Advertisment

യുക്മ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ മ്യൂസിക്കൽ റിയാലിറ്റി ഷോ ഓഡിഷൻ പൂർത്തിയായി. ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന് ബർമിംഗ്ഹാമിൽ

New Update

യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ, മാഗ്‌നവിഷൻ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ "യുക്മ - മാഗ്‌നവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂണിയർ" ന്റെ ഓഡിഷൻ വിജയകരമായി സമാപിച്ചു.

Advertisment

ഇംഗ്ലണ്ടിൽനിന്നും സ്കോട്ട്ലൻഡിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നുമായി അൻപതോളം അപേക്ഷകരാണ് ഓഡിഷനിൽ മാറ്റുരച്ചത്.

publive-image

യുക്മ സ്റ്റാർസിംഗറിന്റെ ആദ്യ മൂന്ന് സീസണുകളിൽനിന്നും വ്യത്യസ്തമായി, എട്ട് വയസ്സിനും പതിനാറ് വയസ്സിനും മധ്യേ പ്രായമുള്ള പുതുതലമുറക്ക് വേണ്ടിയാണ് സീസൺ 4 വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സംഗീതാഭിരുചിയുള്ള നിരവധി കുട്ടികളാണ് ഓഡിഷനിലേക്ക് എത്തിച്ചേർന്നത്.

കൃത്യമായ വിശകലനത്തിനും വിലയിരുത്തലിനും ശേഷം ഇരുപത്തി അഞ്ച് കുരുന്ന് ഗായകരാണ് ആദ്യ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹത നേടിയിരിക്കുന്നതെന്ന് സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സെബാസ്ററ്യൻ മുത്തുപാറകുന്നേൽ അറിയിച്ചു.

ജൂലൈ മാസം ആദ്യ വാരംകൊണ്ട് പൂർത്തിയാകുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഓഡിഷൻ മുതൽ എല്ലാ ഗാനങ്ങളും മാഗ്‌നവിഷൻ ടി വി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. യുക്മയുടെ കലാ - സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ മേൽനോട്ടത്തിലായിരിക്കും സീസൺ 4 ജൂണിയർ അണിയിച്ചൊരുക്കുന്നത്.

2014 ൽ ആയിരുന്നു യു കെ മലയാളികൾക്കിടയിലെ ആദ്യ മ്യൂസിക്കൽ റിയാലിറ്റി ഷോ യുക്മ അവതരിപ്പിച്ചത്. ആദ്യ സ്റ്റാർ സിംഗർ പരമ്പരക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ഗ്രാൻഡ്‌ഫിനാലെ പദ്മശ്രീ കെ എസ് ചിത്ര പ്രധാന വിധികർത്താവായി പങ്കെടുത്തു എന്ന വലിയ സവിശേഷത കൊണ്ട് ഇന്നും അവിസ്മരണീയമായി നിലകൊള്ളുന്നു.

2016 നടന്ന യുക്മ സ്റ്റാർ സിംഗറിന്റെ രണ്ടാം പരമ്പര ആയിരുന്നു ഏറെ ശ്രദ്ധേയമായത്. നടനും നർത്തകനുമായ വിനീത് ഉദ്ഘാടനം ചെയ്ത രണ്ടാം പരമ്പരയുടെ ഗ്രാൻഡ്‌ഫിനാലെയിൽ മുഖ്യാതിഥി ആയെത്തിയത് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ആയിരുന്നു.

ഏറെ പുതുമകളുമായി എത്തിയ മൂന്നാം സംഗീത പരമ്പരയിലേക്ക് റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽനിന്നും സ്വിറ്റ്സർലണ്ടിൽനിന്നുമുള്ള മത്സരാർത്ഥികൽ കൂടി എത്തിയപ്പോൾ, യുക്മ സ്റ്റാർ സിംഗർ യൂറോപ്യൻ പ്രവാസി മലയാളികളുടെ സംഗീത യാത്രയായി മാറി.

തന്റെ സിനിമാ സംഗീത ജിവിതത്തിന്റെ മുപ്പത്തിഅഞ്ചാം വാർഷികം ആഘോഷിക്കാൻ എത്തിയ മലയാളികളുടെ സ്വന്തം ജി വേണുഗോപാൽ ഗ്രാൻഡ്‌ഫിനാലെ വേദിയെ ധന്യമാക്കി.

പ്രവാസി മലയാളി സമൂഹത്തിലെ ഗായകർക്ക് കേരളത്തിൽ ആയിരിക്കുമ്പോൾ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ് യുക്മ സ്റ്റാർ സിംഗറിന്റെ ഏറ്റവും വലിയ സവിശേഷത.

ജനുവരി 18 ശനിയാഴ്ച ബർമിംഗ്ഹാമിനടുത്തുള്ള വൂൾഹറാംപ്റ്റണിലെ യു കെ കെ സി എ ആസ്ഥാനമന്ദിരത്തിൽ വച്ച് നടക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളിലേക്ക് യോഗ്യത നേടിയ കുരുന്നു ഗായക പ്രതിഭകളും രക്ഷിതാക്കളും തീവ്രമായ തയ്യാറെടുപ്പുകളിലാണ്.

യുക്മ സ്റ്റാർസിംഗർ സീസൺ 4 ജൂണിയർ ആദ്യ റൗണ്ട് മത്സരങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ നിർവാഹക സമിതിയും, യുക്മ സാംസ്ക്കാരികസമിതി നേതൃത്വവും മാഗ്‌നവിഷൻ ടി വി ഡയറക്റ്റർ ബോർഡും അറിയിച്ചു.

Advertisment