Advertisment

സഭയിലെ വിമത നീക്കം : കുവൈറ്റിലെ ആദ്യ കുര്‍ബ്ബാന ചടങ്ങുകളിലേയ്ക്കായുള്ള ബിഷപ്പ് മാര്‍ ജോസഫ് പുത്തന്‍വീട്ടിലിന്‍റെ കുവൈറ്റ് യാത്ര റദ്ദാക്കി. തീരുമാനം വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍

author-image
admin
New Update

കൊച്ചി :  ഏപ്രില്‍ രണ്ടാം വാരം കുവൈറ്റിലെ വിവിധ പള്ളികളില്‍ നടത്താനിരുന്ന സീറോമലബാര്‍ സഭാംഗങ്ങളായ കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണ ചടങ്ങുകളില്‍ എറണാകുളം - അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പങ്കെടുക്കില്ല.

Advertisment

അതിരൂപതയിലെ ഭൂമി വിവാദത്തിന്റെ പേരില്‍ കര്‍ദ്ദിനാളിനെതിരെ വിമത നീക്കം നടത്തുന്ന അതിരൂപതയിലെ സഹായ മെത്രാന്മാരുടെയും വൈദികരുടെയും അപക്വമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ രംഗത്ത് വന്നതോടെയാണ് ബിഷപ്പ് കുവൈറ്റ് യാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത് .

publive-image

ആദ്യ കുര്‍ബ്ബാന സ്വീകരണ ചടങ്ങുകളില്‍ മുഖ്യ കാര്‍മ്മികനായി പങ്കെടുക്കുക മാര്‍ ജോസ് പുത്തന്‍വീട്ടിലാണെന്നറിഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ ക്രിസ്തീയമല്ലാത്ത രീതിയില്‍ പെരുമാറുന്ന എറണാകുളത്തെ സഭാ സമൂഹത്തിന്റെ പ്രതിനിധിയായ സഹായ മെത്രാനെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നതിലുള്ള പ്രതിഷേധം സഭാ നേതൃത്വത്തെ അറിയിച്ചിരുന്നു.

ഇതിനായി രക്ഷിതാക്കള്‍ ഒപ്പുശേഖരണവും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിക്ഷേധം മുന്‍കൂട്ടി അറിഞ്ഞ ബിഷപ്പ് താന്‍ സന്ദര്‍ശനം വേണ്ടെന്ന് വയ്ക്കുകയാണെന്ന് കുവൈറ്റിലെ സഭാ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

അതിരൂപതയിലെ പ്രശ്നങ്ങള്‍ ഇത്രയും വഷളാകുന്നതിനു മുമ്പായിരുന്നു കുവൈറ്റിലേക്ക് പുത്തന്‍വീട്ടില്‍ പിതാവിനെ ചടങ്ങുകള്‍ക്കായി ക്ഷണിച്ചിരുന്നത്. എന്നാല്‍ എറണാകുളത്ത് വിമത വൈദികര്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നതോടെ സഭയില്‍ അതിരൂപതാധികൃതര്‍ക്കെതിരെയുള്ള വികാരം ശക്തമാകുകയായിരുന്നു.

ഇതോടെ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ചടങ്ങുകളില്‍ പങ്കെടുത്താല്‍ അത് വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ താന്‍ കുവൈറ്റ് യാത്ര റദ്ദാക്കുകയാണെന്ന് കുവൈറ്റിലേയ്ക്ക് കത്തയക്കുകയായിരുന്നു .

കര്‍ദ്ദിനാളിനെതിരായ വിമത നീക്കങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ പ്രമുഖ ധ്യാന ഗുരുവായ വൈദികനെ പാലാ രൂപതയിലെ തുടങ്ങനാട് സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി ഇന്ന് വിശ്വാസികള്‍ മടക്കി അയച്ചിരുന്നു.

എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത വൈദികന്‍ ഫാ. ജോസഫ് പാറേക്കാട്ടിലിനെയാണ് വിശ്വാസികള്‍ തിരിച്ചയച്ചത്.

“ഞങ്ങള്‍ നന്നായിക്കൊള്ളാ൦. ആദ്യം താന്‍ പോയി നന്നായിട്ട് വാ…” എന്ന് പറഞ്ഞു വിശ്വാസികള്‍ വൈദികനെ തടഞ്ഞുവച്ച് തിരിച്ചയക്കുകയായിരുന്നു.

വാര്‍ഷിക ധ്യാനം തുടങ്ങിയിട്ടും നോട്ടീസില്‍ പേരുള്ള വൈദികനെ വിശ്വാസികള്‍ക്ക് മനസിലായിരുന്നില്ല. ഇതിനിടെയിലാണ് കര്‍ദ്ദിനാളിനെ കള്ളനെന്നും പട്ടിയെന്നും അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫാ. പാറേക്കാട്ടിലിന്‍റെ ശബ്ദരേഖ പുറത്തിറങ്ങുന്നത്. ഇതറിഞ്ഞ വിശ്വാസികള്‍ രാവിലെ വികാരിയെ സമീപിച്ച് പാറേക്കാട്ടിലിനെ ധ്യാന ഗുരുക്കളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

publive-image

എന്നാല്‍ ക്ഷണിച്ചു പോയെന്നും അദ്ദേഹം ഉടനെത്തുമെന്നും അറിയിച്ചതോടെ വിശ്വാസികള്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെയിലാണ് ധ്യാനം നയിക്കാനായി ഫാ. ജോസഫ് പാറേക്കാട്ടില്‍ പള്ളിയിലെത്തിയത്. ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞു. “കഴിഞ്ഞ ദിവസത്തെ ശബ്ദരേഖ തന്റെതല്ലേടോ .. താന്‍ പിന്നെയെന്താടോ ഞങ്ങളെ ഉപദേശിക്കുന്നത്” എന്നൊക്കെയായി വിശ്വാസികള്‍.

“ആദ്യം താന്‍ നന്നായിട്ടുവാ. ഞങ്ങള്‍ അത്രയും പ്രശ്നക്കാരല്ലെ”ന്നായിരുന്നു വിശ്വാസികളുടെ ഉപദേശം. ഇതിനിടെ പാലാ രൂപതാ കാര്യാലയത്തില്‍ നിന്നും വിവരമറിഞ്ഞ രൂപതാ ചാന്‍സലര്‍ പള്ളിയിലേക്ക് വിളിക്കുകയും ഫാ. ജോസഫ് പാറേക്കാട്ടിലിനെ ധ്യാനം നയിക്കാന്‍ അനുവദിക്കേണ്ട, തിരികെ അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പകരം പുതിയ ടീമിനെ രൂപത തുടങ്ങനാട്ടിലേക്ക് നിയോഗിക്കുകയും ചെയ്തു.

Advertisment