Advertisment

കാളക്കൂറ്റൻ ആകുവാൻ പോയ മക്കളെ കാളപുറത്തേറ്റുന്ന കാനഡ

New Update

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഒന്റാറിയോ വിൽ അന്താരാഷ്‌ട്ര പഠന വിസയിൽ എത്തുന്ന മലയാളികൾ ഉൾപ്പടെ ഉള്ളവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ ഒന്നും പറഞ്ഞു കേൾക്കാത്ത രീതിയിൽ രണ്ടു വർഷത്തിനിടയിൽ വിവിധ കോളേജുകളിൽ പഠനത്തിനായി എത്തിയവരിൽ സാധാരണ മരണം, ആത്മഹത്യ, കാണാതെ ആയവർ ഉൾപ്പടെ 28 പേരെ ആണ് ഭാരതത്തിനു നഷ്ടം ആയതു.

Advertisment

ഇതിൽ മലയാളികളും, പഞ്ചാബികളും മാത്രമാണ് ഉൾപെട്ടിട്ടും ഉള്ളത്. ഇന്ത്യയിലെ ഈ രണ്ടു സംസ്ഥാനങ്ങളിലെ കുട്ടികൾ മാത്രം എന്ത് കൊണ്ടാണ് രാത്രി ഇരുണ്ടു വെളുക്കുമ്പോൾ മരണത്തിലേയ്ക്ക് വഴുതി വീഴുന്നത്? പ്രത്യേകിച്ച് മാരകമായ അസുഖങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ചെറുപ്പക്കാരായ ഇവർക്ക് എന്താണ് സംഭവിച്ചത് എന്ന് കോളേജ് അധികൃതരോ,പോലീസ് സംവിധാനങ്ങളോ പരസ്യപ്പെടുത്തുന്നതും ഇല്ല.

publive-image

അകാല മരണം വരിച്ചവരിൽ അസുഖങ്ങൾ കാരണം മരിച്ചവർ വെറും രണ്ടോ മൂന്നോ പേര് മാത്രം. മറ്റുള്ളവരുടെ എല്ലാം മരണം സംഭവിക്കുന്നതിനു മുൻപ് അവർ അമിതമായി മദ്യപിച്ചിരുന്നു,ചിലർ മയക്കു മരുന്നും ഉപയോഗിച്ചിരുന്നു.

മദ്യം മലയാളിയുടെ ഹരമാണ്,പഞ്ചാബിയുടെയും. കാനഡയിൽ മദ്യത്തിന്റെ ലഭ്യതയും,വിലയും ലളിതവും,തുശ്ചവും ആണ്.നല്ല മദ്യം കഴിച്ചു ശീലം ഇല്ലാത്ത മലയാളിയും,പഞ്ചാബിയും, പെട്ടെന്ന് ലഹരി കിട്ടാത്തത് കൊണ്ട് അമിതമായി മദ്യപിക്കുന്നു. പെട്ടെന്ന് ലഹരി കിട്ടുവാൻ മദ്യവുമായി ചേർന്നാൽ ജീവന് അപകടം സംഭവിക്കാവുന്ന "എനർജി ഡ്രിങ്ക് " കൂടി ചേർത്താണ് മദ്യപിച്ചിരുന്നത് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏറ്റവും ശക്തിയേറിയ വിഷാമ്ശം ഉള്ള എനർജി ഡ്രിങ്കിന്റെ പേര് പോലെ തന്നെ ആയി കാര്യങ്ങൾ.(REDBULL,FUCKED UP) പ്രിയ കൊച്ചു കൂട്ടുകാരെ നിങ്ങൾ മദ്യപിക്കൂ, ആവശ്യത്തിന് മാത്രം വല്ല ബിയറോ,വൈനോ ,ഒന്നോ രണ്ടോ പെഗ്ഗ് മാത്രമോ ..മദ്യത്തിന്റെ കൂടെ എനർജ്ജി ഡ്രിങ്ക്, മയക്കുമരുന്ന്, പോപ്പി, പൊടികൾ, തമ്പാക്ക് എന്നിവ കൂട്ടി കലർത്തി എനർജി കൂട്ടി നിങ്ങളുടെ മാതാപിതാക്കളുടെ എനർജ്ജി ഇല്ലാതാക്കല്ലേ .

നിങ്ങൾ എനർജ്ജി കൂട്ടുമ്പോൾ ,നിങ്ങളുടെ മൃതശരീരം നാട്ടിൽ അയക്കാൻ കിടന്നു കാനഡയിൽ ഓടുന്നവർ, അവരുടെ സമയം, അവരുടെ വിയർപ്പിന്റെ അംശം അത് വെറുതെ ഒരു പാഴ് പണിയ്ക്കായിരുന്നു എന്ന് ആരും അറിയുന്നില്ല.നിങ്ങളുടെ ആവേശവും, ആഘോഷവും മൂലം, അർഹത ഉള്ളവരെ പോലും സഹായിക്കാൻ വിമുഖത കാണിയ്ക്കുന്നവർ ആണ് കൂടുതൽ മലയാളികളും.

ഇതുപോലെ കള്ളും, കഞ്ചാവും അടിച്ചു നാട്ടിൽ കറങ്ങി നടക്കുന്ന കുട്ടികളെ കാനഡയിലേയ്ക്ക് അയക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് കൂടിയാണ് ഇതെഴുതുന്നത്. നിങ്ങളെ കൊണ്ട് നിയന്ദ്രികാൻ പറ്റാത്ത കുട്ടികളെ കര കടത്തി വിട്ടാൽ അവർ നന്നാകുമോ? അതോ നശിക്കുമോ? തുറന്നു പറയുമ്പോൾ ഗർവിച്ചിട്ടു കാര്യം ഇല്ല.

