Advertisment

യൂറോപ്പിലെ പ്രഥമ ക്നാനായമിഷൻ ഡയറക്ടർ ഫാ. സജി മലയിൽപുത്തൻപുരയിൽ ജൂബിലിയുടെ നിറവിൽ

New Update

മാഞ്ചസ്റ്റർ: ഭാരത ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയിൽ ക്നാനായക്കാർ ചരിത്രത്തിനു മുൻപേ സഞ്ചരിച്ചവരാണ്. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജാതിമത ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും, മെച്ചപ്പെട്ട ജീവിതസമ്പ്രദായം രൂപകൽപന ചെയ്യുന്നതിനും ക്നായിതൊമ്മനും അദ്ദേഹത്തിനെ അനുയായികളും നൽകിയ സംഭാവനകൾക്ക് ചരിത്രം സാക്ഷിയാണ്.

Advertisment

ഇരുപതാം നൂറ്റാണ്ടിൽ ആരംഭിച്ച കുടിയേറ്റത്തിന്റെ കാര്യത്തിലും ക്നാനായ സമൂദായം എല്ലാ മലയാളി സമൂഹങ്ങൾക്കും മാതൃകയും വഴികാട്ടിയുമായിരുന്നു.

publive-image

ക്നാനായ സമൂദായത്തിന്റെ ഹൃദയവിശാലതയുടെയും നന്മയുടെയും ഉദാഹരണമായി, യുകെയിലെ മലയാളികത്തോലിക്കാ സമൂഹത്തിനു മുഴുവൻ വഴികാട്ടിയാവുകയും, കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ അവരുടെ വേദനകളിലും കഷ്ടപ്പാടുകളിലും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്ത ഫാ. സജി മലയിൽപുത്തൻപുരയിൽ തന്റെ പൗരോഹിത്യത്തിന്റെ ഇരുപത്തഞ്ചു വർഷം പിന്നിടുമ്പോൾ അത് യുകെയിലെ മലയാളി സമൂഹത്തിനു മുഴുവൻ ആഹ്ളാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്.

1969 ജൂൺ 23ന്, മലയിൽപുത്തൻപുരയിൽ കുര്യൻ, ഏലിക്കുട്ടി ദമ്പതികളുടെ മകനായി സജിയച്ചൻ ജനിച്ചു. ക്രിസ്തുവിനുവേണ്ടിയും അവിടുത്തെ സഭയ്ക്കു വേണ്ടിയും ശുശ്രൂഷ ചെയ്യാൻ, ഒരു വൈദികനായി തീരണമെന്ന ആഗ്രഹവുമായി അദ്ദേഹം തന്റെ സ്‌കൂൾ വിദ്യാഭ്യാസം പിന്നിട്ടു.

വെളിയന്നൂർ വന്ദേമാതരം ഹൈസ്‌കൂളിൽ നിന്നും SSLC പാസ്സായശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം St. Stanislaus മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവ പൊന്തിഫിക്കൽ സെമിനാരി, ബാംഗ്ലൂർ ധർമ്മാരാം വിദ്യാക്ഷേത്ര എന്നിവിടങ്ങളിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി.

1995 ഏപ്രിൽ 19ന് മടമ്പം ഫൊറോനാ പള്ളിയിൽ വച്ച്, ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്തായിൽ നിന്ന് വൈദികപട്ടം സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ പയ്യാവൂർ ടൗൺ പള്ളിയിൽ പ്രഥമദിവ്യബലി അർപ്പിച്ച് തന്റെ പൗരോഹിത്യ ജീവിതത്തിനു തുടക്കം കുറിച്ചു. പിന്നീട് കൈപ്പുഴ, തോട്ടറ, മംഗലംഡാം, കരിപ്പാടം, പടമുഖം, തിരൂർ, എന്നീ ഇടവകളിൽ സേവനം ചെയ്തതിനു ശേഷം 2005 സെപ്തംബറിൽ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് സഭാശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടു.

2006-ലെ ദുക്റാന തിരുനാൾ ദിനത്തിൽ St. Thomas RC centre-ന് തുടക്കം കുറിക്കുകയും, St. Mary's Sunday School സ്ഥാപിക്കുകയും ചെയ്ത അദ്ദേഹം, 2008-ൽ യുവജനങ്ങൾക്കായി Santhom Youth എന്ന യുവജനസംഘടന രൂപീകരിച്ചു. St. Thomas RC centre-ന്റെ കീഴിൽ 7 മാസ്സ് സെന്ററുകൾ ആരംഭിക്കുകയും അവിടെയെല്ലാം വിശുദ്ധ കുർബ്ബാനയും, വേദപാഠക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തുകൊണ്ട് നോർത്ത് വെസ്റ്റിലെ മലയാളികളായ കത്തോലിക്കാസമൂഹത്തിന്റെ വിശ്വാസജീവിതത്തിന് ശക്തമായ അടിത്തറ സ്ഥാപിച്ചു.

യുകെയിലെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഒന്നിച്ചുകൂട്ടുന്ന, യുകെയിലെ ഏറ്റവും വലിയ തിരുനാളായി മാറിയ മാഞ്ചെസ്റ്റർ തിരുനാളിനു തുടക്കം കുറിച്ചത് സജിയച്ചനായിരുന്നു.

ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പിന്നീട് യുകെയിലെ വിശ്വാസി സമൂഹങ്ങൾ ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായി ആഘോഷമായി നടത്തിയ തിരുന്നാളുകൾ ഈ രാജ്യത്തെ തദ്ദേശവാസികളുടെ ഇടയിൽ ക്രൈസ്തവവിശ്വാസത്തിന്റെ മഹത്വവും ആനന്ദവും പ്രഘോഷിച്ചുകൊണ്ട് ഇന്നും തുടർന്നു പോരുന്നു എന്നത് അദ്ദേഹം പാകിയ നന്മയുടെ വിത്തുകൾ സമുദായത്തിന്റെയോ റീത്തുകളുടെയോ വ്യത്യാസമില്ലാതെ ബ്രിട്ടനിൽ എക്കാലവും വളർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.

publive-image

2013-ൽ യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ വിരുന്നായിരുന്ന മാഞ്ചസ്റ്റർ അഭിഷ്കാഗ്നി കൺവെൻഷൻ അടക്കം സജിയച്ചന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട നിരവധി ആത്മീയ സമ്മേളനങ്ങൾ അദ്ദേഹത്തിന്റെ അസാമാന്യമായ സംഘാടക പാടവത്തിന്റെ തെളിവാണ്.

യൂറോപ്പിലെ ഏറ്റവും വലിയ സമുദായ സംഘടനയായ UKKCA യുടെ Spiritual Advisor ആയ സജിയച്ചൻ 2011-ൽ UKKCYL-ന് തുടക്കം കുറിച്ചു. ബ്രിട്ടനിൽ സീറോമലബാർ സഭയ്ക്ക് സ്വന്തമായി രൂപത സ്ഥാപിക്കുന്നതിനു മുൻപുതന്നെ, 2014-ൽ ബ്രിട്ടനിലെ കത്തോലിക്കാ സഭയിൽ നിന്നും ഷൂഷ്ബറി രൂപതയുടെ കീഴിൽ ക്നാനായ സമൂദായത്തിന് സ്വന്തമായി ചാപ്ലൻസി അനുവദിച്ചുകിട്ടിയത് സജിയച്ചന്റെ കഠിനാധ്വാനത്തിന്റെയും സമുദായസ്നേഹത്തിന്റെയും ഫലമായിട്ടായിരുന്നു.

St. Mary's Knanaya Chaplancy എന്ന യൂറോപ്പിലെ ഈ പ്രഥമ ക്നാനായ ചാപ്ലൻസിയെ നയിക്കാൻ സഭ അദ്ദേഹത്തെ നിയോഗിച്ചു. 2015-ൽ St John Paul II Sunday School സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ക്നാനായസമുദായത്തിന്റെ പുതിയ തലമുറയുടെ വിശ്വാസവളർച്ചക്ക് അടിസ്ഥാനമിട്ടു.

