Advertisment

കുവൈറ്റിൽ മരിച്ച മലയാളി യുവാവിന്റെയും മകന്റെ മരണവാർത്തയറിഞ്ഞ് നാട്ടിൽ ഹൃദയം തകർന്ന് മരിച്ച മാതാവിന്റെയും സംസ്കാര ചടങ്ങുകൾ നടത്തിയത് കുവൈറ്റിലും നാട്ടിലുമായി ഒരേ സമയത്ത് ! പരസ്പരം കാണാതെ .. ഉരിയാടാതെ ഇരുവരും യാത്രയായ് .. ഓർമ്മയായ് !

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: പരസ്പരം കാണാതെ, ഉരിയാടാൻ കഴിയാതെ ആ അമ്മയും മകനും ഓർമ്മയായി. ഇനി ഓർമ്മകൾ മാത്രം ബാക്കി. മകന്റെ മരണവാർത്തയറിഞ്ഞ് മിനിറ്റുകൾക്കകമാണ് മകനില്ലാത്ത ലോകത്തോട് യാത്രപറഞ്ഞു ഹൃദയം തകർന്ന് അമ്മയുടെ മരണവും.

Advertisment

ഇരുവരുടെയും സംസ്കാരവും കുവൈറ്റിലും നാട്ടിൽ മാവേലിക്കരയിലുമായി ഒരേസമയത്ത് നടത്തി.

publive-image

കുവൈറ്റ് അദാൻ ആശുപത്രിയിൽ നേഴ്സായിരുന്ന മാവേലിക്കര കൊല്ലക്കടവ് കടയലക്കാട് രജ്ജു സിറിയക് (37) ഞായറാഴ്ചയാണ് കുവൈറ്റിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ മരണത്തിന് കീഴടങ്ങിയത്. ഹൃദായാഘാതത്തെ തുടർന്നായിരുന്നു മരണം.

രജ്ജു ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യ ജീന മോണിങ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോയി അധികം വൈകാതെയായിരുന്നു രജ്ജുവിന്റെ മരണം. രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തി ഉറങ്ങാൻ കിടന്ന രജ്ജു പിന്നെ ഉണർന്നില്ല.

വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോൾ മകന്റെ വിയോഗ വാർത്തയുടെ ആഘാതം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മാതാവിന്റെ മരണവും ഹൃദയാഘാതത്തെ തുടർന്നായിരുന്നു.

മകന്റെ മൃതദേഹം പോലും കാണാനാകില്ലെന്നതായിരുന്നു ആ മാതാവിനെ കൂടുതൽ തകർത്തത്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗൺ കാരണം ഇന്ത്യയിൽ വിമാന സർവീസുകൾ മുടങ്ങിയിരിക്കുകയാണ്. കുവൈറ്റിലും സമാന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്.

ദീർഘമായ മരണാനന്തര ചടങ്ങുകൾ പോലും അനുവദനീയമല്ല. ആൾക്കൂട്ടവും അനുവദിച്ചിട്ടില്ല. രാജ്യം മുഴുവൻ വൈകുന്നേരം മുതൽ പുലർച്ചെ വരെ ഭാഗിക കർഫ്യൂ നിലനിൽക്കുകയാണ്.

publive-image

ഈ സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് ഉടനെങ്ങും കൊണ്ടുപോകാൻ കഴിയില്ലെന്നതായിരുന്നു സാഹചര്യം. നാട്ടിലുള്ളവർക്ക് കുവൈറ്റിലെത്തി കുടുംബാംഗത്തിന് അന്ത്യയാത്ര നേരുന്നതിനും കഴിയില്ല.

ഒടുവിൽ അമ്മയുടെയും മകന്റെയും അന്ത്യയാത്ര ഒരേ ദിവസം ഒരേ സമയത്ത് നടത്താൻ കുടുംബാംഗങ്ങൾ തീരുമാനിച്ചു. രണ്ടു ചടങ്ങുകളും ഫെയ്‌സ്ബുക്കിൽ ലൈവായി സംപ്രേഷണം ചെയ്തു. ലൈവ് കണ്ടാണ് രജ്ജുവിനും കുവൈറ്റിലെ സുഹൃത് വലയം അന്ത്യയാത്രാമൊഴി നൽകിയത്.

സുലൈബിഖാത്ത് ശ്‌മശാനത്തിൽ നടന്ന രജ്ജു സിറിയക്കിന്റെ സംസ്കാര ശുശ്രൂഷകൾക്ക് അദ്ദേഹം അംഗമായിരുന്ന അഹമ്മദിയിലെ ചർച്ച് ഓഫ് ഗോഡ് ദൈവസഭ ശുശ്രൂഷകർ നേതൃത്വം നൽകി. രജ്ജുവിന്റെ ഭാര്യ ജീനയും ഏകമകൾ ഇവാൻ ജലീനയും ചടങ്ങുകൾക്ക് സാക്ഷികളായി.

publive-image

പ്രിയതമനെ അകാലത്തിൽ ഈ വിധത്തിൽ യാത്രയാക്കേണ്ടി വന്നതിലുള്ള ദുഃഖം കടിച്ചമർത്തിയാണ് ജീന രജ്ജുവിന് അന്ത്യയാത്രാമൊഴി ഏകിയത്. രജ്ജുവിന്റേയും ജീനയുടെയും ഏറ്റവും അടുത്ത ചില സുഹൃത്തുക്കളെയും സഭാ ശുശ്രൂഷകരെയും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചത്.

കുവൈറ്റിലെ മലയാളി സമൂഹത്തെ സംബന്ധിച്ചും അപൂർവ്വമായ ഒരു ദുഃഖസാഹചര്യവും വേദന നിറഞ്ഞ അനുഭവവുമായിരുന്നു പ്രിയ കൂട്ടുകാരന്റെയും അമ്മയുടെയും അന്ത്യയാത്ര.

corona kuwait
Advertisment