Advertisment

യുക്മ ദേശീയ പ്രവർത്തനവർഷ ഉദ്ഘാടനം പ്രൗഢഗംഭീരമായി സമാപിച്ചു: ദേശീയ നേതൃത്വ സമ്മേളനം സൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി

New Update

യുക്മ പുതു ദേശീയ നേതൃത്വത്തിന്റെ 2019 പ്രവർത്തന വർഷ ഉദ്ഘാടനം വെസ്റ്റ് മിഡ്‌ലാൻഡ്‌ലിലെ വാൽസാൽ റോയൽ ഹോട്ടലിൽ നടന്നു. യുക്മ ദേശീയ - റീജിയണൽ ഭാരവാഹികളുടെയും പുനഃസംഘടിപ്പിക്കപ്പെട്ട പോഷക സംഘടനാ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു.

Advertisment

ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ വരുംനാളുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മ പരിപാടികളെ ക്കുറിച്ചുള്ള വിശദമായ ചർച്ചകൾ നടന്നു.

publive-image

2019 പ്രവർത്തനവർഷത്തിൽ ഏറെ പ്രതീക്ഷയോടെ വിഭാവനം ചെയ്യുന്ന യുക്മ യൂത്ത് & വിമൻസ് ഫോറത്തിന്റെ ചുമതലയുള്ള ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, സെലീന സജീവ് എന്നിവർ യുവാക്കൾക്കും വനിതകൾക്കുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തന മേഖലകളെക്കുറിച്ച് വിശദമായ രൂപരേഖ അവതരിപ്പിച്ചു.

യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെയും വനിതകളെയും പങ്കെടുപ്പിച്ചു കൊണ്ട് ദേശീയ തലത്തിലും, വിവിധ മേഖലകളായും സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പരിപാടികൾ, എട്ട് വയസ്സ് മുതൽ എ-ലെവൽ വരെയുള്ള വിദ്യാർത്ഥികൾക്കായുള്ള വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, കമ്യൂണിറ്റി ബോധവൽക്കണം, യു കെ സിവിൽ സർവ്വീസ് ക്ലാസ്സുകൾ, മുൻ വർഷങ്ങളിലെപ്പോലെ ദേശീയ തല മാത്തമാറ്റിക്സ് ചലഞ്ച് പരീക്ഷകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള പദ്ധതികൾ ദേശീയ നേതൃ സമ്മേളനം ചർച്ചചെയ്തു.

തുടർന്ന് യുക്മ യു-ഗ്രാൻറിന്റെ ചുമതലയുള്ള ദേശീയ ട്രഷറർ അനീഷ് ജോൺ ഈ വർഷത്തെ യു-ഗ്രാന്റ് പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചു. ഏറ്റവും കൂടുതൽ ടിക്കറ്റ് വില്പന നടത്തുന്ന റീജിയണ് ഇദംപ്രഥമമായി ക്യാഷ് അവാർഡ് കൊടുക്കുവാനുള്ള തീരുമാനം ദേശീയ നേതൃത്വ സമ്മേളനം ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

publive-image

യുക്മ ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ടൂറിസത്തിന്റെ കീഴിൽ യുകെയിലെ വിവിധ സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് കൾച്ചറൽ എക്‌സ്ചേഞ്ച് പ്രോഗ്രാം വിപുലമായ രീതിയിൽ നടത്തുന്നതാണെന്ന് അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും യുക്മ വള്ളംകളിയുടെ ജനറൽ കൺവീനർ ആയിരുന്ന എബി, മുൻ വർഷങ്ങളിലേതു പോലെ തന്നെ ഈ വർഷവും സമ്മർ അവധിക്കാലത്ത് ജലോത്സവം സംഘടപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് യുക്മ ദേശീയ കമ്മറ്റി മുന്നോട്ടുപോകുന്നതെന്ന് സമ്മേളനത്തിൽ സൂചിപ്പിച്ചു.

ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനെക്കുറിച്ചു ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസും, നഴ്സസ് ഫോറത്തെ സംബന്ധിച്ച് ജയകുമാർ നായരും "ജ്വാല" ഇ-മാഗസിനെ പ്രതിനിധീകരിച്ചു എഡിറ്റോറിയൽ ബോർഡ് അംഗം മോനി ഷിജോയും സംസാരിച്ചു. കായിക മേളയെക്കുറിച്ചും നാഷണൽ കായിക മേളയിൽ റീജിയണുകളിൽനിന്നുമുള്ള പ്രാതിനിധ്യം സംബന്ധിച്ചും സ്പോർട്സിന്റെ ചുമതലയുള്ള ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് സംസാരിച്ചു.

യുക്മ നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ സജീഷ് ടോം യുക്മ വാർത്തകൾ കൂടുതൽ യു കെ മലയാളികളിലേക്ക് എത്തിക്കുവാൻ സമ്മേളന പ്രതിനിധികളോട് അഭ്യർത്ഥിച്ചു.

publive-image

യുക്മന്യൂസിനെ പ്രതിനിധീകരിച്ച് ചീഫ് എഡിറ്റർ സുജു ജോസഫ്, ഉപദേശ സമിതിയംഗങ്ങളും മുൻ ദേശീയ പ്രസിഡൻറുമാരുമായ വർഗ്ഗീസ് ജോൺ, വിജി കെ പി, യുക്മ സാംസ്കാരിക വേദി മുൻ വൈസ് ചെയർമാൻ സി എ ജോസഫ്, യുക്മ പ്രഥമ ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കെ ഡി ഷാജിമോൻ തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സമ്മേളന പ്രതിനിധികൾ തികച്ചും പ്രൊഫഷണലിസം പാലിച്ചുകൊണ്ട്‌ വിവിധ വിഷയങ്ങളിൽ യുക്മയുടെ വളർച്ചക്ക് സഹായകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുകയുണ്ടായി. മിഡ്‌ലാൻഡ്‌സ് റീജിയൺ നാഷണൽ കമ്മിറ്റിയംഗം സന്തോഷ് തോമസ് നേതൃത്വ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.

നേതൃത്വ സമ്മേളനത്തിനും പ്രവർത്തനവർഷ ഉദ്ഘാടനത്തിനും മുന്നോടിയായി ദേശീയ നിർവാഹക സമിതിയുടെ യോഗം രാവിലെ ചേരുകയുണ്ടായി. പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേശീയ ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളുമായ അലക്സ് വർഗീസ്, അനീഷ് ജോൺ, എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, സെലീന സജീവ്, ടിറ്റോ തോമസ്, ഡോക്റ്റർ ബിജു പെരിങ്ങത്തറ, സന്തോഷ് തോമസ്, വർഗീസ് ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment