Advertisment

യുക്മ ദേശീയ കായിക മാമാങ്കത്തിന് ഇനി രണ്ടാഴ്ചകൾ കൂടി മാത്രം. റീജിയണൽ കായികമേളകൾ ജൂൺ ഒന്നിനും എട്ടിനുമായി വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയാവും. ട്രാക്കിലും ഫീൽഡിലുമായി നൂറുകണക്കിന് കായിക പ്രതിഭകൾ ഏറ്റുമുട്ടും

New Update

മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിന് വീണ്ടും അരങ്ങുണരുകയായി. യുക്മ ദേശീയ കായികമേള ജൂൺ 15 ശനിയാഴ്ച യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടൻ കോൾഡ്‌ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്ററിൽ നടക്കുകയാണ്. തുടർച്ചയായ ഒൻപതാം തവണയാണ് വിൻഡ്‌ലി ലെഷർ സെന്റർ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.

Advertisment

റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.

publive-image

റീജിയണൽ കായികമേളകൾക്ക് തുടിയുണർത്തിക്കൊണ്ട് ഇന്ന്, ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയന്റെയും യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയന്റെയും കായികമേളകൾ സംഘടിപ്പിക്കപ്പെടുന്നു. ലിവർപൂളിൽ നടക്കുന്ന നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. യോർക്‌ഷെയർ റീജിയണൽ കായികമേള ലീഡ്‌സിൽ നടക്കും.

ജൂൺ എട്ട് ശനിയാഴ്ച മൂന്ന് റീജിയണുകളാണ് കായികമേളകൾ പ്രഖ്യാപിച്ചു മുന്നോട്ട് വന്നിരിക്കുന്നത്. ഒരുപക്ഷേ 2019 ജൂൺ എട്ട് ശനി യുക്മ റീജിയണൽ കായികമേളകളുടെ ചരിത്രത്തിൽ ശ്രദ്ധേയമായ ഒരുദിനം ആയി മാറുകയാവാം.

സൗത്ത് ഈസ്റ്റ് റീജിയൺ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ, സൗത്ത് വെസ്റ്റ് റീജിയൺ എന്നിവയാണ് ജൂൺ എട്ടിനെ ഹാട്രിക് മേളാ ദിനമാക്കികൊണ്ട് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വരുന്നത്. സൗത്ത് ഈസ്റ്റ് റീജിയണൽ കായികമേളക്ക് ഹേവാർഡ്‌സ് ഹീത്ത് വേദിയൊരുക്കുമ്പോൾ, മിഡ്‌ലാൻഡ്‌സ് റീജിയണൽ കായികമേള റെഡിച്ചിൽ നടക്കും. ആൻഡോവറിലാണ് സൗത്ത് വെസ്റ്റ് കായികമേള അരങ്ങേറുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനും ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ജനറൽ കൺവീനറുമായുള്ള സമിതി റീജിയണൽ-ദേശീയതല കായിക മേളകളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി വരുന്നു.

ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന സജീവ്, വിവിധ റീജിയണൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ കായികമേളകൾ വൻവിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്.

ജൂൺ പതിനഞ്ചിന് മുൻപ് റീജിയണൽ കായികമേളകൾ പൂർത്തിയാക്കുവാൻ കഴിയാതെവരുന്ന റീജിയനുകളിലെ കായിക പ്രതിഭകൾക്കും ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള അവസരം ക്രമീകരിക്കുന്നതാണെന്ന് ദേശീയ നിർവാഹക സമിതി അറിയിച്ചു.

Advertisment