വയലിൻ തന്ത്രികളിൽ ആത്മരാഗം മീട്ടി സ്മൃതികളിൽ മറഞ്ഞ ബാലഭാസ്‌ക്കർക്ക് യുക്മയുടെ പ്രണാമം. 2018 ലെ ദേശീയ കലാമേള ‘ബാലഭാസ്‌ക്കർ നഗറി’ൽ

സജീഷ് ടോം (യുക്മ പി.ആർ.ഒ.)
Thursday, October 11, 2018

നസിന്റെ തന്ത്രികളിൽ തീവ്രരാഗങ്ങളുടെ ശ്രുതിമീട്ടി സംഗീതത്തിന്റെ പൂക്കാലം തീർത്ത ബാലഭാസ്‌ക്കർ മരിക്കാത്ത ഓർമ്മയായി, ഒരു നൊമ്പരകാറ്റായി സ്മൃതികളിലേക്ക് മറഞ്ഞത് ഏതാനും ദിനങ്ങൾ മാത്രം മുൻപ്.

ഇത് ഈ ഒക്റ്റോബറിന് മറക്കാനാവാത്ത ദുഃഖം. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാൻ മടിച്ചുനിൽക്കുന്ന യുവ സംഗീത പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് 2018 യുക്മ ദേശീയ കലാമേള നഗരിക്ക് “ബാലഭാസ്‌ക്കർ നഗർ” എന്ന് യുക്മ ദേശീയ കമ്മറ്റി നാമകരണം ചെയ്യുകയാണ്.

മുൻ വർഷങ്ങളിലേത്പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. അഞ്ചോളം പേരുകളാണ് ഇത്തരത്തിൽ ലഭിച്ചത്. അതിൽനിന്നും ഒരു പേര് തെരഞ്ഞെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ബാലഭാസ്‌ക്കറുടെ ആകസ്മികമായ വേർപാട് ലോക മലയാളി സമൂഹത്തെ തേടിയെത്തിയത്.

ഇക്കഴിഞ്ഞ നാളുകളിൽ കലാ – സാംസ്ക്കാരിക രംഗത്തെ പ്രിയപ്പെട്ട പലരും നമ്മെ വിട്ടു പിരിയുകയുണ്ടായെങ്കിലും ബാലഭാസ്‌ക്കറെന്ന അതുല്യ പ്രതിഭയുടെ വേർപാടിന് തുല്യംവക്കാൻ മറ്റൊന്നില്ലായിരുന്നു എന്നത് നൊമ്പരപ്പെടുത്തുന്ന ഒരു സത്യം മാത്രം.

ബാലഭാസ്‌ക്കറുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേരിൽ യുക്മ ദേശീയ കലാമേള നഗർ അറിയപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറോളം സന്ദേശങ്ങളാണ് യുക്മ സ്നേഹികളിൽനിന്നും യു കെ മലയാളി പൊതുസമൂഹത്തിൽനിന്നും യുക്മ ദേശീയ കമ്മറ്റിക്ക് ലഭിച്ചത്. രണ്ടാമതൊന്നാലോചിക്കാതെ, ബാലഭാസ്‌ക്കറെന്ന വയലിൻ മാന്ത്രികന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, 2018 ദേശീയ കലാമേള നഗറിന് “ബാലഭാസ്‌ക്കർ നഗർ” എന്ന് യുക്മ ദേശീയകമ്മറ്റി ഐകകണ്ഠേനെ നാമകരണം ചെയ്തു.

മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും.

അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ ദക്ഷിണാമൂർത്തി സ്വാമികളും എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ.എൻ.വി.കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടൻ കലാഭവൻ മണിയുമെല്ലാം അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു

സൗത്ത് യോർക്‌ഷെയറിലെ ഷെഫീൽഡിൽ ആണ് ഒൻപതാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. ഒക്റ്റോബർ 27 ശനിയാഴ്ച പെനിസ്റ്റൺ ഗ്രാമർ സ്കൂളിലെ “ബാലഭാസ്‌ക്കർ നഗറി”ൽ നടക്കുന്ന ദേശീയ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗീസ്, ട്രഷറർ അലക്സ് വർഗീസ്, ദേശീയ കലാമേള കൺവീനർ ഓസ്റ്റിൻ അഗസ്റ്റിൻ എന്നിവർ അറിയിച്ചു.

യുക്മ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയന്റെയും ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് 2018 ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്. കലാമേള നഗറിന്റെ വിലാസം താഴെക്കൊടുക്കുന്നു;

പെനിസ്റ്റൺ ഗ്രാമർ സ്കൂൾ, ഹഡർസ്‌ഫീൽഡ് റോഡ് , പെനിസ്റ്റൺ, ഷെഫീൽഡ് – S36 7BX

×