follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ഹാര്‍വി ദുരന്തത്തില്‍ സേവനം അര്‍പ്പിച്ച ജിജു കുളങ്ങരയ്‌ക്ക്‌ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

യു എസ് ബ്യൂറോ » Posted : 03/10/2017

ഹൂസ്റ്റണ്‍: മലയാളികള്‍ ഉള്‍പ്പെടെ ഹൂസ്റ്റണിലെ മുഖ്യധാരാ സമൂഹത്തെ ദുരിതക്കയത്തിലാക്കിയ ഹാര്‍വി കൊടുങ്കാറ്റ്‌ ദുരന്തത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍കൈ എടുക്കുകയും ദുരന്തത്തിന്‌ ശേഷമുള്ള പുനരധിവായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌ത യുവ സംരംഭകനും വ്യയസായിയും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജിജു കുളങ്ങരയെ ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹം ആദരിച്ചു.പതിനായിരത്തിലധികം അംഗങ്ങളുള്ള ഹൂസ്റ്റണ്‍ ദേശി ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ ഇന്ത്യാ ഹൗസില്‍ നടന്ന സമ്മേളനത്തിലാണ്‌ ജിജുവിന്റെ മാനവികമായ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെട്ടത്‌. ബിസിനസ്‌ രംഗത്ത്‌ വെന്നിക്കൊടി പാറിക്കുന്ന ജിജു സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം കൂടിയാണ്‌.

സമ്മേളനത്തില്‍ ഹാര്‍വി കൊടുങ്കാറ്റ്‌ വിതച്ച നാശത്തില്‍ രക്ഷാകര ദൗത്യം ഏറ്റെടുത്ത വിവിധ സംഘടനകള്‍, റസ്റ്റോറന്റുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും ദേശി ഗ്രൂപ്പ്‌ നന്ദി പ്രകാശിപ്പിച്ചു.

ഗ്രൂപ്പ്‌ അധികൃതരായ കിഷോര്‍ രാമരാജു, ഉമാങ്‌ മേത്ത, രവി ഗുനി ഷെട്ടി, ഇന്ദിര നിമ്മഗാഡ, പ്രവീണ്‍ പൊനുഗോട്ടി, ശ്രീകാന്ത്‌ ജാക്ക, ഭവേശ്‌ രംഗ, മോദര്‍ കുട്ടി, സുഭാഷ്‌ശ്രീ ഗോകുല്‍, ദേവി സിരിഗിരി, രാജേഷ്‌ ദേശായി, രാജശേഖര്‍ യദുപ്പാട്ടി, ശ്രീധര്‍ ആളൂരി എന്നിവര്‍ വിവിധ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ആദരിച്ചു.ചടങ്ങില്‍ സേവാ യു.എസ്‌.എ, വി.പി സേവ, അഷ്‌ടലക്ഷ്‌മീ ക്ഷേത്രം, ജെ.ഇ.ടി, ശിവശക്തി മന്ദിര്‍, ഷിര്‍ദ്ദിസായി ജല്‍റാം മന്ദിര്‍, അമേരിക്കന്‍ തെലുങ്കാന അസോസിയേഷന്‍ ആന്ധ്രാപ്രദേശ്‌ നോണ്‍ റസിഡന്റ്‌ തെലുങ്കു അസോസിയേഷന്‍, അമേരിക്കന്‍ പ്രോഗ്രസ്സീവ്‌ തെലുങ്കു അസോസിയേഷന്‍, തെലുങ്കു കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, തെലുങ്കാന അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍, ആശിര്‍വാദ്‌, ഐ.റ്റി സേര്‍വ്‌, തെലുങ്കാന അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, സിക്ക്‌ കമ്മ്യൂണിറ്റി, സ്‌നേഹ ഹസ്‌തം, എന്‍.എ.റ്റി.എസ്‌, ഇന്ത്യാ ഹൗസ്‌, ഇന്‍ഡോ-അമേരിക്കന്‍ ന്യൂസ്‌ തുടങ്ങിയവയുടെ പ്രതിനിധികള്‍ ആദരവ്‌ ഏറ്റുവാങ്ങി.

