Advertisment

പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പി പി ഇ കിറ്റുകള്‍ മതിയെന്ന തിരുമാനം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ : രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റിന് പകരം പി പി ഇ കിറ്റുകള്‍ മതിയെന്ന് നിലപാടെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ തിരുമാനം നേരത്തെ തന്നെ എടുത്താല്‍ മതിയായിരുന്നു. എന്തിനാണ് പ്രവാസികളെ മുഴുവന്‍ തീ തീറ്റിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. നേരത്തെ ഈ തിരുമാനം എടുത്തിരുന്നെങ്കില്‍ ഇത്രയും മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ മരിക്കില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചത് തെറ്റായ നയമായിരുന്നു. പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിവരണ്ട എന്ന നിലപാടാണ് കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്. അതിനെതിരായ അതിശക്തമായ പ്രക്ഷോഭമാണ് പ്രതിപക്ഷവും പ്രവാസി സംഘടനകളും ഉയര്‍ത്തിയത്. അതെ തുടര്‍ന്നാണ് സര്‍ക്കാര്‍ കോവിഡ് ടെസ്റ്റ് വേണമെന്ന മുന്‍ നിലപാട് മാറ്റിയത്. എന്നാല്‍ ആ ജാള്യത മറച്ച് വയ്കാനാണ് ഇപ്പോള്‍ പി പി ഇ കിറ്റിന്റെ കാര്യം പറയുന്നത്. പ്രവാസികളെ കേരളത്തിലേക്കെത്തിക്കണമെന്ന് മാത്രമേ യു ഡി എഫിനാഗ്രഹമുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗള്‍ഫ് നാടുകളില്‍ 300 ലധികം മലയാളികളാണ് മരണമടഞ്ഞത്. ഓരോ ദിവസവും മരണ സംഖ്യ കൂടിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഒരോ സന്ദര്‍ഭത്തിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രവാസികളുടെ മടക്കത്തെ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഒരോ ന്യായങ്ങളാണ് ഓരോ സമയത്തും സര്‍ക്കാര്‍ മുന്നോട്ടുവയ്കുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള സര്‍വ്വീസ് പോലും കൃത്യസമയത്ത് ഓപ്പറേറ്റ് ചെയ്യിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്തില്ല.

കേന്ദ്രത്തോട് ഇതിന്റെ അപാതകള്‍ ചൂണ്ടിക്കാണിച്ചില്ല, കൂടുതല്‍ വിമാനങ്ങള്‍ വേണമെന്നാവശ്യപ്പെട്ടില്ല. അത് കഴിഞ്ഞപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ തിരുമാനിച്ചത്. അതിനെതിരെ പ്രതിഷേധമുയര്‍ന്ന് വന്നപ്പോള്‍ ട്രൂനാറ്റ്് പരിശോധനമതി എന്ന നിര്‍ദേശം മുന്നോട്ടു വച്ചു. അത് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അതിന് ശേഷം കോവിഡ് രോഗികളെ മാത്രമായി വിമാനത്തില്‍ കൊണ്ടുവരണെമെന്ന ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ അതും കേന്ദ്ര സര്‍ക്കാര്‍ തള്ളി.

ഇന്നത്തെ മന്ത്രി സഭാ തിരുമാനം സര്‍ക്കാര്‍ പറഞ്ഞതെല്ലാം തെറ്റാണ് എന്ന് വിലയിരുത്തിക്കൊണ്ടുള്ളതാണ്. ഒരു തിരുമാനമെടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട അവധാനത പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടായില്ല. ഒരോ രാജ്യങ്ങളിലും ഓരോ നിയമമാണ് നിലനില്‍ക്കുന്നത്. അതാത് രാജ്യങ്ങളില്‍ നില നില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ച് വേണം മുന്നോട്ട ്‌പോകാന്‍ എന്നെല്ലാം പ്രതിപക്ഷം പറഞ്ഞ കാര്യമാണ്.

എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെയാണ് സര്‍ക്കാര്‍ പ്രവാസികളെ കൊണ്ടുവരാതിരിക്കാന്‍ വേണ്ടി നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്, ട്രൂനാറ്റ് സംവിധാനം, കോവിഡ് രോഗികളെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരല്‍ എന്നു തുടങ്ങിയുള്ള നിബന്ധനകള്‍ മുന്നോട്ടുവച്ചത്. ഇതെല്ലാം അപ്രായോഗികമാണെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞെങ്കിലും അത് ചെവിക്കൊളളാന്‍ സര്ക്കാര്‍ തെയ്യാറായിരുന്നില്ല. ഇപ്പോള്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് പരിശോധനക്ക് പകരം പി പി ഇ കിറ്റ് മതിയെന്ന് പറയുന്നത്.

എല്ലാ പ്രവാസി സംഘടനകളും അത് സൗജന്യമായി വിതരണം ചെയ്യുന്നതാണ് പി പി ഇ കിറ്റ്. ഒരോ നിബന്ധനകള്‍ ഒരോ സമയത്ത് സര്‍ക്കാര്‍ മാറി മാറി പറഞ്ഞത് വളരെ ബോധപൂര്‍വ്വമായിരുന്നു. പ്രവാസികള്‍ക്ക് ധാരാളം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ അയ്യായിരം രൂപ കൊടുക്കുമെന്ന് പറഞ്ഞു. ആര്‍ക്ക് കൊടുത്തു ഇപ്പോള്‍ അതിന് വേണ്ടി പ്രത്യക സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്. അത് പോലെ മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം, സംസ്ഥാന സര്‍ക്കാര്‍ ഒരുവിമാനമെങ്കിലും ചാര്‍ട്ട് ചെയ്യിച്ച് പ്രവാസികളെ നാട്ടിലെത്തിക്കമായിരുന്നു. പിന്നെ എന്തിനാണ് നോര്‍ക്കെയൊക്കെ.

പ്രവാസികളെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് മുന്‍കൈ എടുത്തില്ല.എന്തിനാണ് ലോക കേരള സഭ, ലോക കേരള സഭയുടെ നേതൃത്വത്തില്‍ ചാട്ടേര്‍ഡ് വിമാനങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലേ. എന്ത് കൊണ്ട് കൊണ്ടുവന്നില്ല? വന്ദേഭാരത് മിഷനിലൂടെ കൂടുതല്‍ വിമാനങ്ങള്‍ കൊണ്ടുവരണമെന്ന് എന്ത് കൊണ്ട് കേന്ദ്ര സര്‍ക്കാരിനോടാവിശ്യപ്പെട്ടില്ല.

ജംബോ ജെറ്റ് വിമാനങ്ങള്‍ ഒാടിച്ച് എന്ത് കൊണ്ട് കൂടുതല്‍ പേരെ കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ല? അപ്പോള്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ പ്രവാസികള്‍ കേരളത്തിലേക്ക് വരരുതെന്ന മനോഭാവത്തോട് കൂടിയാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും പ്രവാസി ലോകത്തെ ശക്തമായ രോഷവും കണക്കിലെടുത്ത് കൊണ്ടാണ് മുഖം രക്ഷിക്കാനാണ് പി പി ഇ കിറ്റ് മതിയെന്ന് തിരുമാനമെടുത്തത്.

സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ ഇപ്പോഴും അതിന്റെ പൂര്‍ണ്ണമായ ഗൗരവത്തില്‍ എടുത്തിട്ടില്ല. സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിരുന്നെങ്കില്‍ കൂടുതല്‍ മലയാളികളായിട്ടുള്ള കഷ്ടപ്പെടുന്ന പ്രവാസികളെ തിരികെക്കൊണ്ടുവരാമായിരുന്നു. അവരെ കൊണ്ടുവരാനുള്ള ഒരു നടപടിക്കും സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല.

pravasi chennithala
Advertisment