Advertisment

കൊറോണ മരണങ്ങളുടെ എണ്ണം കൂടിവരുന്നതോടെ ഇറ്റലിയിൽ പ്രവാസികൾ ഉൾപ്പടെ ആശങ്കയിൽ. സ്‌കൂൾ അവധി നീട്ടിയേക്കും ! എംബസി കാര്യാലയം അടച്ചു. പള്ളികളിൽ കുർബ്ബാന നിർത്തിവച്ചു ! ബസുകളും ട്രെയിനുകളും കാലിയായി ഓടുന്നു !

author-image
admin
New Update

- ന്യൂസ് ബ്യൂറോ, വത്തിക്കാൻ 

Advertisment

വത്തിക്കാൻ:  കൊറോണ വൈറസ് ബാധിച്ച് 366 പേർ മരിക്കുകയും കേരളത്തിലേക്ക് മടങ്ങിയ മലയാളികൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇറ്റലിയിലെ പ്രവാസി സമൂഹവും ആശങ്കയിൽ.

രാജ്യത്ത് 7325 പേർക്ക് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഇന്നലെയോടെ കർശനമാക്കിയിട്ടുണ്ട്.

വത്തിക്കാനിലെ ലത്തീൻ മലയാളി പള്ളിയും ഇന്നലെയോടെ അടച്ചു. കഴിഞ്ഞയാഴ്ച ഈ ദേവാലയത്തിലും ഏകദിന ധ്യാനം സംഘടിപ്പിച്ചിരുന്നു. മറ്റ് പള്ളികളും അടച്ചിരിക്കുകയാണ്.

publive-image

പബ്ലിക് ട്രാൻസ്‌പോർട്ട് ബസുകളുടെ സർവ്വീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഉള്ള ബസുകളിൽ തന്നെ ആളുകൾ കുറവുമാണ്.

മെട്രോ സർവീസുകൾ നടക്കുന്നുണ്ടെങ്കിലും ഒരു ബോഗിയിൽ ഒരാൾ മാത്രമൊക്കെയായാണ് ട്രെയിൻ പോകുന്നത്. യാത്രക്കാർ പുറത്തിറങ്ങുന്നില്ലെന്നതാണ് സ്ഥിതി. സ്‌കൂളുകൾക്ക് മാർച്ച് 15 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവധി നീട്ടാനാകും സാധ്യത.

പ്രവാസികൾക്ക് മറ്റൊരു പ്രധാന ബുദ്ധിമുട്ട് എംബസി കാര്യാലയം അടച്ചതാണ്. വിസ നീട്ടുന്നതിനും അനുബന്ധ നടപടികളും ഒരു മാസത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. ഇതിനോടകം കാലാവധി കഴിയുന്ന വിസകളുടെ കാര്യത്തിൽ ആശ്വാസ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ലോകം.

മിക്ക രാജ്യങ്ങളിലേക്കും യാത്രാവിലക്ക് നിലനിൽക്കുന്നതോടെ എയർപോർട്ടുകളും വിജനമാണ്. പ്രവാസി സംഘടനകളുടെ പരിപാടികൾക്ക് നിലവിൽ ഔദ്യോഗിക വിലക്കില്ലെങ്കിലും ആളുകൾ കൂട്ടംകൂടുന്ന സാഹചര്യങ്ങൾ ജനങ്ങൾ തന്നെ ഒഴിവാക്കുകയാണ്. പ്രവാസികൾ മിക്കവരും മാസ്കുകൾ ധരിച്ചാണ് പുറത്തിറങ്ങുന്നത്.

കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും കേരളത്തിലെത്തിയ യാത്രക്കാർക്ക് എയർപോർട്ടിൽ കർശന പരിശോധനയാണ് ഏർപ്പെടുത്തിയിരുന്നത്. മാത്രമല്ല, ഇവരോട് വീട്ടിലെത്തിയാലും 14 ദിവസത്തേക്ക് ഒറ്റയ്ക്ക് കഴിയണമെന്നും ആളുകളുമായി സമ്പർക്കം ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മാത്രമല്ല, ഇവരുടെ നമ്പറുകൾ ശേഖരിക്കുന്ന ആരോഗ്യ വകുപ്പ് അധികൃതർ ദിവസവും പല തവണ ഇവരെ നേരിൽ വിളിച്ച് വിവരങ്ങൾ തിരക്കുന്നുണ്ട്.

മലയാളികൾ ഏറെയുള്ള വത്തിക്കാനിൽ കാര്യമായ പ്രശ്നങ്ങളില്ല. സൂപ്പർ മാർക്കറ്റുകളിലൊന്നും സാധനങ്ങൾ വാങ്ങി കൂട്ടാൻ തിക്കി തിരക്കുന്ന സാഹചര്യങ്ങളില്ല.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 133 കൊറോണ മരണങ്ങൾ രാജ്യത്ത് സംഭവിച്ചതിൽ ആളുകൾക്ക് ആശങ്കയുണ്ട്.

Advertisment