ജനങ്ങള്‍ നല്‍കുന്ന പ്രാധാന്യം അര്‍ഹിക്കുന്നവരല്ല സിനിമാക്കാരെന്ന് സന്തോഷ്‌ പണ്ഡിറ്റ്‌. കൂട്ടത്തിലൊരാള്‍ക്കെതിരെ അക്രമം ഉണ്ടായിട്ട് തിരിഞ്ഞുനോക്കാത്തവരാണ് സിനിമാക്കാരെന്നും പണ്ഡിറ്റ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, August 10, 2018

കുവൈറ്റ്:  ജനങ്ങള്‍ നല്‍കുന്ന അമിതമായ പ്രാധാന്യം അര്‍ഹിക്കുന്നവരല്ല സിനിമാക്കാരെന്ന് സന്തോഷ്‌ പണ്ഡിറ്റ്‌. ജനങ്ങള്‍ സിനിമാക്കാര്‍ക്ക് ദൈവതുല്യമായ പരിഗണനയാണ് നല്‍കുന്നത്. എന്നാല്‍ ഇത് അര്‍ഹിക്കുന്നവരല്ല സിനിമാക്കാര്‍.

ക്യാമറയ്ക്ക് മുന്നില്‍ കാണുന്നവരല്ല യഥാര്‍ത്ഥ ജീവിതത്തില്‍ മിക്കവരും. സ്വന്തം സഹപ്രവര്‍ത്തകയ്ക്കെതിരെ ആക്രമണം ഉണ്ടായിട്ട് പോലും അതിനെതിരെ ശബ്ദിക്കാത്തവരാണ് സിനിമയിലുള്ളത്.  രാജ്യത്ത് ആദരിക്കപ്പെടേണ്ടവര്‍ കര്‍ഷകരും ശാസ്ത്രജ്ഞനും സൈനികരുമാണ്. സാംസ്കാരിക നായകര്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാനെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞു.

കുവൈറ്റില്‍ അത്തൂസ് കിച്ചന്‍ റസ്റ്റോറന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് വ്യത്യസ്തമായ നിലപാടുകള്‍ വ്യക്തമാക്കിയത്.

തന്റെ സിനിമകള്‍ക്ക് സന്ദേശങ്ങളുണ്ടെന്ന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞു. സാഹിത്യവും കലയും ഉണ്ടെന്നു പറയുന്നവരുടെ സിനിമകളില്‍ അതുണ്ടെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമകള്‍ ജനം ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണ് താന്‍ ഇവിടെ വരെ എത്തിച്ചേര്‍ന്നത്. അത് തന്റെ നേട്ടം തന്നെയാണ്.

മലയാളീ ഹൗസ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ അവരുടെ തനി സ്വഭാവം പുറത്തുകൊണ്ടുവരും. ഇന്ന് അത്തരം ഷോകളില്‍ കാണുന്നതും അത് തന്നെയാണ്. മാന്യന്മാരുടെ തനി സ്വരൂപം കാണാന്‍ ഇതുപകരിക്കും. സിനിമ ചെയ്യുമ്പോള്‍ തനിക്ക് പണം കിട്ടുന്നുണ്ട്. കിട്ടുന്നതിന്റെ നല്ലൊരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുമുണ്ട്.

നിലവില്‍ കൊല്ലത്ത് ആദിവാസി കോളനിയില്‍ സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തീകരിച്ചേ ഇനി സിനിമയിലേക്കുള്ളൂ. ഒരു നടി അല്ലെങ്കില്‍ നടന്‍ ആവുക എന്നത് സുഖമുള്ള അനുഭവമാണ്. കാരണം അവര്‍ക്ക് ഒരു ദിവസം നാല് സീനുകളായിരിക്കും ഉണ്ടാകുന്നത്. അതില്‍ തന്നെ എല്ലാ സീനുകളിലും അഭിനയിക്കേണ്ടി വരുന്നുമില്ല.

ബാക്കിയുള്ള സമയം ചിലര്‍ മൊബൈലില്‍ നോക്കിയിരിക്കും. ചിലര്‍ വായില്‍ നോക്കിയിരിക്കും. ചിലര്‍ പഞ്ചാരയടിക്കും. അതേസമയം, ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഈ നാല് സീനിലും സമയം ചിലവിടേണ്ടതായി വരുന്നു. തനിക്ക് ഓടിച്ചാടി നടന്നു ടെന്‍ഷനോടുകൂടി ജോലി ചെയ്യാനാണ് താല്പര്യം – അദ്ദേഹം പറഞ്ഞു.

കുവൈറ്റ് ദജീജ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ്കോര്‍ട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് തുറന്നുകൊടുക്കുന്ന അത്തൂസ് കിച്ചന്‍ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് സന്തോഷ്‌ പണ്ഡിറ്റ് കുവൈറ്റില്‍ എത്തിയത്. ബോളിവുഡ് നടി കിരണ്‍, നടന്‍ ദീപക്, മാനേജിംഗ് ഡയരക്ടര്‍ മുഹമ്മദ്‌ നിസാബ്, റഫീഖ് കല്ലായി, റഹ്മാന്‍, നിഹാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ബോളിവുഡ് താരമായ കിരണും ദീപകും ഉദ്ഘാടന ചടങ്ങില്‍ സന്തോഷ്‌ പണ്ഡിറ്റിനൊപ്പം പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

×