മുട്ടിനു മുട്ടെ ബാറും,നിയമപരമായി വേശ്യാലയവും ,ലൈംഗീക തൊഴിലാളികളും, ആണും ആണും, പെണ്ണും, പെണ്ണും ഒന്നിച്ചു താമസിക്കുന്ന, കിടപ്പറ പങ്കിടുന്ന രാജ്യത്തു, മയക്കു മരുന്നും, എളുപ്പം പണം ഉണ്ടാക്കാൻ മയക്കു മരുന്ന് കടത്തുന്നവരുടെ ഇടനിലക്കാർ ആയി പോലും ജോലി പോലും ചെയ്യാൻ മടിയില്ലാതെ നിലാവത്തു കോഴിയെ അഴിച്ചു വിട്ടത് പോലെ മക്കളെ തള്ളി വിടുന്നവർ ദയവു ചെയ്തു, ഒന്ന് കൂടി ആലോചിയ്ക്കുക.

നിങ്ങളുടെ കുട്ടികളുടെ നല്ല ഭാവിയും,സ്വഭാവ രൂപീകരണവും ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ആദ്യം അവർ പഠിക്കാൻ ആണോ അതോ കാനഡയിലെ അമിത സ്വാതന്ത്രം ദുർവിനിയോഗം ചെയ്യനാണോ വരുന്നത് എന്ന് നിങ്ങൾ മാതാപിതാക്കൾ ആദ്യം മാർക്കിടുക,എന്നിട്ടു പോരെ IELTS നു പഠിച്ചു മാർക്ക് നേടുന്നത്.

നാട്ടിലെ ഐ റ്റി ഐ യുടെ നിലവാരം പോലും ഇല്ലാത്ത ഡിപ്ലോമ സര്ടിഫിക്കറ്റുകൾക്കായി ലക്ഷങ്ങൾ മുടക്കുന്ന മാതാ പിതാക്കൾ അറിയുന്നുണ്ടോ ഇവിടുത്തെ സ്വാശ്രയ കൃഷിയ്ക്ക് വളം നൽകുന്നത് നിങ്ങൾ ആണെന്ന്,സർക്കാർ ഉദ്യോഗസ്ഥരുടെ പോക്കറ്റ് വീർക്കുന്നതു നിങ്ങളുടെ പണം ആണെന്ന്,

അമിതമായി മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച്, ശർദ്ദിൽ. വയറു വേദന, തളർച്ച,വിറയൽ, പനി മൂലം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം ദിനം പ്രതി 20 മുതൽ 30 വരെ ആണ്.

മദ്യപിച്ചു ഡ്രൈവിംഗ് ലൈസൻഡ് താൽക്കാലികം ആയും,അല്ലാതെയും നഷ്ടപ്പെട്ടു കോടതി കയറിയ കുട്ടികൾ, വാക്കേറ്റം, അടിപിടി മൂലം,കേസ് രജിസ്റ്റർ ചെയ്തു നാട്ടിലേയ്ക്ക് കയറ്റി അയക്കപ്പെട്ടവർ,സാമൂഹ്യ പ്രവർത്തകർ ഇടപെട്ടു ഒതുക്കി തീർത്തവ,വ്യഭിചാര ശാലകളിൽ പോയി,വിലകൂടിയ ഫോൺ, പേഴ്‌സ്,ക്രെഡിറ്റ് കാർഡ്,ബാങ്ക് ബാലൻസ് നഷ്ടം ആയവർ, താമസ സ്ഥലത്തു നിന്നും ഉടമസ്ഥൻ ഇറക്കി വിട്ടവർ,കടയിൽ മോഷണം നടത്തിയവർ,പാർക്കിൽ വേലക്കാരിയെ കണ്ടു "ഹഗ്" കെട്ടിപ്പിടുത്തം ആക്കി മാറ്റി ജയിലിൽ പോയ "പയ്യൻസ്" അങ്ങിനെ കുറ്റകൃത്യങ്ങളിൽ കുടുങ്ങിയ നിരവധി വിദേശ കുട്ടികൾ ആണ് നമുക്ക് ചുറ്റും പെരുകി വരുന്നത്.

ചുമന്ന കാളകുറ്റൻ ആകാൻ പോയവരെ കാലൻ കാളപ്പുറത്തു കയറ്റുന്ന കാഴ്ചകണ്ടു മടുത്തു അത് കൊണ്ട് മാത്രം എഴുതിയതാണ്. നിങ്ങളുടെ മക്കൾ,നിങ്ങളുടെ പണം. നിങ്ങളുടെ അവകാശവും,ആഗ്രഹവും നടത്തി എടുക്കുമ്പോൾ. അത് മറ്റുള്ളവരുടെ സന്തോഷവും,സമാധാനവും കെടുത്താതിരുന്നാൽ മാത്രം മതി.

ഒരിക്കലും തിരിച്ചു വരാത്തവരുടെ ലോകത്തേയ്ക്ക് പോകാൻ തയ്യാറായി നിൽക്കുന്ന കുട്ടികളെ കാനഡയിലേയ്ക്ക് കയറ്റി അയക്കരുതേ എന്ന് ഒരു അപേക്ഷ മാത്രം.

Advertisment