Advertisment

ബ്രൂവറി, ഡിസ്റ്റിലറി വിഷയത്തില്‍ പ്രവാസ ലോകത്ത് നിന്നുമുള്ള പ്രതികരണങ്ങള്‍

New Update

കുവൈറ്റ്: ബ്രൂവറി, ഡിസ്റ്റിലറി വിഷയത്തില്‍ പ്രവാസ ലോകത്ത് നിന്നും പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗവും ലോക കേരള സഭാംഗങ്ങളും മുന്‍ നോര്‍ക്കാ റൂട്ട് ഡയറക്ടറും മുന്‍ എംഎല്‍എയുമായ പി എം എ സലാമും പ്രതികരിക്കുന്നു.

Advertisment

publive-image

publive-image

പി എം എ സലാം:  പിണറായിയുടെ സ്റ്റാന്‍ലിസത്തിനേറ്റ കടുത്ത പ്രഹരമാണ് പ്രതിപക്ഷ എതിര്‍പ്പുകളെ തുടര്‍ന്ന്‍ പിണറായി ഈ വിഷയത്തില്‍ എടുത്ത തീരുമാനം. ഈ വിഷയത്തിലെ അഴിമതിക്കെതിരെ ശക്തമായ ജനവികാരമാണുണ്ടായത്. ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതില്‍ നിയമന ലംഘനമാണ് നടന്നിരിക്കുന്നത്.

ഹൈക്കോടതിയില്‍ ഇതിനെതിരെ കേസ് നിലവിലുണ്ട്. അതെല്ലാം മറച്ചുവച്ചുകൊണ്ടുള്ള തീരുമാനങ്ങളായിരുന്നു എക്സൈസ് മന്ത്രിയുടെ പക്കല്‍ നിന്നുണ്ടായത്.

സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം എന്ന് പറയുന്ന സി പി എം മതമില്ലെന്നും മതമില്ലാത്ത രക്തമാണ് ഞങ്ങളുടെ സിരകളില്‍ ഓടുന്നതെന്നും വാദിക്കുന്നവരാണ്.  സഖാക്കന്മാരുടെ മക്കളെയും ഭാര്യമാരെയും ശബരിമലയിലേക്ക് മല ചവിട്ടാന്‍ വിടാന്‍ ധൈര്യം ഉണ്ടോ എന്നും വിശ്വാസികളുടെ കാര്യത്തില്‍ വിശ്വാസികള്‍ തീരുമാനം എടുത്തു കൊള്ളാം എന്നും പറഞ്ഞു.

അജിത്‌ വയലാ (പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം): വിവാദങ്ങള്‍ കേരളത്തിന് ഇന്നത്തെ സാഹചര്യത്തില്‍ അനുചിതമാണ്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണമാണ് പ്രഥമ ലക്‌ഷ്യം. അതിന് എല്ലാവരുടെയും സഹായം ആവശ്യമുള്ള അവസരമാണ്. ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി കൊടുത്തതില്‍ തെറ്റില്ലാത്തതുകൊണ്ടാണ് പിന്നീട് അപേക്ഷ ക്ഷണിക്കാമെന്ന തീരുമാനം എടുത്തിരിക്കുന്നത്.

വര്‍ഗീസ്‌ പുതുക്കുളങ്ങര (ലോക കേരള സഭാംഗം): പിണറായി വിജയന്‍റെ ധാര്‍ഷ്ട്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഉജ്ജ്വല വിജയമാണ് ഇന്നുണ്ടായിരിക്കുന്നത്.  ഈ വിഷയത്തിലൂടെ കോണ്‍ഗ്രസിനും യു ഡി എഫിനും പുത്തന്‍ ഉണര്‍വ്വാണുണ്ടായിരിക്കുന്നത്. പ്രളയ൦, ശബരിമല വിഷയത്തിനിടയിലൂടെ ഈ അഴിമതി മുക്കിക്കളയാമെന്നായിരുന്നു സി പി എം വിചാരിച്ചത്. എന്നാല്‍ ആക്ഷേപം ഉന്നയിച്ച നാള്‍ മുതല്‍ രമേശ്‌ ചെന്നിത്തല അഴിമതികള്‍ ഓരോന്നായി അക്കമിട്ട് നിരത്തുകയായിരുന്നു.

സാം പൈനാമൂട് (ലോക കേരള സഭാംഗം): ബ്രൂവറി, ഡിസ്റ്റിലറി വിവാദത്തില്‍ മുഖ്യമന്ത്രിയെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. മഹാ പ്രളയത്തില്‍ അതിജീവനത്തിന്റെ അവസരത്തിലാണ് വിവാദം ഉയര്‍ന്നുവന്നത്.

ഷറഫുദ്ദീന്‍ കണ്ണേത്ത് (ലോക കേരള സഭാംഗം): യു ഡി എഫിന്റെ 2019 ഇലക്ഷന് മുമ്പേ തന്നെ ഒരു വന്‍ വിജയമാണുണ്ടായിരിക്കുന്നത്.  പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ സി  പി എമ്മിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുട്ടുമടക്കിയ കാഴ്ചയാണ് കേരള ജനത ഇന്ന് കണ്ടത്.

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിളനിലമായി എല്‍ ഡി എഫ് മാറിയിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസത്തില്‍ പോലും അതാണ്‌ കാണുന്നത്.

കട്ടെടുത്തിട്ട്, കട്ട മുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ അതും പിടിക്കപ്പെട്ടതിന് ശേഷം കട്ടവന്‍ കള്ളനല്ലാതാകുന്നില്ല. എക്സൈസ് വകുപ്പുമന്ത്രി രാജി വയ്ക്കുക തന്നെ ചെയ്യണം. മുസ്ലീങ്ങളുടെ മത ആചാരങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് സി പി എം തീരുമാനം എടുക്കേണ്ട.

തോമസ്‌ കടവില്‍ (ലോക കേരള സഭാംഗം): മുഖ്യമന്ത്രിയുടെ ഇന്നത്തെ തീരുമാനം താല്‍ക്കാലിക തീരുമാനമായി വേണം കാണാന്‍. കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ വലിയ രചനാത്മകമായ തീരുമാനങ്ങളും സഹകരണവും എല്ലാവരുടെ പക്കല്‍ നിന്നും ഉണ്ടാകേണ്ട സമയമാണ്.  വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല.

ശ്രീംലാല്‍ (ലോക കേരള സഭാംഗം): ഇനിയുള്ള കാലങ്ങളിലെങ്കിലും മുന്നണിയില്‍ കൂട്ടായ ആലോചനകളിലൂടെ തീരുമാനങ്ങള്‍ എടുക്കണമെന്ന് ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളേണ്ടതാണെന്നാണ് പറയാനുള്ളത്.

Advertisment