സേവാ യു.എസ്‌.എയുടെ പ്രതിനിധി ജിതേഷ്‌ ദേശായി, വി.റ്റി സേവയുടെ ബങ്കാര്‍ റെഡ്ഡി എന്നിവര്‍ ഇത്തരത്തില്‍ സന്നദ്ധ സേവനത്തിനിറങ്ങിയവരെ ആദരിച്ച ദേശി ഗ്രൂപ്പിനെ അനുമോദിച്ചു. ഇവര്‍ക്കു പുറമേ കേണല്‍ വിപിന്‍ കുമാര്‍ വിവിധ സംഘടനകളെ ശ്ലാഘിച്ചു.ഹാര്‍വി ദുരന്തത്തില്‍ പെട്ട്‌ മരണത്തെ മുഖാമുഖം കണ്ടവര്‍ക്ക്‌ ഭക്ഷണം എത്തിക്കാന്‍ പ്രതികൂല സാഹചര്യങ്ങളോട്‌ പടവെട്ടി 200 മൈല്‍ സഞ്ചരിച്ച്‌ എത്തിയ വെല്‍മയുടെ സേവനം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. ചടങ്ങിന്റെ ഹൈലൈറ്റായി വെല്‍മയുടെ അവസരോചിതമായ സഹായം.

അതുപോലെ തന്നെ റെസ്റ്റോറന്റുകളായ ഹൈദരാബാദ്‌ ഹൗസ്‌, ബവാര്‍ച്ചി, ബിരിയാണി ആന്റ്‌ ഗ്രില്‍, ബിരിയാണി ഫാക്‌ടറി, ബിരിയാണി പോട്ട്‌, ബോംബെ സ്വീറ്റ്‌സ്‌, കഫേ ഇന്ത്യ, ബോളിവുഡ്‌ ചൗപതി ചാറ്റ്‌, മയൂരി നിര്‍മന്‍സ്‌, തണ്ടൂരി നൈറ്റ്‌, ദി കറി ഹൗസ്‌, യൂണിവേഴ്‌സല്‍ ബേക്കറി, വിശാല റെസ്റ്റോറന്റ്‌ തുടങ്ങിയവയും ആയിരക്കണക്കിന്‌ ദുരന്തബാധിതര്‍ക്ക്‌ സൗജന്യ ഭക്ഷണം വിതരണം ചെയ്‌തിരുന്നു. ഈ റെസ്റ്റോറന്റുകളുടെ ഉടമകളും യോഗത്തില്‍ ആദരിക്കപ്പെട്ടു.

എഴുപത്തിയഞ്ചോളം വ്യക്തികളും ദേശി ഗ്രൂപ്പിന്റെ ആദരവിന്‌ പാത്രീഭൂതരായി. ആബിയായിരുന്നു ചടങ്ങിന്റെ ആകര്‍ഷണമായ ആങ്കര്‍. അഖിലയും സുമന്‍ മങ്കുവും തങ്ങളുടെ ഗാനങ്ങള്‍ കൊണ്ട്‌ സദസിനെ ആനന്ദിപ്പിച്ചു.ഫ്രീഡം ഓട്ടോമോട്ടീവ്‌ ആന്‍ഡ്‌ കൊളിസിയോണ്‍, സി.ഡബ്‌ള്യൂ.സി ഇന്റര്‍ നാഷണല്‍സ്‌, പെപ്പോണ്‍ ഡിജിറ്റല്‍, ഡീപ്പ്‌ ഫുഡ്‌സ്‌, ദി കറി ഹൗസ്‌, ബിരിയാണി പോട്ട്‌, ബിരിയാണി ഫാക്‌ടറി, യൂണിവേഴ്‌സല്‍ ബേക്കറി എന്നിവരയായിരുന്നു സ്‌പോണ്‍സര്‍മാര്‍. ഹൂസ്റ്റണ്‍ ദേശി ഗ്രൂപ്പ്‌ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്നിട്ട്‌ നില്‍ക്കുന്നവരാണ്‌.

ആധുനിക ഐ.ടി ടെക്‌നോളജിയുടെ അന്തസാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട്‌ സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവര്‍ക്ക്‌ ആവശ്യമായ സേവനങ്ങള്‍ ചെയ്യുക എന്നതാണ്‌ ഈ ദേശി ഗ്രൂപ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+