Advertisment

ചരിത്ര രചനക്ക് ഇതാ സമയമായി : ഇനി കാത്തിരിപ്പിന്റെ രണ്ട് ദിനങ്ങൾ കൂടി മാത്രം. യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര (രണ്ടാം ഭാഗം)

New Update

ഗോള പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ ദേശീയ കലാമേളകളിലൂടെയുള്ള യാത്ര തുടരുകയാണ്. 2010 ൽ ബ്രിസ്റ്റോളിൽ തുടങ്ങിയ അശ്വമേധത്തിന് തുടർച്ചയായി 2011 ൽ സൗത്തെൻഡ് ഓൺ-സി യിലും, 2012 ൽ സ്റ്റോക്ക് ഓൺ-ട്രെൻഡിലും 2013 ൽ ലിവർപൂളിലും വിജയകരമായി നടത്തിയ ദേശീയ മഹോത്സവങ്ങൾ നമ്മൾ ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ കാണുകയുണ്ടായി. ഓരോ വർഷം കഴിയുമ്പോഴും യുക്മ കലാമേളകൾ കൂടുതൽ ജനകീയമാകുന്നു എന്നത് ഏതൊരു യു കെ മലയാളിക്കും അഭിമാനകരം തന്നെയാണ്.

Advertisment

publive-image

ലെസ്റ്റർ കലാമേള 2014 : ദേശീയ മേള വീണ്ടും മിഡ്‌ലാൻഡ്‌സിന്റെ മണ്ണിലേക്ക്

ഇത് ലെസ്റ്റർ - 2009 ജൂലൈ മാസം യൂണിയൻ ഓഫ് യു കെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്മ യുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും മിഡ്‌ലാൻഡ്‌സ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ ലെസ്റ്ററിൽ അരങ്ങേറി.

കവികളിലെ മഹാരാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന "സ്വാതിതിരുനാൾ" മഹാരാജാവിന്റെ പേരിൽ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്‌ജ്‌ മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേള യുക്മക്ക് എന്തുകൊണ്ടും അഭിമാനകരമായ ഒന്നായിമാറി.

കലാമേളയുടെ നടത്തിപ്പിനെ യാതൊരു രീതിയിലും ബാധിക്കാത്തവിധം, മത്സരനഗരിയോട് ചേർന്ന് തയ്യാറാക്കിയ 'രാജാരവിവർമ്മ'ഹാളിൽ, ഇദംപ്രദമമായി നടത്തിയ ദേശീയ ചിത്രരചനാ മത്സരവും ലെസ്റ്റർ മേളയുടെ ഒരു സവിശേഷതയായി. ലെസ്റ്റർ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്‌ലാൻഡ്‌സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയൺ അഞ്ചാമത് യുക്മ ദേശീയ കലാമേളയിൽ ജേതാക്കളായി.

ഹണ്ടിങ്ടൺ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയനും ഇത് രണ്ടാമൂഴം

യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് യുക്മ ദേശീയ കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്.

എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ട്, യശഃശരീയനായ സംഗീത ചക്രവർത്തി എം.എസ്.വിശ്വനാഥന്റെ ബഹുമാനാർത്ഥം "എം എസ് വി നഗര്‍" എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്കൂളിലേയ്ക്ക് നാലായിരത്തോളം യു കെ മലയാളികളാണ് ഒഴുകിയെത്തിയത്.

യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളകളാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകൾ.

ലെസ്റ്ററിലെ സ്വന്തം മണ്ണിൽ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകൾ തകർത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തിൽ മറുപടി നൽകിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തിൽ നടന്ന ദേശീയ കലാമേളയിൽ ജേതാക്കളായി മിഡ്‌ലാൻഡ്‌സ് പകരം വീട്ടി.

ഏഴാമത് ദേശീയ കലാമേള കവൻട്രിയിൽ

2016 നവംബര്‍ 5 ശനിയാഴ്ച്ച കവൻട്രിയിലെ വാർവിക് മെറ്റന്‍ സ്കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറി. യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണും മിഡ്‌ലാൻഡ്‌സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. മിഡ്‌ലാൻഡ്‌സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ജ്ഞാനപീഠം ജേതാവായ, യശഃശരീരനായ ഒ എൻ വി കുറുപ്പിന്റെ അനുസ്മരണാർത്ഥം "ഒ എൻ വി നഗർ" എന്ന് നാമകരണം ചെയ്ത കലാമേള നഗർ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.

വിശ്വ മഹാകവി വില്യം ഷേക്‌സ്‌പിയറിന്റെ ജന്മനാട്ടിൽ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, അർദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങൾ വന്നപ്പോൾ മിഡ്‌ലാൻഡ്‌സ് റീജിയൺ ഒരിക്കൽക്കൂടി ദേശീയ ജേതാക്കളായി.

ഹെയർഫീൽഡിൽ അരങ്ങൊരുക്കി സൗത്ത് ഈസ്റ്റ് റീജിയൺ

ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. ഇദംപ്രഥമമായി ലണ്ടനിൽ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ഏറെ ശ്രദ്ധ ആകർഷിക്കപ്പെട്ട ഒന്നായിരുന്നു. അസോസിയേഷൻ ഓഫ് സ്‌ലോ മലയാളീസിന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള അണിയിച്ചൊരുക്കിയത്.

മത്സരങ്ങളുടെ സമയക്രമങ്ങളും മുൻഗണനാ ക്രമങ്ങളും പുനർ നിർണ്ണയിച്ചുകൊണ്ട്, നാല് വേദികൾക്ക് പകരം അഞ്ച് വേദികളിൽ ഒരേസമയം മത്സരങ്ങൾ നടത്താനായത് എട്ടാമത് ദേശീയ മേളയുടെ ഒരു സവിശേഷതയായി.

മലയാളത്തിന്റെ മികച്ച ജനപ്രിയ നടനായ, അന്തരിച്ച കലാഭവൻ മണിയുടെ പേരിൽ നാമകരണം ചെയ്ത കലാമേള നഗരിയിൽ രാവിലെ ഒൻപത്‌ മണിമുതൽ ആരംഭിച്ച ജനപ്രവാഹം അർധരാത്രിക്ക് ശേഷവും സജീവമായിരുന്നു.

2017 ഒക്റ്റോബർ 28 ശനിയാഴ്ച നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡ് അക്കാഡമിയിൽ ചരിത്രം വഴിമാറുമോ എന്ന ആകാംക്ഷയിലായിരുന്ന കലാസ്നേഹികളെ നിരാശരാക്കാതെ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് വിജയികളായി.

പത്താം സ്ഥാപക വാർഷികത്തിലെ ഐതിഹാസിക കലാമേളക്ക് ആതിഥേയത്വം വഹിക്കാൻ ഷെഫീൽഡ്

യുക്മ രൂപംകൊണ്ടതിന്റെ പത്താം വാർഷികം ആചരിക്കപ്പെടുന്ന ചരിത്രദശയിൽ നടക്കുന്ന ദേശീയ കലാമേള എന്ന ഖ്യാതി സ്വന്തമാക്കിയാണ് 2018 ലെ യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് നടന്ന് കയറുന്നത്‌. ശനിയാഴ്ച നടക്കുന്ന ഒൻപതാമത് യുക്മ ദേശീയ കലാമേള യുക്മ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയന്റെയും ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്.

ആകസ്മികമായി മരണമടഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് "ബാലഭാസ്‌ക്കർ നഗർ" എന്ന് നാമകരണം ചെയ്ത പെനിസ്റ്റൺ ഗ്രാമർ സ്കൂളിൽ അഞ്ച് വേദികളിലായി ദേശീയ കലാമേള അരങ്ങേറും. യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി റീജിയണൽ - ദേശീയ കലാമേളകളിൽ പൂർണമായും കുറ്റമറ്റരീതിയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം വിജയകരമായി ഏർപ്പെടുത്തി എന്നതും ഒൻപതാം യുക്മ കലാമേളയുടെ സവിശേഷതയാകുന്നു.

ശനിയാഴ്ച അർദ്ധരാത്രി കഴിയുമ്പോൾ പെനിസ്റ്റൺ സ്കൂളിൽ തിങ്ങിനിറയുന്ന പുരുഷാരത്തെ സാക്ഷിയാക്കി ദേശീയ കലാമേള വിജയികളാരെന്ന് പ്രഖ്യാപിക്കപ്പെടും. കഴിഞ്ഞ വർഷത്തെ ഹാട്രിക് വിജയികളായ മിഡ്‌ലാൻഡ്‌സ് തുടർച്ചയായ നാലാം കിരീടം നേടുമോ എന്നാണ് യു കെ മലയാളിസമൂഹം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അതോ ഈസ്റ്റ് ആംഗ്ലിയ കരുത്ത് തെളിയിച്ചു മുന്നിലെത്തുമോ?

മേളയിലെ ഈ വർഷത്തെ കറുത്ത കുതിരകളാകാൻ സൗത്ത് വെസ്റ്റ്, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണുകൾ കഠിന പരിശീലനത്തിലാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് കിരീടം നേടാൻ നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയനുകൾക്ക് കഴിയുമോ? തങ്ങളുടെ പ്രഥമ ദേശീയ മേളയിൽ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയണ്‍ നിറസാന്നിധ്യം ആകുമോ?

കാത്തിരിപ്പിന് ഇനി രണ്ടേ രണ്ടു നാളുകൾ കൂടി മാത്രം. ആകാംക്ഷയുടെ പൂത്തിരി മേളത്തിലേക്ക് എല്ലാ യു കെ മലയാളികൾക്കും സ്വാഗതം. ദേശീയ കലാമേള നടക്കുന്ന വേദിയുടെ വിലാസം താഴെക്കൊടുക്കുന്നു:

Penistone Grammar School, Huddersfield Road, Penistone, Sheffield - S36 7BX

Advertisment