മരണ സമയത്ത് ഇമാമിന്റെ സാന്നിധ്യം ചേംബറില്‍ വേണമെന്ന ആവശ്യം അംഗീകരിക്കാതെ അലബാമയില്‍ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാന്‍
Tuesday, February 12, 2019

അലബാമ:  വധശിക്ഷ നടപ്പാക്കുന്ന ചേംബറില്‍ ഇമാമിന്റെ സാന്നിധ്യം വേണമെന്ന മുസ്ലീം പ്രതിയുടെ ആവശ്യം തള്ളി സുപ്രീംകോടതിവിധി പ്രസ്താവിച്ചതിന് തൊട്ടടുത്ത മണിക്കൂര്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. അലബാമയില്‍ ഫെബ്രുവരി 7വ്യാഴാഴ്ച രാത്രി 10.30 നായിരുന്നു ഡൊമിനിക്റെ (42) യുടെ വധശിക്ഷ ജയിലധികൃതര്‍ നടപ്പാക്കിയത്.

മാരകമായ വിഷം സിരകളിലേക്ക് പ്രവേശിപ്പിച്ചു മിനിട്ടുകള്‍ക്കകം മരണം സ്ഥീരീകരിച്ചു. ജയിലില്‍ ക്രിസ്ത്യന്‍ ചാപല്‍യ്‌നായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ സാന്നിദ്ധ്യം വധശിക്ഷ നടപ്പാക്കുമ്പോള്‍ ചേംബറില്‍ അനുവദിച്ചിരിക്കുന്നതുപോലെ മുസ്ലീം മതവിശ്വാസിയായ തനിക്ക് ഇമാമിന്റെ സാന്നിധ്യം ആവശ്യമാണെന്ന് പ്രതിയുടെ അപേക്ഷ ഫെബ്രുവരി 6 ബുധനാഴ്ച യു.എസ്. സര്‍ക്യൂട്ട് കോടതി അംഗീകരിച്ചിരുന്നു.

പ്രതിയുടെ മതപരമായ അവകാശം നിഷേധിക്കരുത് എന്ന് ചൂണ്ടികാട്ടിയാണ് സര്‍ക്യൂട്ട് കോടതി അനുകൂലവിധി പ്രഖ്യാപിച്ചത്. എന്നാല്‍ യു.എസ്. സു്പ്രീം കോടതി നാലിനെതിരെ അഞ്ചു വോട്ടുകളോടെ സര്‍ക്യൂട്ട് കോടതിയുടെ വിധി അസ്ഥിരപ്പെടുത്തി വധശിക്ഷ നടപ്പാക്കുന്നതിനനുമതി നല്‍കുകയായിരുന്നു.

ജനുവരി 28 വരെ പ്രതി ഈ ആവശ്യം ഉന്നയിച്ചില്ലാ എന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതി വധശിക്ഷക്ക് അനുമതി നല്‍കിയത്. സംസ്ഥാനത്തു ആദ്യമായാണ് ഇങ്ങനെ ഒരു പ്രതിസന്ധി ഉടലെടുത്തതെന്ന് ഡെത്ത് പെനാലിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എക്‌സിക്യൂട്ട് ഡയറക്ടര്‍ റോബര്‍ട്ട് പറഞ്ഞു. പ്രതിയുടെ ആവശ്യം അംഗീകരിക്കാതെ വധശിക്ഷ നടപ്പാക്കുന്നതു തെറ്റാണെന്ന് സുപ്രീം കോടതി ജഡ്ജി എലീന വിയോജന കുറിപ്പെഴുതിയിരുന്നു.

×