അമേരിക്കന്‍ തടവുകാരുടെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ദേശവ്യാപക ഉപവാസ സമരം ആരംഭിച്ചു

പി പി ചെറിയാന്‍
Thursday, August 23, 2018

വാഷിങ്ടന്‍:  അമേരിക്കന്‍ തടവറകളില്‍ കഴിയുന്ന കുറ്റവാളികള്‍ ആധുനിക അടിമത്വത്തിനെതിരെ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഉപവാസ സമരത്തിന് ഓഗസ്റ്റ് 21 ചൊവ്വാഴ്ച തുടക്കം കുറിച്ചു.

ജയിലില്‍ തടവുകാരായി കഴിയുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, കുറ്റവാളികള്‍ക്ക് മാനുഷിക പരിഗണന നല്‍കുന്ന പുതിയ ജയില്‍ നയങ്ങള്‍ തയാറാക്കുക, ജയിലില്‍ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ന്യായമായ വേതനം നല്‍കുക, ജയില്‍ വിമോചിതരാകുന്നവര്‍ക്ക് പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍ അനുവദിക്കുക, നിയമ സഹായം ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പരോള്‍ ലഭിക്കാതെയുള്ള ശിക്ഷാ വിധി ഒഴിവാക്കുക തുടങ്ങിയ പ്രധാന 10 ആവശ്യങ്ങളാണു സമരം ചെയ്യുന്ന തടവുകാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

പത്തൊമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അമേരിക്കന്‍ ചരിത്രത്തിലാദ്യമായ ഈ സമരം സംഘടിപ്പിച്ചിരിക്കുന്നതു ജയിലില്‍ കഴിയുന്ന അന്തേവാസികള്‍ തന്നെയാണ്.പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 20,000 തടവുകാര്‍ അവര്‍ക്കു നല്‍കിയിരുന്ന ജോലികളില്‍ നിന്നും വിട്ടു നിന്ന് 2016 സെപ്റ്റംബറില്‍ നടത്തിയ സമരമാണ് ഇതിനു മുമ്പ് അമേരിക്ക കണ്ട ഏറ്റവും വലിയ ജയില്‍ സമരം.

കലിഫോര്‍ണിയാ പ്രിസന്‍ യാര്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാരോപിച്ചു കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ജാക്‌സനെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ 47ാം വാര്‍ഷികം കൊണ്ടാടുന്ന ഓഗസ്റ്റ് 21 ന് തന്നെയാണ് ജയിലില്‍ നടക്കുന്ന ആധുനിക അടിമത്വത്തിനെതിരെ സമാധാനപരമായ സമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

×