Advertisment

യുക്മ കലാമേള 2018 - റീജിയണൽ കലാമേളകൾക്ക് ആവേശപ്പൂത്തിരി കത്തിച്ച പരിസമാപ്തി: ഇനി എല്ലാ കണ്ണുകളും ഷെഫീൽഡിലേക്ക്

New Update

ൻപതാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടന്ന റീജിയണൽ കലാമേളകൾക്ക് ആവേശോജ്വലമായ പരിസമാപ്തി. ഈ വരുന്ന ശനിയാഴ്ച സൗത്ത് യോർക്ക് ഷെയറിലെ ഷെഫീൽഡിൽ നടക്കുന്ന ദേശീയ കലാമേളയിൽ ആരൊക്കെ തമ്മിലാവും ഏറ്റുമുട്ടുന്നതെന്ന ചിത്രം കൂടുതൽ വ്യക്തമായിക്കഴിഞ്ഞു.

Advertisment

യുക്മയുടെ എക്കാലത്തെയും കരുത്തരായ ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണുകളും നവാഗതരായ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയണും തങ്ങളുടെ മേഖലാ കലാമേളകൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. റീജിയണൽ കലാമേളകൾ തീർത്ത ആവേശം ഷെഫീൽഡ് ദേശീയ കലാമേളയെ യുക്മയുടെ എക്കാലത്തെയും മികച്ച ദേശീയ മേളകളിൽ ഒന്നായിമാറ്റും എന്നുറപ്പിച്ചു പറയാനാവും.

publive-image

ബാസിൽഡണിൽ നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന റീജിയണൽ കലാമേളകളിൽ ഒന്നായിരുന്നു. നോർവിച്ച് അസോസിയേഷൻ ഓഫ് മലയാളീസ് തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻപട്ടം നിലനിറുത്തി.

പ്രഥമ റീജിയണൽ കലാമേളയിൽ ചാമ്പ്യൻമാരായ സൗത്തെൻഡ് മലയാളീ അസോസിയേഷൻ, കേംബ്രിഡ്ജ് മലയാളീ അസോസിയേഷനെ പിന്നിലാക്കി ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി. ദേശീയ ചാമ്പ്യൻ റീജിയണെ കണ്ടെത്താനുള്ള കലാശ പോരാട്ടത്തിൽ എന്തുകൊണ്ടും മുന്നണിയിലായിരിക്കും ഈസ്റ്റ് ആംഗ്ലിയായുടെ സ്ഥാനം എന്നതിൽ യാതൊരു സംശയവുമില്ല.

യുക്മ ദേശീയ കലാമേളയിൽ ഹാട്രിക് ചാമ്പ്യൻമാരായ ചരിത്രം ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണ് മാത്രം സ്വന്തം. തുടർച്ചയായ നാലാം വർഷവും ദേശീയ ചാമ്പ്യൻമാരാകാനുള്ള പടപ്പുറപ്പാടിലാണ് മിഡ്‌ലാൻഡ്‌സ് റീജിയൺ. തുടർച്ചയായ മൂന്നാം തവണയും റീജിയണൽ ചാമ്പ്യന്മാരായ ബർമിംഗ്ഹാം സിറ്റി മലയാളീ കൾച്ചറൽ അസോസിയേഷന്റെയും ഫസ്റ്റ് റണ്ണർ അപ്പ് ആയ സ്റ്റഫോർഡ്ഷയർ മലയാളീ അസോസിയേഷന്റെയും ചിറകിലേറിയാണ് മിഡ്‌ലാൻഡ്‌സ് എത്തുന്നത്.

ദേശീയ കലാമേളകളിലും ഈ രണ്ടു അസോസിയേഷനുകളും ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടിയിട്ടുള്ളവരാണെന്ന് അറിയുമ്പോൾ, മിഡ്‌ലാൻഡ്‌സിന്റെ ആവനാഴിയിൽ കരുതിയിരിക്കുന്ന അസ്ത്രങ്ങളുടെ കരുത്ത് ഊഹിക്കാവുന്നതേയുള്ളൂ.

ഷെഫീൽഡ് ദേശീയ കലാമേളയിൽ കറുത്ത കുതിരകളാകാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന റീജിയനാണ് സൗത്ത് വെസ്റ്റ്. കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻമാരായ ഗ്ലോസ്റ്റർഷെയർ മലയാളീ അസോസിയേഷൻ തുടർച്ചയായ അഞ്ചാം വർഷവും സൗത്ത് വെസ്റ്റ് റീജിയണൽ ചാമ്പ്യന്മാരായി കരുത്ത് തെളിയിച്ചാണ് ഷെഫീൽഡിലേക്കെത്തുന്നത്.

ശക്തരായ വിൽഷെയർ മലയാളീ അസ്സോസിയേഷനെയും സാലിസ്ബറി മലയാളീ അസ്സോസിയേഷനെയും പിന്തള്ളി ഫസ്റ്റ് റണ്ണർഅപ്പ് ആയ എയ്ൽസ്ബറി മലയാളി അസോസിയേഷൻ ഗ്ലോസ്റ്ററിനോട് കൈകോർത്തു ദേശീയ ചാമ്പ്യൻ ട്രോഫി സൗത്ത് വെസ്റ്റിലേക്ക് എത്തിക്കുമോ എന്ന് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

തുല്യ ശക്തരായ മറ്റൊരു റീജിയനാണ് സൗത്ത് ഈസ്റ്റ്. റീജിയണൽ കലാമേളയിൽ ജേതാക്കളായ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്തിന്റെയും ഫസ്റ്റ് റണ്ണർ അപ്പ് ആയ കേരള കൾച്ചറൽ ആൻഡ് വെൽഫയർ അസോസിയേഷൻന്റെയും (ക്രോയ്ഡൻ) കരുത്തിലാണ് സൗത്ത് ഈസ്റ്റ്കാർ ഇത്തവണ ഷെഫീൽഡിൽ എത്തുന്നത്. ദേശീയ കലാമേളകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന റീജിയൺ എന്നനിലയിൽ വിജയ സാധ്യത കൽപ്പിക്കപ്പെടുന്ന റീജിയണുകളിൽ ഒന്നുതന്നെയാണ് സൗത്ത് ഈസ്റ്റും.

ഈ വർഷത്തെ ദേശീയ കലാമേളയുടെ ആതിഥേയ റീജിയണായ യോർക്ക് ഷെയർ ആൻഡ് ഹംബർ ആണ് ഏതു അട്ടിമറിക്കും പ്രാപ്തരായ മറ്റൊരു റീജിയൺ. മുൻ ദേശീയ കലാമേളകളിൽ യോർക്ക് ഷെയറിൽ നിന്നെത്തിയ അസോസിയേഷനുകൾ പല മുൻനിര അസ്സോസിയേഷനുകളെയും അട്ടിമറിച്ചു നേട്ടങ്ങൾ കൊയ്തിട്ടുള്ളതും, ആതിഥേയരെന്ന ആനുകൂല്യവും യോർക്ക് ഷെയർ ആൻഡ് ഹംബറിന് പ്രാമുഖ്യം കല്പിക്കുവാൻ മതിയായ കാരണങ്ങളാകുന്നു.

റീജിയണൽ ചാമ്പ്യന്മാരായ ഈസ്റ്റ് യോർക്ക് ഷെയർ കൾച്ചറൽ അസോസിയേഷൻ (ഹൾ), ഫസ്റ്റ് റണ്ണർ അപ്പ് ആയ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ എന്നിവർ തന്നെയാണ് കരുത്തരായ ടീമുകളെ റീജിണനുവേണ്ടി അണിനിരത്തുന്നത്.

യുക്മ ദേശീയ കലാമേളകളിൽ എന്നും ശ്രദ്ധേയമായ സാന്നിധ്യമാണ് നോർത്ത് വെസ്റ്റ് റീജിയൺ. റീജിയണൽ കലാമേള ജേതാക്കളായ മാഞ്ചെസ്റ്റർ മലയാളി അസോസിയേഷൻ തന്നെയായിരിക്കും ഇത്തവണ നോർത്ത് വെസ്റ്റിന്റെ ആവനാഴിയിലെ പ്രധാന അസ്ത്രം. ഒപ്പം ആദ്യ യുക്മ ദേശീയ കലാമേളയിൽ ചാമ്പ്യൻ അസ്സോസിയേഷനായ മാഞ്ചെസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷനെ പിന്നിലാക്കി ഫസ്റ്റ് റണ്ണറപ്പ് ആയ വാറിംഗ്ടൺ മലയാളി അസോസിയേഷനും മുൻനിരയിലുണ്ട്. എതിരാളികൾക്ക് ഭേദിക്കാൻ ഏറെ പാടുപെടേണ്ടിവരുന്ന 'ത്രയംബകം' തന്നെയായിരിക്കും ഒൻപതാമത് ദേശീയ കലാമേളയിൽ സൗത്ത് വെസ്റ്റ് റീജിയൺ.

യുക്മ ദേശീയ കലാമേളയിൽ നവാഗതരാണ് പുനഃസംഘടിപ്പിക്കപ്പെട്ട നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയൺ. വലിയ അട്ടിമറി സ്വപ്നങ്ങൾ ഒന്നും നെഞ്ചിലേറ്റുന്നില്ലെങ്കിലും, ഒൻപതാമത് യുക്മ ദേശീയ കലാമേളയിൽ ശക്തമായ സാന്നിധ്യമായിരിക്കും ഈ നവാഗത റീജിയൺ എന്നതിൽ സംശയമില്ല. ചിട്ടയായി സംഘടിപ്പിച്ച പ്രഥമ റീജിയണൽ കലാമേളകൊണ്ടുതന്നെ ശ്രദ്ധേയരായ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയന്റെ കരുത്ത് റീജിയണൽ ചാമ്പ്യന്മാരായ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റും (മാൻ), ഫസ്റ്റ് റണ്ണറപ്പ് ആയ ഗ്ലാസ്ഗോ മലയാളി അസ്സോസിയേഷനുമാണ്.

ഒന്നിനൊന്ന് ശക്തരായ ഏഴ് റീജിയണുകൾ ഒപ്പത്തിനൊപ്പം ഏറ്റുമുട്ടുമ്പോൾ ഷെഫീൽഡിൽ തീപ്പൊരി ചിതറും എന്നതിൽ ആർക്കും തർക്കമില്ല. ഓരോ വർഷം കഴിയുംതോറും പ്രതിഭ തെളിയിച്ചുകൊണ്ട് നിരവധി പുതു കലാകാരന്മാരും കലാകാരികളും യുക്മ കലാമേളാവേദികളിൽ വർണ്ണ വിസ്മയം തീർക്കുന്നുവെങ്കിൽ അത് ഓരോ യു കെ മലയാളിയുടെയും മനസിന്റെ നന്മയാണ്; മധുമന്ദഹാസമായ് വിരിയുന്ന മലയാണ്മയുടെ വിജയമാണ്.

ബാലഭാസ്‌ക്കറുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, ഒക്റ്റോബർ 27 ശനിയാഴ്ച സൗത്ത് യോർക്ക് ഷെയറിലെ ഷെഫീൽഡിലുള്ള പെനിസ്റ്റൺ ഗ്രാമർ സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന "ബാലഭാസ്‌ക്കർ നഗറി"ൽ നടക്കുന്ന ഒൻപതാമത് യുക്മ ദേശീയ കലാമേളയിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു. കലാമേള നഗറിന്റെ മേൽവിലാസം താഴെ കൊടുക്കുന്നു:-

Penistone Grammar School, Huddersfield, Penistone, Sheffield - S36 7BX

Advertisment