Advertisment

ബിഡികെ കുവൈത്ത് ചാപ്റ്ററിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം വീണ്ടും

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  സന്നദ്ധ രക്തദാന രംഗത്തെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്ററിന് തൂടർച്ചയായ രണ്ടാം വർഷവും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ്. രക്തദാനപ്രചരണരംഗത്ത് കുവൈത്ത് സമൂഹത്തിൽ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം. ലോകരക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ബിഡികെ കുവൈത്ത് ടീം ആദരിക്കപ്പെട്ടത്.

Advertisment

publive-image

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ഫവാസ് അൽ റിഫായ് യിൽ നിന്നും ബിഡികെ കുവൈത്ത് ടീമിനെ പ്രതിനിധീകരിച്ച് കോർഡിനേറ്റർമാരായ പ്രശാന്ത് കൊയിലാണ്ടി, ശരത് കാട്ടൂർ, രമേശൻ, ജയ് കൃഷ്ണൻ എന്നിവർ പ്രശസ്തിഫലകം ഏറ്റുവാങ്ങി. 2018 – 2019 കാലയളവിൽ ബിഡികെ കുവൈത്ത് ടീം നടത്തിയ പ്രവർത്തനങ്ങളെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. റീം അൽ-റൗദാൻ ചടങ്ങിൽ എടുത്തു പറഞ്ഞു.

publive-image

പ്രസ്തുത കാലയളവിൽ 1400 യൂണിറ്റ് രക്തവും, 200 യൂണിറ്റ് പ്ലേറ്റ്ലറ്റും സെൻട്രൽ ബ്ലഡ് ബാങ്കിലേക്ക് നൽകുവാൻ ബിഡികെ ക്ക് കഴിഞ്ഞിട്ടുണ്ട്. ബ്ലഡ് ബാങ്കിനകത്തും, പുറത്തുമായി 14 രക്തദാനക്യാമ്പുകൾ വിവിധ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പിക്കുവാനും ബിഡികെ ക്ക് കഴിഞ്ഞിട്ടുണ്ട്.

publive-image

ലോക രക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 14 ന് കുവൈത്ത് സെന്റ് ബേസിൽ OCYM ന്റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ അൻപതിലധികം പേർ രക്തം ദാനം ചെയ്തു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം റവ. ഫാദർ മാത്യു എം. മാത്യു രക്തദാനം ചെയ്ത് നിർവ്വഹിച്ചു.

publive-image

ബിഡികെ കുവൈത്ത് അഡ്വൈസറി ബോർഡ് മെമ്പർമാരായ മുരളി എസ്. പണിക്കർ, രാജൻ തോട്ടത്തിൽ, യുവജനപ്രസ്ഥാനം ഭാരവാഹികളായ ജിജി ജോർജ്ജ്, ബിച്ചു സ്റ്റീഫൻ, ജിസു ജോൺ ഐസക്, യാത്ര കൂവൈറ്റ് പ്രസിഡണ്ട് അനിൽ ആനാട് എന്നിവർ രക്തദാതാക്കൾക്ക് ആശംസകൾ നേർന്നു. മനോജ് മാവേലിക്കര സ്വാഗതവും, രമേശൻ നന്ദിയും പറഞ്ഞു.

publive-image

2011 ൽ വിനോദ് ഭാസ്കരൻ എന്ന സാമൂഹ്യ പ്രവർത്തകൻ കേരളത്തിൽ രൂപം നൽകിയ ഈ നവമാധ്യമ കൂട്ടായ്മ; ഇന്ന് സന്നദ്ധ രക്തദാന പ്രചരണപ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ സജീവമാണ്. കുവൈത്തിൽ മാത്രം അൻപതോളം മുഴുവൻ സമയ കോർഡിനേറ്റർമാരും, നാലായിരത്തോളം രജിസ്റ്റർ ചെയ്ത രക്തദാതാക്കളും സേവനത്തിന് സജ്ജരാണ്.

ബിഡികെ കുവൈത്തിന് ലഭിച്ച ഈ അംഗീകാരം കുവൈത്തിലെയും, ബിഡികെ യുടെ മറ്റ് ഘടകങ്ങളിലെയും, എല്ലാ രക്തദാതാക്കൾക്കും രക്തദാന പ്രവർത്തകർക്കുമായി സമർപ്പിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisment