എയർ ഇന്ത്യയുടെ എന്നത്തേയും കറവ പശുക്കൾ ആണ് വിദേശ ഇന്ത്യക്കാർ;പ്രവാസിയുടെ മൃതദേഹത്തോടെങ്കിലും അർഹമായ ആദരവ് കാണിക്കണം

ഗള്‍ഫ് ഡസ്ക്
Sunday, January 6, 2019

ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയായ എയർ ഇന്ത്യയുടെ എന്നത്തേയും കറവ പശുക്കൾ ആണ് വിദേശ ഇന്ത്യക്കാർ, പ്രത്യേകിച്ച് ഗൾഫുകാർ. പ്രവാസികളുടെ വർഷങ്ങൾ നീണ്ട ആവശ്യമായിരുന്നു

വിദേശത്തു വച്ച് മരണപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുക എന്നത്.

മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിച്ചിരുന്ന അപരിഷ്കൃത രീതി നിർത്തലാക്കി എന്നത് സ്വാഗതാർഹമാണ്, എന്നിരുന്നാലും ഏകീകരിച്ച നിരക്ക് വളരെ കൂടുതലാണ് എന്നതാണ് വാസ്തവം. കുവൈറ്റിൽ നിന്ന് പുതിയ നിരക്ക് അനുസരിച്ചു 12 വയസ്സിനു മുകളിൽ ഉള്ള ആളുകളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് 175 ദിനാർ ആണ് പുതുക്കിയ നിരക്ക്. ഇത് കൂടാതെ, കസ്റ്റംസ്, ഹാൻഡ്ലിങ് ചാർജ് എന്നിവ കൂടി വരുമ്പോൾ മുൻപത്തെ നിരക്കിനേക്കാൾ കൂടുതൽ ആകും.

പ്രവാസികളുടെ തുടർച്ചയായ നിയമയുദ്ധത്തിൽ സുപ്രീം കോടതി ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിരക്ക് ഏകീകരിച്ചു കൊണ്ട് പ്രവാസികളുടെ കണ്ണിൽ പൊടിയിട്ടു കൊണ്ടുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത് നീതീകരിക്കാൻ ആവില്ല.

നമ്മുടെ അയൽരാജ്യങ്ങളിൽ വിദേശത്തു വച്ച് മരണപ്പെടുന്ന സ്വന്തം പൗരന്മാരുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുന്നുണ്ട്.

നാടിനും, വീട്ടുകാർക്കും വേണ്ടി വർഷങ്ങളോളം വിദേശത്തു പണിയെടുത്തു പൊലിയുന്ന പ്രവാസിയുടെ മൃതദേഹത്തോടെങ്കിലും മാറിമാറി വരുന്ന സർക്കാരുകൾ അർഹമായ ആദരവ് കാണിക്കണം.

×