2016-ൽ ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത സ്ഥാപിതമായപ്പോൾ, രൂപതാധ്യക്ഷനായ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ യുകെയിലെ ക്നാനായ സമുദായത്തിന്റെ മുഴുവൻ അധികച്ചുമതല നൽകിക്കൊണ്ട് സജിയച്ചനെ രൂപതയുടെ വികാരിജനറാളായി നിയമിച്ചു. 2018 ഡിസംബറിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുകെയിലെ ആദ്യത്തെ ക്നാനായ മിഷനായ St. Marys Knanaya Mission പ്രഖ്യാപിക്കുകയും സജിയച്ചനെ മിഷൻ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.

യുകെയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ സമുദായ, റീത്ത് വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളുടെയും ആത്മീയ വളർച്ചക്ക് ശക്തമായ അടിത്തറ പാകുന്നതിൽ സജിയച്ചൻ സുപ്രധാന പങ്കു വഹിച്ചു,

പിന്നീട് ക്നാനായ സമുദായത്തിന്റെ അമരക്കാരനായി നിയമിതനായതുമുതൽ ഈ സമുദായത്തിന്റെ വിശ്വാസപരവും സാമുദായികവുമായ വളർച്ചയ്ക്കും, പിന്നീട് ക്നാനായ സമുദായത്തിനുവേണ്ടി 15 മിഷനുകൾക്കുള്ള അനുവാദം സഭയിൽ നിന്നും നേടിയെടുക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്.

വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ രൂപീകരിക്കുന്നതിനും, കാര്യക്ഷമമായി അതു നടപ്പിൽ വരുത്തുന്നതിനും അദ്ദേഹത്തിനുള്ള കഴിവും, യുകെയിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായ സജിയച്ചൻ ആധുനിക കാലഘട്ടത്തിലെ അജപാലന മേഖലയിലെ വെല്ലുവിളികൾ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട്, പ്രാർത്ഥനയിലൂടെയും സഹനത്തിലൂടെയും ത്യാഗോജ്വലമായി അതിജീവിക്കുന്നതും പുതിയ തലമുറയിലെ വൈദികർക്ക് മാതൃകയാക്കാവുന്നതാണ്.

യുകെയിലെ വിശ്വാസിസമൂഹത്തിന്റെ ജീവിതത്തിൽ അവരോടൊപ്പം വിശ്രമമില്ലാതെ സഞ്ചരിക്കുന്ന ആടുകളുടെ മണമുള്ള ഈ ഇടയന്, ഏപ്രിൽ 22-ന് മാഞ്ചസ്റ്ററിൽ വച്ചു നടക്കുന്ന അദ്ദേഹത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷവേളയിൽ യുകെയിലുള്ള മുഴുവൻ വിശ്വാസിസമൂഹത്തിന്റെയും ലോകം മുഴുവനുമുള്ള ക്നാനായ സമൂഹത്തിന്റെയും പ്രാർത്ഥനാ നിർഭരമായ ആശംസകൾ.

മാഞ്ചസ്റ്റർ ബോൾട്ടണിലെ ഔർ ലേഡി ഓഫ് ലൂർദ്ദസ് ദേവാലയത്തിൽ നടക്കുന്ന കൃതജ്ഞതാ ബലിയോടെയാണ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. ദിവ്യബലിയെ തുടർന്ന് നടക്കുന്ന സ്വീകരണ ചടങ്ങുകൾ ബോൾട്ടിലെ 3D സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ദേവാലയത്തിന്റെ വിലാസം:

Our Lady of Lourdes Church,

275 Plodder Lane,

Farnworth,

BL4 0BR,

Bolton.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:

3D Centre,

Bella St,

Bolton,

BL3 4DU.

Advertisment