Advertisment

കുവൈറ്റില്‍ പ്രവാസികളുടെ 60 വയസ് കഴിഞ്ഞ മാതാപിതാക്കള്‍ക്കും ഇനി വിസ അനുവദിക്കും. പ്രായപരിധി എടുത്തുകളഞ്ഞ ഉത്തരവ് പ്രാബല്യത്തില്‍ ! 6 രാജ്യങ്ങള്‍ക്ക് മാത്രം വിലക്ക് തുടരും !

New Update

കുവൈറ്റ്:  കുവൈറ്റില്‍ പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് വിസ അനുവദിക്കുന്നതിലുള്ള പ്രായപരിധി ഒഴിവാക്കി.  ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം താമസകാര്യ വകുപ്പ് മേധാവി അബ്ദുള്ള അല്‍ ഹാജരി പുറപ്പെടുവിച്ച ഉത്തരവാണ് നിലവില്‍ വന്നിരിക്കുന്നത്. ഇതോടെ 60 വയസിന് മുകളില്‍ പ്രായമുള്ള മാതാപിതാക്കളെയും ഇനി പ്രവാസികള്‍ക്ക് 1 മാസത്തെ സന്ദര്‍ശക വിസയില്‍ കുവൈറ്റില്‍ എത്തിക്കാനാകും.

Advertisment

publive-image

മുമ്പ് പ്രായമായ മാതാപിതാക്കളെ കുവൈറ്റിലെത്തിച്ച് പ്രവാസികള്‍ അവര്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്നും ഇതുമൂലം രാജ്യത്തിന് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ 60 വയസിനുമേല്‍ പ്രായമുള്ള രക്ഷിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ വിദേശികളുടെ ചികിത്സാ സേവനങ്ങള്‍ക്ക് അടുത്തകാലത്തായി ഫീസ്‌ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് 60 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കുള്ള വിലക്ക് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യ വകുപ്പ് തലവന്മാര്‍ക്ക് കൈമാറിക്കഴിഞ്ഞു.

ഇതോടെ പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് അവര്‍ ഏത് പ്രായക്കാരായാലും ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്താന്‍ കഴിയും. എന്നാല്‍ സിറിയ, പാക്കിസ്ഥാന്‍, ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഈ വിലക്ക് തുടരാനും നിര്‍ദ്ദേശമുണ്ട്.

Advertisment