Advertisment

ബിഡികെയും കലികയും സംയുക്ത രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്:   ബിഡികെ കുവൈത്ത് ചാപ്റ്റർ, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മയുടെ പങ്കാളിത്തത്തോടെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ വൈകുന്നേരം ആറ് മണി വരെ സംഘടിപ്പിച്ച ക്യാമ്പിൽ കലികയുടെ പ്രവർത്തകരും, സുഹൃത്തുക്കളുമായ അൻപതിലധികം പേർ രക്തദാനം ചെയ്തു.

Advertisment

publive-image

കുവൈത്തിലെ പ്രവാസി സമൂഹത്തിൽ തികച്ചും വ്യത്യസ്തചിന്താഗതിക്കാരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് കലിക. ആനുകാലിക പ്രസക്തിയുള്ള വ്യത്യസ്ത വിഷയങ്ങളേക്കുറിച്ച് ചർച്ചാക്ലാസുകളും, സംവാദങ്ങളും സംഘടിപ്പിക്കുകയും, ആധുനികലോകത്ത് ശാസ്ത്രത്തിന്റെ പ്രസക്തിയും, പ്രാധാന്യവും പ്രചരിപ്പിക്കുകയുമാണ് കലികയുടെ പ്രധാന പ്രവർത്തനങ്ങൾ.

മനുഷ്യരാശിയിൽ ഓരോരുത്തരും മെഴുകുതിരികളെപോലെ, മെല്ലെ എരിഞ്ഞടങ്ങുമ്പോഴും സദാ ചുറ്റും ചൂടും പ്രകാശവും പ്രസരിപ്പിച്ചുകൊണ്ടിരിക്കും. അന്യന്റെ ക്ഷേമം അവര്‍ക്ക് ലഹരിയാവും എന്ന ആപ്തവാക്യവുമായാണ് കലിക രക്തദാനക്യാമ്പിൽ പങ്കാളികളായത്.

publive-image

സമൂഹത്തിലെ യാഥാർത്ഥ്യങ്ങൾ കണ്ടില്ല എന്ന് നടിക്കാനാവില്ല എന്നും, മാറ്റത്തിനായി അവനവനാൽ കഴിയുന്ന കാര്യങ്ങൾ സ്വയം അറിഞ്ഞ് ചെയ്താൽ നമ്മുടെ ലോകം കൂടുതൽ സുന്ദരമാകും എന്ന തിരിച്ചറിവോടെയുമാണ് ഓരോ രക്തദാതാവും ഇന്നലെ മടങ്ങിപോയത്.

ക്യാമ്പിൽ പങ്കെടുത്തവർക്ക് നിമിഷ് കാവാലം, രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, മുരളി എസ്. പണിക്കർ എന്നിവർ ആശംസകൾ നേർന്നു. മുനീർ പിസി സ്വാഗതവും, ബഷീർ ചെറുവാടി നന്ദിയും പറഞ്ഞു.

publive-image

രഞ്ജിത് മാസ്റ്റർ, വിനോദ്, രജീഷ് ലാൽ, അരുൺ കുമാർ, രാജേഷ് ആർ. ജെ, മൻസൂർ അലി, ഷാഫി, ശ്രീശങ്കർ, ബാസിത്, ഷഫീഖ്, സതീഷ് ഗോവിന്ദ്, അരുൺ വിജയൻ, ആഷിഷ് ടി. ജോൺ, രമേശൻ ടി. എം, രാഗി, ധന്യ ജയകൃഷ്ണൻ, അനിതാ അനിൽ എന്നിവർ നേതൃത്വം നൽകി.

അടിയന്തര സാഹചര്യങ്ങളിൽ ബ്ലഡ് ബാങ്കുകളിൽ ആവശ്യത്തിനുള്ള രക്തം ഉണ്ട് എന്ന് ഉറപ്പ് വരുത്തുക എന്നതും, സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ പ്രചരിപ്പിക്കുക എന്നതുമാണ് ബിഡികെ കുവൈത്ത് ഈ ക്യാമ്പുകൾ കൊണ്ട് ലക്ഷ്യമിടുന്നത്.

publive-image

ഈ വർഷം ഒക്ടോബർ വരെ സംഘടിപ്പിച്ച 16 ക്യാമ്പുകളിൽ നിന്നായി 1172 യൂണിറ്റ് രക്തം സെൻട്രൽ ബ്ലഡ് ബാങ്കിന് നൽകാനായി. കൂടാതെ അടിയന്തിര സാഹചര്യങ്ങളിലും മറ്റുമായി നിരവധി രോഗികൾക്ക് ആവശ്യമുള്ള രക്തം ക്രമീകരിച്ചു നൽകാനും ബിഡികെ കുവൈത്തിന് കഴിഞ്ഞിട്ടുണ്ട്.

publive-image

ബിഡികെ കുവൈത്തിന്റെ പ്രതിമാസ രക്തദാനപരിപാടികളുടെ ഭാഗമായുള്ള അടുത്ത ക്യാമ്പുകൾ യഥാക്രമം, നവംബർ 1, ഡിസംബർ 6 തീയതികളിൽ ഉച്ചക്ക് ശേഷം 2 മുതൽ വൈകുന്നേരം 6 വരെ ജാബ്രിയ ബ്ലഡ്ബാങ്കിൽ വച്ച് നടക്കും.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധരക്തദാതാക്കളുടെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള, രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാമൂഹ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രചാരണപരിപാടികൾ കുവൈറ്റ് ഉൾപ്പെടെ 10 രാജ്യങ്ങളിൽ സജീവമായി സംഘടിപ്പിക്കുന്നു.

publive-image

സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ബിഡികെ കുവൈത്തിന്റെ രക്തദാനപ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്കും, അടിയന്തിര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവർക്കും ബിഡികെ കുവൈത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment