗുണ്ടകളും ഇളകിവരും.

കേരളത്തില്‍ അടുത്തകാലത്ത്‌ സംഭവിച്ച മഹാപ്രളയ ദുരിതനാശനഷ്‌ടങ്ങളില്‍ നിന്ന്‌ കരകയറാനുള്ള ശ്രമങ്ങള്‍ക്കു പകരം അന്യായമായി ആചാര സംരക്ഷണത്തിനായി മൗലികവാദികളും, രാഷ്‌ട്രീയക്കാരും രംഗത്തിറങ്ങി. പണവും ആള്‍ശേഷിയും ദുര്‍വിനിയോഗം നടത്തുന്നത്‌ തികച്ചും ബുദ്ധിശൂന്യവും മൗഢ്യവുമല്ലേ? ഈ ആചാരങ്ങളും, ദുരാചാരങ്ങളും നിയമത്തേയും മനുഷ്യ തുല്യാവകാശങ്ങളേയും താല്‌പര്യങ്ങളേയും വെല്ലുവിളിച്ച്‌ നിലനിര്‍ത്തിയതുകൊണ്ട്‌ ദൈവം പ്രസാദിക്കുമോ? മനുഷ്യനു വല്ല ഗുണവുമുണ്ടോ?

അതിനാല്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ആത്യന്തികമായി പൊതുവായി മനുഷ്യന്‌ ഉപകാരമോ നേട്ടമോ ഉണ്ടാകുന്നതായിരിക്കണമെന്ന്‌ എ.സി. ജോര്‍ജ്ജ്‌ ശക്തിയുക്തം വാദമുഖങ്ങള്‍ നിരത്തി. തുടര്‍ന്നു സംസാരിച്ച എല്ലാവരും പ്രമേയ അവതാരകനോട്‌ യോജിച്ചുകൊണ്ട്‌ ആചാരാനുഷ്‌ഠാനങ്ങള്‍ മനുഷ്യനുവേണ്ടി മാത്രമായിരിക്കണമെന്ന്‌ അര്‍ത്ഥ ശങ്കയ്‌ക്കിടയില്ലാത്ത വിധം ബുദ്ധിക്കും യുക്തിക്കും ന്യായത്തിനും അടിവരയിട്ടു കൊണ്ട്‌ തന്നെ സംസാരിച്ചു.

ജോസഫ്‌ തച്ചാറയുടെ ``വേദന'' എന്ന ശീര്‍ഷകത്തിലുള്ള കവിതാ പാരായണമായിരുന്നു അടുത്തയിനം. ചിലരെ കൊന്നതിന്റെ പേരില്‍, ചില സ്‌ത്രീകളെ ബലാല്‍ക്കാരം ചെയ്‌ത്‌ ചാരിത്ര്യം കവര്‍ന്നതിന്റെ പേരില്‍ ചിലരെ ജയിലില്‍ ഇടുന്നതു ശരിയാണോ എന്ന്‌ ചില കുറ്റം ചെയ്‌തവര്‍ ചോദിക്കുകയാണ്‌.

കൊല്ലപെടാതെ, മാനം നഷ്‌ടപ്പെടാതെ ശ്രദ്ധിക്കേണ്ടത്‌ ഇരകളുടേയും അവരെ പിന്തുണയ്‌ക്കുന്നവരുടേയും ഉത്തരവാദിത്വങ്ങള്‍ കൂടിയല്ലേയെന്ന്‌ ഒരു നിഷേധാത്മക പ്രമേയമാണ്‌ ഈ കവിതയിലെ ഉള്ളടക്കം.

പലപ്പോഴും പല ക്രിമിനല്‍ പ്രതികളുടേയും പ്രതീകാത്മകമായ ഒരു നിലപാടിലേക്കാണ്‌ ഈ കവിത വിരല്‍ ചൂണ്ടിയത്‌. ഗ്രേയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യ സാംസ്‌കാരിക പ്രബുദ്ധരായ ജോണ്‍ മാത്യു, റ്റി.എന്‍. സാമുവല്‍, മാത്യു മത്തായി, ഈശോ ജേക്കബ്‌, എ.സി. ജോര്‍ജ്ജ്‌, മാത്യു നെല്ലിക്കുന്ന്‌, ജോസഫ്‌ പൊന്നോലി, കുര്യന്‍ മ്യാലില്‍, ജോസഫ്‌ തച്ചാറ, ഗ്രേസി നെല്ലിക്കുന്ന്‌, ബോബി മാത്യു തുടങ്ങിയവര്‍ ചര്‍ച്ചായോഗത്തില്‍ സജീവമായി പങ്കെടുത്തു. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച മാത്യു മത്തായി നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

Advertisment