യുക്മ നാഷണൽ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങൾ ജനുവരി 19ന് മാഞ്ചസ്റ്ററിൽ

സജീഷ് ടോം (യുക്മ പി.ആർ.ഒ.)
Thursday, November 8, 2018

മൂന്നാമത് യുക്മ ദേശീയ കുടുംബ സംഗമം ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിൻഷോ ഫോറം സെന്റ്ററിൽ നടക്കും. പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന ദേശീയ കമ്മറ്റിയുടെ അവസാനത്തെ പൊതുപരിപാടിയായ യുക്മ ഫാമിലി ഫെസ്റ്റ്, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ യുക്മ എന്ന ദേശീയ പ്രസ്ഥാനവുമായി സഹകരിച്ചു പ്രവർത്തിച്ച എല്ലാ യുക്മ കുടുംബാംഗങ്ങളും ഒത്തുചേരുന്ന ആകർഷകമായ മുഴുദിന പരിപാടിയായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മികച്ച യുക്മ റീജിയണുകൾ, 120 അംഗ അസോസിയേഷനുകളിൽനിന്നുള്ള കേമന്മാരായ അസോസിയേഷനുകൾ, എ – ലെവൽ, ജി സി എസ് ഇ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മിടുക്കരായ മലയാളി വിദ്യാർത്ഥികൾ, യു കെ പൊതു സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തികൾ തുടങ്ങി നിരവധി പ്രതിഭകളെ ആദരിക്കാനുള്ള വേദികൂടിയാകും യുക്മ ഫെസ്റ്റ് 2019. യുക്മ കലാമേളകളിലെ വിജയികളുടെ കലാപ്രകടനങ്ങൾ, മാജിക് ഷോ എന്നിങ്ങനെ നിരവധിയായ കലാപരിപാടികൾ യുക്മ ഫെസ്റ്റിന് മാറ്റുകൂട്ടും.

വിഥിൻഷോ ഫോറം സെൻററിൽ രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ ദേശീയ – റീജിയണൽ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഇടവേളകളില്ലാതെ അവാർഡ് ദാനങ്ങളും, കലാപരിപാടികളുമായി രാത്രി 10 മണിവരെ നടക്കുന്ന “നോൺ സ്റ്റോപ്പ് പ്രോഗ്രാ”മുകൾ, മാഞ്ചസ്റ്റർ കണ്ടിട്ടുള്ളതിൽവച്ചു ഏറ്റവും ആകർഷകമായ മലയാളി പരിപാടികളിൽ ഒന്നായി യുക്മ ദേശീയ കുടുംബ സംഗമത്തെ മാറ്റും എന്നതിൽ സംശയമില്ല. യുക്മയുടെ മെഗാ സമ്മാന പദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും യുക്മ ഫെസ്റ്റ് വേദിയിൽ നടക്കും.

യുക്മ ഫെസ്റ്റിനെക്കുറിച്ചുള്ള വിശദമായ ആലോചനകൾക്കായി നവംബർ 10 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് യുക്മ പ്രസിഡൻറ് മാമ്മൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ വിഥിൻഷോ വുഡ് ഹൗസ് പാർക്ക് ലൈഫ് സ്റ്റൈൽ സെന്ററിൽ ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. യുക്മ നാഷണൽ, റീജിയണൽ ഭാരവാഹികളും, നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള അസോസിയേഷൻ ഭാരവാഹികളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കും.

ദേശീയ യുക്മ ഫെസ്റ്റ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ജനറൽ കൺവീനർ അലക്സ് വർഗീസുമായി ബന്ധപ്പെടേണ്ടതാണ് (07985641921). യുക്മ ഫെസ്റ്റിന്റെ വിജയത്തിനായി എല്ലാ യു കെ മലയാളികളുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.

×